- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയാൾ അയാളുടെ അമ്മയെ റേപ് ചെയ്ത വിവരവും ഒരു ദിവസം കിട്ടിയ കത്തിലുണ്ടായിരുന്നു; അശ്ലീലമെന്നൊക്കെ പറഞ്ഞാൽ അശ്ലീത്തിന്റെ അങ്ങേയറ്റമാണ് കത്തുകൾ; വീര്യം കൂടിയ ഓക്കാനമുണ്ടാക്കുന്ന അശ്ലീലം ചുവന്ന മഷികൊണ്ടെഴുതുന്നത് അയാളുടെ ഒരു ശീലം; വനിതാ മാധ്യമ പ്രവർത്തകരെ തളർത്താൻ 'കത്തു ബോംബുകൾ'; വില്ലനെ കണ്ടെത്താൻ രണ്ടും കൽപ്പിച്ച് പൊലീസ്
കോഴിക്കോട്: കേരളത്തിലെ വനിതാ മാധ്യമപ്രവർത്തകർക്ക് വ്യാപകമായി കത്ത് രൂപത്തിൽ അശ്ലീല സന്ദേശം ലഭിക്കുന്നതായി വീണ്ടും പരാതി. മുമ്പും സമാന കത്തുകൾ കിട്ടിയ കാലമുണ്ടായിരുന്നു. അന്ന് പൊലീസ് ഇത് കാര്യമായി പരിശോധിച്ചില്ല. ഇപ്പോൾ വീണ്ടും കൂടുന്നു. പൊലീസിന് മാധ്യമ പ്രവർത്തകർ പരാതിയും നൽകിയിട്ടുണ്ട്. ഇതിനെ ഗൗരവത്തോടെ എടുക്കാനാണ് പൊലീസിന്റെ പുതിയ തീരുമാനം. അതുകൊണ്ട് തന്നെ കത്തിലെ വില്ലൻ ഉടൻ അകത്താകാനും സാധ്യതയുണ്ട്.
പേരോ വിലാസമോ ഇല്ലാത്ത ലൈംഗിക ചുവയുള്ള കത്ത് പലതവണ ലഭിച്ചതായി മാധ്യമപ്രവർത്തക നിലീന അത്തോളിയാണ് ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ കേരളത്തിലെ പല പ്രമുഖ വനിതാ മാധ്യമപ്രവർത്തകരും സമാനമായ തുറന്നുപറച്ചിലുകളുമായി രംഗത്തുവന്നു. വനിതകൾക്ക് മാത്രമല്ല, അപൂർവം ചില പുരുഷന്മാർക്കും ഇത്തരം കത്തുകൾ ലഭിച്ചിട്ടുണ്ടെന്നാണ് നിലീന അത്തോളിയുടെ കുറിപ്പിന് ലഭിച്ച പ്രതികരണം. പലരും പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ കത്ത് അയക്കുന്ന ആളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.
വനിതാമാധ്യമപ്രവർത്തകർ പേര് വെച്ച് പത്രങ്ങളിലോ ആനുകൂലികങ്ങളിലോ വാർത്തകൾ കൊടുക്കുന്നതിന്റെ അടുത്തദിവസങ്ങളിലാണ് സ്ഥാപനത്തിന്റെ വിലാസത്തിൽ കത്ത് ലഭിക്കുന്നത്. അമ്മയേയും സഹോദരിമാരേയും ലൈംഗികമായി ഉപദ്രവിച്ചതിന്റേയും മറ്റും വിവരണങ്ങളും ദ്വയാർഥ പ്രയോഗങ്ങളുമാണ് മിക്കപ്പോഴും കത്തിന്റെ ഉള്ളടക്കം. കത്തിന് മുകളിലെ സീലിൽ നിന്ന് വ്യക്തമാവുന്ന ചുരുങ്ങിയ സൂചനകൾ മാത്രം ഉപയോഗിച്ച് കത്ത് അയച്ച ആളെ കണ്ടുപിടിക്കാനാവുമോ എന്ന് ചോദിച്ചുകൊണ്ടാണ് നീലിന അത്തോളിയുടെ ഫേസ്‌ബുക്ക് കുറിപ്പ്. കണ്ടെത്താനാകുമെന്നതാണ് വസ്തുത. അതിന് അതിശക്തമായ അന്വേഷണം ആവശ്യമാണ്.
എന്നാൽ ഇതുവരെ ഗൗരവത്തോടെ അന്വേഷണത്തിന് പൊലീസ് ഇതിന് ശ്രമിച്ചിട്ടില്ല. പരാതികൾ സോഷ്യൽ മീഡിയയയിൽ ചർച്ചയാകുമ്പോൾ കൂടുതൽ ഗൗരവം പരാതികൾക്ക് പൊലീസ് നൽകും. വില്ലനെ കണ്ടെത്താൻ ശാസ്ത്രീയ പരിശോധനകൾ നടത്താനാണ് പൊലീസ് തീരുമാനം.
നിലീന അത്തോളിയുടെ ഫേസ്‌ബുക്ക് കുറിപ്പ്
മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായി ആദ്യമായി കിട്ടിയ അശ്ലീല സ്തീവിരുദ്ധ ഭീഷണികത്ത് ദിലീപ് വിഷയവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. പണ്ട് ദിലീപിനെ പിന്തുണച്ചുകൊണ്ട് ജയിലിലേക്ക് പ്രമുഖർ ഒഴുകിയപ്പോൾ 'കുറ്റാരോപിതൻ ആപത്തിൽ പെട്ടവനും നടി ഇരയുമായ സിനിമാക്കാലം' എന്ന തലക്കെട്ടിൽ ഒരു ലേഖനം പത്രത്തിലെഴുതിയിരുന്നു.ആ സമയത്താണ് ആദ്യമായി ഒരു സ്ത്രീ വിരുദ്ധ അശ്ലീല ഭീഷണിക്കത്ത് എന്നെത്തേടിയെത്തുന്നത്. അതന്ന് പല മാധ്യമങ്ങളിലും വാർത്തയുമായിരുന്നു. മുൻ ചീഫ് സെക്രട്ടറി സി.പിനായർ അടക്കമുള്ള പ്രമുഖരായവരുടെയും അല്ലാത്തവരുടെയും അഭിനന്ദന കത്തുകൾ കിട്ടിയതിനാൽ തന്നെ അതിനിടയിൽ വന്ന ആ അശ്ലീലക്കത്തിനെ അവഗണിച്ചുവിടുകയായിരുന്നു. പക്ഷെ ഇപ്പോൾ എന്നെ അലട്ടുന്നതിതൊന്നുമല്ല.
എപ്പോഴൊക്കെ എനിക്ക് അവാർഡ് കിട്ടുന്നോ എപ്പോഴൊക്കെ എന്റെ ആർട്ടിക്കിൾ പത്രത്തിലോ ഗൃഹലക്ഷ്മിയിലോ മറ്റ് മാതൃഭൂമി വെർട്ടിക്കലുകളിലോ വരുന്നോ അപ്പോഴൊക്കെ ഭീകരമായവിധം അശ്ലീലം കലർന്ന കത്ത് തുടർച്ചയായി ഒരേയാളിൽ നിന്ന് എനിക്ക് കഴിഞ്ഞ ഏതാനും വർഷമായി കിട്ടിക്കൊണ്ടിരിക്കുകയാണ്. അശ്ലീലമെന്നൊക്കെ പറഞ്ഞാൽ അശ്ലീത്തിന്റെ അങ്ങേയറ്റമാണ് കത്തുകൾ. വീര്യം കൂടിയ ഓക്കാനമുണ്ടാക്കുന്ന അശ്ലീലം ചുവന്ന മഷികൊണ്ടെഴുതുന്നത് അയാളുടെ ഒരു ശീലമാണ്. പല കത്തുകളും മുഴുവനും വായിച്ചിട്ടില്ല. പ്രത്യേകിച്ച് 20ഉം 10ഉം പേജുകളൊക്കെയുള്ള കത്ത് വായിക്കാനുള്ള സമയമൊന്നും എനിക്കില്ല എന്നത് തന്നെ കാരണം. ഞരമ്പുരോഗിയുടെ ജല്പനമായി അവഗണിച്ചു വിടുകയായിരുന്നു ഇത്രനാളും ആ കത്തുകളത്രയും.
എന്നാൽ അടുത്ത കാലത്തായി വരുന്ന കത്തുകളുടെ മട്ടും ഭാവവും മാറി. ഒരു തരം വെർബൽ റേപ്പാണ് ഇപ്പോൾ നടക്കുന്നത്. പത്രത്തിൽ വരുന്ന എന്റെ ഫോട്ടോയെ റേപ് ചെയ്ത വിധം വരെ അതിലുണ്ട്. അത്രമാത്രം ഭീതിതമായ ഭാവനകളാണയാൾക്ക്. എന്നെ ആശങ്കപ്പെടുത്തിയതിതൊന്നുമല്ല. അയാൾ അയാളുടെ അമ്മയെ റേപ് ചെയ്ത വിവരവും ഒരു ദിവസം എനിക്ക് കിട്ടിയ കത്തിലുണ്ടായിരുന്നു. ഭാവനയാകാം അല്ലാതെയുമിരിക്കാം. എന്നിരുന്നാലും അയാളുടെ വീട്ടിലെ അമ്മയടക്കമുള്ള പെണ്ണുങ്ങൾ നേരിടുന്ന ഗാർഹിക ലൈംഗിക പീഡനം എന്തായിരിക്കുമെന്നത് എന്നെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അങ്ങിനെയൊരാളിൽ നിന്ന് ഒരു പറ്റം സ്ത്രീകളെ രക്ഷിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു.
പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട്. അവർ അവഗണിക്കാനൊന്നും പറഞ്ഞിട്ടില്ല എന്നത് ആശ്വാസകരമാണ്. പേരും ഊരുമൊന്നുമില്ല കത്തിൽ. ഒരു കത്തിന്റെ ഉറവിടം മനസ്സിലാക്കാനുള്ള സാങ്കേതിക വിദ്യയൊന്നും ഈ നാട്ടിലില്ലേ. വിവാദവും വാർത്തയുമൊന്നുമാവേണ്ട. എനിക്ക് ഈ വിഷയത്തിലൊരു പരിഹാരം വേണം. അയാളുടെ വീട്ടിൽ സ്ത്രീകളുണ്ടെങ്കിൽ അവരെ അയാളിൽ നിന്ന് രക്ഷിക്കണം. അതാണെന്റെ ആവശ്യം. അത് മാത്രം. പറ്റുമെങ്കിൽ അയാൾക്ക് മാനസികാരോഗ്യ ചികിത്സയും. അയാൾക്കു ചുറ്റുമുള്ള പെണ്ണുങ്ങളെ രക്ഷിക്കാനും നടക്കാൻ സാധ്യതയുള്ള റേപ്പുകൾ തടയാനും ആ ഒരു പോംവഴി മാത്രമേ ഞാൻ കാണുന്നുള്ളൂ. സഹായിക്കണം നമുക്കവരെ.
ചില നിരീക്ഷണങ്ങൾ
1. അയാൾ ആഴ്‌ച്ചപ്പതിപ്പ് വായിക്കുന്നയാളല്ല. ആഴ്‌ച്ചപ്പതിപ്പിൽ ലേഖനം വന്നപ്പോഴൊന്നും എനിക്കയാളുട കത്ത് കിട്ടിയിട്ടില്ല.
2.അയാളുടെ കൈവശം എന്റെ നമ്പറില്ല.
3. സോഷ്യൽ മീഡിയയിൽ അയാളുടെ സാന്നിധ്യം ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. ഒരിക്കൽ പോലും അശ്ലീല മെസ്സേജുകൾ കഴിഞ്ഞ കുറെ വർഷത്തിനിടെ എന്റെ മെസഞ്ചറിൽ വന്നിട്ടില്ല.
4. അഡ്രസ്സും അയാൾക്ക് കൃത്യമായി അറിയില്ല. അവാർഡു വാർത്തയിൽ നിന്നെല്ലാം ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഊഹിച്ചെഴുതിയ വിലാസത്തിലാണ് എനിക്കുള്ള കത്ത് വരുന്നത്.
മറുനാടന് മലയാളി ബ്യൂറോ