നിലയ്ക്കൽ: ശബരിമല തീർത്ഥാടനം സംഘർഷത്തിലേക്ക് തന്നെ. നിലയ്ക്കലിൽ വീണ്ടും സ്ത്രീകളെ തടഞ്ഞ് പ്രതിഷേധക്കാർ. പമ്പയിലേക്ക് പോകാനെത്തിയ ജേണലിസം വിദ്യാർത്ഥികളെയാണ് നിലയ്ക്കലിൽ തടഞ്ഞത്. കോട്ടയത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിലെ ജേണലിസം വിദ്യാർത്ഥികളെയാണ് ഭക്തർ തടഞ്ഞത്. പത്തനംതിട്ടയിൽ നിന്ന് കെ എസ് ആർ ടി സി ബസിലെത്തിയവരാണ് നിലയ്ക്കലിൽ പ്രശ്നത്തിൽ പെട്ടത്. പമ്പയിലേക്കാണ് പോകുന്നതെന്നും സഞ്ചാര സ്വാതന്ത്ര്യത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും ഇവർ വാദിച്ചെങ്കിലും പ്രതിഷേധക്കാർ സമ്മതിച്ചില്ല. ഇവരെ ബസിൽ നിന്നും വലിച്ചിറക്കി. പിന്നീട് പൊലീസ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. നിലയ്ക്കലിൽ പ്രതിഷേധം നടത്തുന്ന ഭക്തരായ സ്ത്രീകളാണ് പ്രതിഷേധം നടത്തിയത്.

നിലയ്ക്കലിൽ എത്തിയ ബസുകളെല്ലാം സ്ത്രീകൾ പരിശോധിക്കുന്നുണ്ട്. ഇതിൽ നിന്നാണ് സ്ത്രീകൾ ബസിലുണ്ടെന്ന് മനസ്സിലാക്കിയത്. ഇതോടെ ഭക്തരായ സ്ത്രീകൾ ബസിലേക്ക് ഇരച്ചു കയറുകയായിരുന്നു. ബസിൽ നിന്ന് ഇറങ്ങാൻ രണ്ട് പെൺകുട്ടികളും വിസമ്മതിച്ചു. പമ്പയിലേക്ക് പോവുകയാണെന്നും സുപ്രീംകോടതി വിധി എപ്രകാരം നടപ്പാക്കുമെന്ന് അറിയാനാണ് പോകുന്നതെന്നും ഇവർ പറഞ്ഞു. കറുത്ത വസ്ത്രം അണിഞ്ഞാണ് രണ്ട് പെൺകുട്ടികളും ബസിൽ യാത്ര ചെയ്തത്. വനിതാകളായ ആരേയും നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് പോകാൻ അനുവദിക്കില്ലെന്നതാണ് പ്രതിഷേധക്കാരുടെ നിലപാട്. ഇത് പൊലീസിനും വലിയ തിരിച്ചടിയാണ്.

ആചാരസംരക്ഷണ സമിതി എന്ന പേരിൽ നിലയ്ക്കലിൽ ക്യാംപ് ചെയ്യുന്ന ഒരു വിഭാഗം ഭക്തർ അതു വഴി കടന്നു പോവുന്ന വാഹനങ്ങൾ തടയുകയും യാത്രാക്കാരെ ബോധവത്കരിക്കുകയും ചെയ്യുകയാണ്. സംഘത്തിലെ വനിതകളാണ് വാഹനങ്ങൾ തടഞ്ഞ് സ്ത്രീകളുണ്ടോ എന്ന് പരിശോധിക്കുന്നത്. ആചാരസംരക്ഷണസമിതിയുടെ സമരം ഇവിടെ പത്ത് ദിവസം പിന്നിടുകയാണ്. വിധി ഉണ്ടെങ്കിലും പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള ആരേയും ശബരിമലയിലേക്ക് കയറ്റി വിടില്ല എന്ന നിലപാടിലാണ് ഇവിടെ തന്പടിച്ച ഭക്തർ. നിലയ്ക്കലിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും സ്ത്രീകൾ തടയുന്നുണ്ട്. പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ളവരെ മല കയറ്റാൻ സമ്മതിക്കില്ല എന്ന് പ്രഖ്യാപിച്ച ഇവർ യാത്രാക്കാരെ ഇക്കാര്യം പറഞ്ഞു ബോധവത്കരിക്കാനും ശ്രമിക്കുന്നുണ്ട്.

അതിനിടെ നിലയ്ക്കിലിൽ യുവതി പ്രവേശനത്തിനെതിരായ സമരത്തിനിടെ ആത്മഹത്യ ശ്രമവുമായ അയ്യപ്പഭക്തയായ സ്ത്രീയും രംഗത്തെത്തി. മരത്തിന് മുകളിൽ കയറിയാണ് യുവതി ആത്മഹത്യ ഭീഷണി മുഴക്കിയത്. പൊലീസ് ഇവരെ അനുനയപ്പിച്ച് ശാന്തയാക്കുകയായിരുന്നു. കുടുതൽ വനിത പൊലീസ് ഇപ്പോൾ നിലയ്ക്കലിൽ എത്തിയിട്ടുണ്ട്.

എന്ത് വില കൊടുത്തും യുവതികളെ ശബരിമലയിൽ കാല് കുത്താൻ അനുവദിക്കില്ലെന്ന് അയ്യപ്പ ഭക്ത സമൂഹം നിലപാടെടുത്തതോടെ നിലയ്ക്കൽ ഉൾപ്പടെ ശബരിമലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സംഘർഷ സാധ്യത. വിശ്വാസികൾക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും, തടയാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രിയും, പൊലീസും നിലപാട് എടുത്തതോടെ നിലയ്ക്കലിലേക്ക് അയ്യപ്പ ഭക്തരുടെ പ്രവാഹമാണ്. സ്ത്രീകളടങ്ങുന്ന വലിയ ആൾക്കൂട്ടമാണ് നിലയ്ക്കലിലും, എരുമേലിയിലും ഉള്ളത്.

അതേസമയം നാളെ വൈകുന്നേരം നട തുറക്കുന്നത് കണക്കിലെടുത്ത് രാവിലെ മുതൽ നിലയ്ക്കൽ, എരുമേലി തുടങ്ങി ശബരിമലയിലേക്കുള്ള പ്രധാന പാതകളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ രക്ഷാകവചം എന്ന പേരിൽ പ്രതിരോധം ഒരുക്കുന്നുണ്ട്. ശബരിമലയിലേക്കുള്ള എല്ലാ വാഹനങ്ങളും പരിശോധിച്ച് സ്ത്രീകൾ പമ്പയിൽ എത്തില്ലെന്ന് ഉറപ്പാക്കാനാണ് ഇവരുടെ ശ്രമം. മറുവശത്ത് പൊലീസ് ശക്തമായ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. നിലയക്കലിലും പമ്പയിലും വനിതാ പൊലീസ് സംഘത്തെ സജ്ജരാക്കി നിർത്തിയിട്ടുണ്ട്. കൂടുതൽ വനിതാഭക്തർ കൂടുതലായി മല കയറാൻ എത്തിയാൽ വനിതാ പൊലീസുകാർ സന്നിധാനത്തേക്ക് നീങ്ങും.

സന്നിധാനത്തും പമ്പയിലും ഒരുതരത്തിലുള്ള സംഘർഷത്തിനും ഇടം കൊടുക്കരതെന്നും കാര്യങ്ങൾ കൈവിട്ടു പോകാതെ നോക്കണമെന്നുമാണ് പൊലീസിന് കിട്ടിയിരിക്കുന്ന നിർദ്ദേശം. പ്രത്യേക സുരക്ഷ മേഖലയിൽ പ്രതിഷേധം നടത്തിയാൽ ശക്തമായ നടപടിയുണ്ടാവുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ പ്രത്യേക പട്രോളിംഗും നടത്തും. ശബരിമല നട തുറക്കുന്നത്. ഹിന്ദു ഐക്യവേദി, ബിജെപി, അയ്യപ്പ ധർമ്മസേന തുടങ്ങി നിരവദി സംഘടനകളും സമരരംഗത്തുണ്ട്. ഒരു സംഘടനയുടെയും ഭാഗമല്ലാത്ത നിരവധി സ്ത്രീകളും, വിശ്വാസികളും നിലയ്ക്കലിലെ സമരത്തിൽ അണിച്ചേരുന്നുണ്ട്.