കൊച്ചി: കോഴിക്കോട് വിദ്യാഭ്യാസ മന്ത്രിക്കു നേരെ നിലവിളക്ക് കൊളുത്തി എസ് എഫ് ഐ നടത്തിയ പ്രതിഷേധം സിപിഎമ്മിനകത്ത് അഭിപ്രായ ഭിന്നത ശക്തമാക്കി. പാഠപുസ്തക വിതരണത്തിലെ ക്രമക്കേട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മന്ത്രിക്കുനേരേ നിലവിളക്കുകൊളുത്തി ഡിവൈഎഫ്‌ഐ -എസ്എഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധം. കരിങ്കൊടിക്കു പകരം പുതിയ സമരരീതിയായാണ് നിലവിളക്ക് കൊളുത്തി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചത്. മന്ത്രി നിലവിളക്ക് മതാചാരത്തിന്റെ ഭാഗമായി കത്തിക്കാത്ത ആളായതു കൊണ്ടാണ് അദ്ദേഹത്തിനു മുൻപിൽ ''വിദ്യയുടെ നിലവിളക്ക്''കത്തിച്ച് പ്രതിഷേധമറിയിച്ചത്.

എന്നാൽ ഒരാളുടെ മതാചാരത്തെ എതിർത്ത് മറ്റൊരുരു മതബിംബം പ്രതിഷ്ഠിക്കാനാണ് വിദ്യാർത്ഥി യുവജനപ്രസ്ഥാനം ശ്രമിച്ചതെന്ന ആക്ഷേപമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്. ഇത് മുസ്ലിം മതവിശ്വാസികൾക്ക് തെറ്റായ സന്ദേശം നൽകിയെന്നു പാർട്ടിയിലെ പ്രബലവിഭാഗം വാദിക്കുന്നു. നിലവിളക്കു സമരം നിലവിലെ വിഷയത്തിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാൻ മാത്രമേ ഉപകരിച്ചുള്ളൂ എന്നാണ് സമരമാർഗത്തെ എതിർക്കുന്നവരുടെ പക്ഷം. വിളക്ക് പോലുള്ള ആചാരപരമായ കാര്യങ്ങളെയെല്ലാം എതിർക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ എന്ന പൊതുബോധത്തിന് മങ്ങലേല്പിക്കുന്ന പരിപാടിയാണ് കോഴിക്കോട് നടന്ന പ്രതിഷേധമെന്നാണ് സി പി എം സംസ്ഥാന നേതൃത്വത്തിലെ പ്രബലവിഭാഗത്തിന്റെ അഭിപ്രായം. ഇത് അവർ വിദ്യാർത്ഥി -യുവജന നേതാക്കളെ നേരിട്ടറിയിച്ചുകഴിഞ്ഞു. ഇപ്പോൾ പോളിറ്റ്ബ്യൂറോ യോഗത്തിലുള്ള നേതാക്കൾ മടങ്ങിയെത്തിയതിനുശേഷം ഔദ്യോഗികമായി ഡിവൈഎഫ്‌ഐ നേതാക്കളോട് വിഷയത്തിൽ വിശദീകരണം ചോദിക്കാനാണ് തത്വത്തിൽ ധാരണയായിരിക്കുന്നത്.

അതേസമയം, മുസ്ലിം ലീഗിനെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ മുന്നണിയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചതോടെ റബ്ബിനെതിരായ സമരം കൂടുതൽ ശക്തിപ്പെടുത്തേണ്ടെന്നാണ് ഒരുവിഭാഗം പറയുന്നത്. എന്നാൽ പാഠപുസ്തക വിഷയത്തിൽ സർക്കാരിനെതിരായ സമരം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ തന്നെയാണ് എസ്എഫ്‌ഐ തീരുമാനം. ലീഗ് മുന്നണിയിലേക്ക് വന്നാലും ഇല്ലെങ്കിലും നിലവിലെ സർക്കാർ നയത്തിനെതിരായി സമരം തുടരുകതന്നെ ചെയ്യുമെന്ന് അവർ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നിലവിളക്ക് സമരം തങ്ങൾ അറിഞ്ഞതല്ലെന്നാണ് ഡിവൈഎഫ്‌ഐ നേതൃത്വത്തിന്റെ നിലപാട്.

കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രശ്‌നം പരിശോധിക്കാനും തത്വത്തിൽ ധാരണയായിട്ടുണ്ട്. അനാചാരങ്ങൾ എതിർക്കേണ്ട പ്രസ്ഥാനം ചില ആചാരങ്ങളെത്തന്നെ കൂട്ടുപിടിക്കുമ്പോൾ വിശ്വാസ്യത നഷ്ടപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാഠപുസ്തകസമരത്തിലൂടെ ഇമേജ് തിരിച്ചുപിടിക്കാനൊരുങ്ങുന്ന ഇടതുവിദ്യാർത്ഥി പ്രസ്ഥാനത്തിന് തിരിച്ചടിയായി തന്നെയാണ് നിലവിളക്ക് വിവാദമെത്തിയത്. ഇതു പരിഹരിക്കാൻ വേണ്ടത് ചെയ്യണമെന്ന നിലപാട് തന്നെയാണ് ഭൂരിപക്ഷം പാർട്ടി നേതാക്കൾക്കുമുള്ളത്.സമരം ആസൂത്രണം ചെയ്ത നേതാക്കൾക്കെതിരായുള്ള നടപടി ഉൾപ്പെടെയുള്ള കാര്യങ്ങൾ പാർട്ടി പരിശോധിക്കുമെന്നുതന്നെയാണ് സിപിഐ(എം) കേന്ദ്രങ്ങൾ നൽകുന്ന സൂചന.

കോഴിക്കോട് ഒരു വെബ്‌സൈറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിനെ കഴിഞ്ഞയാഴ്ചയാണ് മുമ്പാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ നിലവിളക്ക് കൊളുത്തി സ്വാഗതം ചെയ്തിരുന്നു. പാഠപുസ്തക വിതരണം പൂർത്തിയാക്കിയില്ലെന്നാരോപിച്ചാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ മന്ത്രിയെ നിലവിളക്ക് കൊളുത്തി സ്വാഗതം ചെയ്തത്. മന്ത്രി വേദിയിലെത്തിയ ശേഷമാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. വേദിക്കരികിലേക്ക് പോകാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞതിനെ തുടർന്ന് സ്ഥലത്ത് പ്രതിഷേധക്കാരും പൊലീസും തമ്മിൽ വാക്കേറ്റമായി. പ്രതിഷേധക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി.

കേരള സമൂഹത്തിലെ മതസൗഹാർദം തകർക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിക്കുന്നതെന്നും അതിനാലാണ് വിളക്ക് കൊളുത്തി പ്രതിഷേധിക്കുന്നതെന്നും ഡിവൈഎഫ്‌ഐ നേതാക്കൾ വിശദീകരിച്ചിരുന്നു.