മലപ്പുറം: നിലമ്പൂരിലെ പാരമ്പര്യ വൈദ്യനെ ഒരു വർഷത്തോളം പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഘത്തലവൻ ഷൈബിൻ അഷറഫ് അതിക്രൂരനായ കൊലയാളിയോ? ഇയാൾ മുമ്പും കൊലപാതകങ്ങൾ ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. വൈദ്യനെ കൊലപ്പെടുത്തിയ രീതിയും ആരെയും ഞെട്ടിക്കുന്നതായിരുന്നു. ചങ്ങലക്കിട്ടും പീഡിപ്പിച്ചു ഛിത്രവധം ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. ഇതോടെ സൈക്കോ കില്ലറാണോ അഷ്‌റഫ് എന്നു പോലും സംശയങ്ങൾ ഉയരുകയാണ്. കൊലപാതത്തിന് ശേഷം ശരീരം വെട്ടി മുറിച്ചത് അടക്കം ഇറച്ചിവെട്ടുന്ന കത്തികൊണ്ടായിരുന്നു. കോഴിയെ കൊല്ലുന്ന ലാഘവത്തോടെ കൊലപാതകം നടത്തിയെന്ന് വ്യക്തം. അതുകൊണ്ട് തന്നെയാണ് ഇയാൾ കൂടുതൽ കൊലപാതങ്ങൾ ചെയ്തിരിക്കാം എന്ന നിഗമനവും പുറത്തുവരുന്നത്.

നിലമ്പൂരിൽ വൈദ്യനെ ചങ്ങലിക്കിട്ട് ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതികൾ മറ്റു രണ്ട് കൊലപാതകങ്ങളും ആസൂത്രണം ചെയ്തതായി തെളിവുകളും പുറത്തുവരുന്നുണ്ട്. ആത്മഹത്യയെന്ന തോന്നുന്ന വിധത്തിൽ രണ്ടുപേരെ കൊല്ലുന്നതിനെപ്പറ്റി പദ്ധതിയിട്ട് പ്രിന്റ് ചെയ്തു ഭിത്തിയിൽ ഒട്ടിച്ചു. 2020ൽ അബുദാബിയിലാണ് കൊലപാതകങ്ങൾ നടന്നതെന്ന് സൂചന. സംഘത്തലവൻ ഷൈബിൻ അഷറഫിന്റെ കൂട്ടാളിയായ മുക്കം സ്വദേശി ഹാരിസിനെയും മറ്റൊരു സ്ത്രീയെയും കൊലപ്പെടുത്താനിട്ട പദ്ധതിയെന്നാണ് വിവരം. ഹാരിസ് 2020ൽ അബുദാബിയിൽവെച്ച് കൈമുറിച്ച് ആത്മഹത്യ ചെയ്തതായി ഷൈബിൻ നേരത്തെ പറഞ്ഞിരുന്നു.

കൊലപാതക പദ്ധതിയെപ്പറ്റിയുള്ള വിഡിയോ ചിത്രീകരിച്ചത് പ്രതി നൗഷാദ് ആണ്. വൈദ്യനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും നൗഷാദ് തന്നെയാണ് പകർത്തിയിരുന്നത്. പൊലീസ് പ്രതികളുടെ ലാപ്‌ടോപ്പിൽനിന്നു ശേഖരിച്ച ദൃശ്യങ്ങളുടെയും ശബ്ദ സന്ദേശങ്ങളുടെയും പകർപ്പും പുറത്തുവന്നിട്ടുണ്ട്. പാരമ്പര്യ വൈദ്യനെ ഒരു വർഷത്തിലേറെ തടവിൽ പാർപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതൽ വിവരങ്ങളും പുറത്തുവന്നു. മൃതദേഹം വെട്ടിമുറിച്ചത് ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ചെന്നാണെന്നാണ് പൊലീസ് കണ്ടെത്തൽ. ഒറ്റമൂലി രഹസ്യത്തിന് വേണ്ടി വൈദ്യൻ ഷാബ ഷെരീഫിനെ മർദിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ദൃശ്യങ്ങളിൽ നിന്നും കൊല്ലപ്പെട്ട ഷാബ ഷെരീഫിനെ മൈസൂരിലെ ബന്ധുക്കൾ തിരിച്ചറിഞ്ഞു.

2019 ലാണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ കവർച്ചാ കേസ് പ്രതികൾ ഗൾഫിലെ 2 കൊലപാതകങ്ങളിൽ ഷൈബിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.

ഷൈബിന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് സ്വദേശിയെ കൈ ഞരമ്പ് മുറിച്ചും എറണാകുളം സ്വദേശിനിയെ ശ്വാസം മുട്ടിയും ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതാണ് സംഭവം. ലഭിച്ച വിവരങ്ങൾ പുനരന്വേഷണത്തിന് അബുദാബി പൊലീസിന് കൈമാറും. 300 കോടിയോളം രൂപയുടെ സ്വത്ത് ഷൈബിൻ സമ്പാദിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. ഇത് ഏതു വഴിയിലാണ് സമ്പാദിച്ചത് എന്ന കാര്യത്തിലാണ് സംശയം നിലനിൽക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെയാണ് ഷൈബിൻ അഷ്‌റഫ് അതിസമ്പന്നനായി വളർന്നത്.

നിലമ്പൂരിലെ വീട് വാങ്ങിയത് 2 കോടിയിലേറെ രൂപക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. നിരവധി ആഡംബരവാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട് . ഇയാൾ കൂടുതൽ കൊലപാതകങ്ങൾ നടത്തിയോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഷൈബിൻ അതിബുദ്ധിമാനായ കുറ്റവാളിയെന്നും പൊലീസ് പറയുന്നു. പ്രതിയുടെ നിലമ്പൂരിലെ വീടും ബത്തേരിയിൽ നിർമ്മാണത്തിലുള്ള ആഡംബര വസതിയും കൂറ്റൻ മതിൽ കെട്ടിനുള്ളിലാണ്. ബത്തേരിയിൽ ഷൈബിന് 2 വീടുകളുണ്ട്. കൂടാതെ താമരശ്ശേരി ഈങ്ങാപ്പുഴയിൽ ബിസിനസ് പ്രൊജക്ടും ഉണ്ട്. ഇതെല്ലാം എത്തിപ്പിടിക്കുന്ന നിലയിലേക്ക് ഇയാൾ വളർന്നത് അതിവേഗമാണ്. ഇതിലേക്ക് സാമ്പത്തികം എങ്ങനെ എത്തിയെന്നത് സംശയങ്ങൾക്ക് ഇട നൽകുന്നതാണ്.

സാധാരണ കുടുംബത്തിലാണ് ഷൈബിൻ ജനിച്ചത്. പിതാവ് മെക്കാനിക്കായിരുന്നു. പ്ലസ് ടു വിദ്യാഭ്യാസവും കംപ്യൂട്ടർ ജ്ഞാനവും മാത്രം കൈമുതലുള്ള 32കാരന്റെ സാമ്പത്തിക വളർച്ചക്കുപിന്നിലെ രഹസ്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. 10 വർഷം മുൻപാണ് അബുദാബിയിലെത്തിയത്. ഡീസൽ വ്യാപാരത്തിലാണ് തുടക്കം. അബുദാബിയിൽ സ്വന്തമായി റസ്റ്ററന്റുണ്ട്. ഇപ്പോൾ അബുബാദിയിലേക്ക് പോകാറില്ല. പ്രവേശന വിലക്കുള്ളതായാണ് പൊലീസിന് ലഭിച്ച വിവരം. കാരണം പൊലീസ് അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പു നടത്തി മുങ്ങിയതാണെന്ന സംശയം അടക്കം നിലനിൽക്കുന്നുണ്ട്.

വടംവലി മത്സരവുമായി ബന്ധപ്പെട്ട് ഒരാളെ മർദിച്ചതിന് ഷൈബിൻ, കൂട്ടുപ്രതി ഷിഹാബുദ്ദീൻ എന്നിവർക്കെതിരെ ബത്തേരി പൊലീസിൽ കേസുണ്ട്. അടുത്തിടെ നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പാക്കി. വാഹന അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ കുന്നംകുളം സ്റ്റേഷനിൽ ഷൈബിനെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുമ്പിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ശ്രമം നടത്തിയ കവർച്ചക്കേസ് പ്രതികളുടെ വെളിപ്പെടുത്തലിൽ നിന്നാണ് ക്രൂര കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. കവർച്ച കേസിലെ പരാതിക്കാരൻ കൂടിയാണ് ക്രൂരമായ കൊലക്കേസിലെ മുഖ്യ ആസൂത്രകനായ ഷൈബിൻ അഷ്റഫ്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യപ്രതി പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്റഫും മറ്റ് നാല് പേരും പൊലീസ് കസ്റ്റഡിയിലാണ്.