ബെംഗളൂരു: നിംഹാൻസിൽ(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) നഴ്സിങ് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത നഴ്സിങ് ക്ലിനിക്കൽ സർവ്വീസ് മേധാവിക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് നഴ്സുമാർ മിന്നൽ സമരം നടത്തി.

ക്ലിനിക്കൽ നഴ്സിങ് മേധാവിയുടെ ചുമതല വഹിക്കുന്ന നിർമല ഹട്ടിക്കെതിരെ നഴ്സായ അനസൂയ ഭായി നൽകിയ പരാതിയിലാണ് അധികൃതർ നടപടി എടുക്കാതെ മേധാവിയെ സംരക്ഷിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് നിംഹാൻസ് നഴ്സസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള നൂറോളം നഴ്സുമാരാണ് ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടാത്ത രീതിയിൽ സമരം നടത്തിയത്.

കഴിഞ്ഞ 30 നായിരുന്നു സമരത്തിനാസ്പദമായ സംഭവം നടന്നത്. സ്ഥിരമായി നൈറ്റ് ഡ്യൂട്ടി നൽകുന്നത് സംബന്ധിച്ചുള്ള വിവരം ചോദിക്കാനെത്തിയ അനസൂയയോട് നിർമല ഹട്ടി അപമര്യാദയായി പെരുമാറുകയും പിടിച്ചു തള്ളുകയുമായിരുന്നു. പിടിച്ചു തള്ളിയതിന്റെ ആഘാതത്തിൽ ഭിത്തിയിൽ ഇടിച്ച് അനസൂയയുടെ തലയ്ക്ക് പരിക്കേറ്റു. പരിക്കേറ്റതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ രണ്ടു ദിവസത്തെ ചികിത്സ തേടി. സംഭവത്തിൽ പൊലീസിലും നിംഹാൻസ് ഡയറക്ടർക്കും പരാതി നൽകുകയും ചെയ്തു. എന്നാൽ നിർമല ഹട്ടി തന്നെ ജാതിപേരു വിളിച്ച് ആക്ഷേപിച്ചുവെന്നുകാട്ടി എസ്.സി - എസ്.ടി വകുപ്പിൽ പരാതി നൽകി. ഇവർ നൽകിയ വ്യാജ പരാതിയിൽ പരിക്കേറ്റ നഴ്സിനെതിരെ നടപടിയെടുക്കാനുള്ള ശ്രമം നടക്കുന്ുവെന്നറിഞ്ഞതോടെയാണ് ജീവനക്കാർ സംഘടിച്ചതും സമരം നടത്തിയതും.

നിർമലാ ഹട്ടി ജീവനക്കാരോട് പൊതുവേ ക്രൂരമായ രീതിയിലാണ് പെരുമാറുക. നഴ്സുമാരെ അടിമകളെ പോലെയാണ് കൈകാര്യം ചെയ്തിരുന്നത്. ക്ലീനിങ് ജോലി ചെയ്യിപ്പിക്കുക, ചായവാങ്ങിക്കൊണ്ടു വരാൻ പറയുക, കൃത്യമായി അവധി കൊടുക്കില്ല, ഗർഭിണികളായ ജീവനക്കാർക്കു പോലും പ്രസവാവധി നൽകില്ല തുടങ്ങീ രീതിയിൽ കടുത്ത പീഡനമാണ് ഇവർ നടത്തി വന്നിരുന്നത്. ഇതിനെതിരെ പലപ്പോഴും ജീവനക്കാർ പരാതി നൽകിയിട്ടും യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. അതിന് കാരണം അഡ്‌മിനിസ്ട്രേഷനുമായി ഇവർക്കുള്ള ബന്ധമാണെന്നാണ് ജീവനക്കാർ പറയുന്നത്.

സമരത്തെ തുടർന്ന് ബെംഗളൂരു അസി.കമ്മീഷ്ണർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തുകയും സംഘടനാ പ്രതിനിധികളുമായി ഡയറക്ടർ പ്രതിമാ മൂർത്തിയുമായി ചർച്ച നടത്തി. 10 ദിവസത്തിനകം ഇവർക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ നടപടി എടുക്കാമെന്ന് ഡയറക്ടർ ഉറപ്പ് നൽകി. കൂടാതെ നിർമലാ ഹട്ടിയെ നിർബന്ധിത അവധിയിലേക്ക് പ്രവേശിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. ഇതോടെയാണ് സമരം അവസാനിപ്പിക്കാൻ ജീവനക്കാർ തയ്യാറായത്.

കേന്ദ്ര സർക്കാരും കർണ്ണാടക സർക്കാരും തുല്യ പങ്കാളിത്തത്തോടെയാണ് ആശുപത്രി നടത്തുന്നത്. ബിജെപി സർക്കാർ ഭരിക്കുന്ന സംസ്ഥാനത്തിലാണ് ഇത്തരത്തിൽ നഴ്‌സുമാരെ ചൂഷണം ചെയ്യുന്നത്. ആശുപത്രിക്കെതിരെ പരാതി നൽകിയാൽ സർക്കാർ തിരിഞ്ഞുപോലും നോക്കില്ല എന്ന് ജീവനക്കാർ പറയുന്നു. മുൻപ് നിരവധി തവണ നിർമലാ ഹട്ടിക്കെതിരെ പരാതി നൽകിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.