കാസർഗോഡ്: ഐസിസിയിൽ ചേർന്നതായി സംശയിക്കുന്ന ആറ്റുകാൽ സ്വദേശിനി നിമിഷയെക്കുറിച്ച് ഒരു വർഷം മുമ്പ് തന്നെ കാസർഗോഡ് സ്‌പെഷൽ ബ്രാഞ്ച് പൊലീസ് അന്വേഷണം നടത്തി ലോക്കൽ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ സ്‌പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ട് അവഗണിക്കപ്പെടുകയായിരുന്നു.

കാസർഗോഡ് പൊയിനാച്ചിയിലെ സ്വകാര്യ ദന്തൽ കോളേജിൽ പഠിക്കവേയാണ് നിമിഷയെ അസ്വാഭാവികതയുടെ പേരിൽ പൊലീസ് ചോദ്യം ചെയ്തത്. പഠനത്തിൽ മിടുക്കിയാണെങ്കിലും പൊലീസിന്റെ ചോദ്യം ചെയ്യലിൽ തീവ്രവാദ സൂചനകളുള്ള മറുപടിയായിരുന്നു നിമിഷയിൽ നിന്നും ലഭിച്ചത്. സ്‌പെഷൽ ബ്രാഞ്ച് സിഐ മുമ്പാകെ ചോദ്യം ചെയ്യപ്പെട്ട നിമിഷ തനിക്ക് ഭഗവത് ഗീതയെക്കാളും ബൈബിളിനേക്കാളും ജിഹാദി പ്രബോധനങ്ങളോടാണ് താത്പര്യമെന്ന് വ്യക്തമാക്കുകയുണ്ടായി. ഇസ്ലാമിക മാനവികതയിലേക്കല്ല മറിച്ച് അതിന്റെ പേരിലുള്ള തീവ്രവാദ നിലപാടുകളോടാണ് നിമിഷക്ക് താത്പര്യമെന്ന സൂചനയായിരുന്നു ഇത്.

പാലക്കാട് സ്വദേശി ഈസയുമായി ബന്ധപ്പെട്ടതോടെയാണ് തീവ്രവാദ നിലപാടുമായി നിമിഷ അടുത്തത്. ദൈവരാജ്യ സങ്കൽപ്പത്തിൽ ലയിച്ചു പോയ നിമിഷ ഒടുവിൽ പഠനം ഉപേക്ഷിച്ചു. ഈസയെ വിവാഹം കഴിക്കുകയും ചെയ്തു. അതോടെ സ്വന്തം കുടുംബത്തേയും അവൾ ഉപേക്ഷിച്ചു. ഈസയോയൊപ്പം ദൈവരാജ്യത്തേക്കുള്ള പ്രയാണത്തിലായി അവൾ. സ്‌പെഷൽ ബ്രാഞ്ച് പൊലീസിന്റെ കണ്ടത്തലുകൾ അവഗണിച്ചതാണ് കാസർഗോഡു നിന്നും ഐസീസിലേക്കുള്ള ഇത്രയും പേരുടെ പലായനത്തിന് കാരണമായത്. യഥാസമയം ഇക്കാര്യത്തിലിടപെടാൻ അന്നത്തെ സംസ്ഥാന ആഭ്യന്തര വകുപ്പും അലംഭാവം കാട്ടി. ഐസിസിയിലേക്കുള്ള യുവാക്കളെ ആകർഷിക്കുകയും പ്രബോധനം നടത്തുകയും ചെയ്യുന്ന ഒരാൾ തളിപ്പറമ്പുകാരനാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള അന്വേഷണവും നടന്നു വരികയാണ്.

കേരളത്തിൽ നിന്നും ഐസീസിലേക്കു പോയ സംഘം ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെത്തിയതായി എമിഗ്രേഷൻ രേഖകൾ വഴി രഹസ്യാന്വേഷണ വിഭാഗത്തിന് വ്യക്തമായിട്ടുണ്ട്. പാസ്‌പ്പോർട്ട് വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൂടെയാണ് ഇവർ ടെഹ്‌റാനിൽ ഇറങ്ങിയത്. കഴിഞ്ഞ രണ്ടു മാസങ്ങളിലായി വിവിധ ഗൾഫ് രാജ്യങ്ങളിലൂടെ മൂന്നോ നാലോ സംഘങ്ങളായാണ് ഇവർ ടെഹ്‌റാനിലെത്തിയത്. ടെഹ്‌റാനിൽ നിന്നും ഇറാൻ സേനയുടെ കണ്ണുവെട്ടിച്ച് വേണം ഇസ്ലാമിക്ക് സ്‌റ്റേറ്റ്‌സ് എന്നറിയപ്പെടുന്ന സിറിയയിലെത്താൻ. എന്നാൽ നിമിഷയുൾപ്പെടെയുള്ളവർ തങ്ങൾ ശ്രീലങ്കയിലാണെന്നും ഉടൻ ജോലിയിൽ പ്രവേശിക്കുമെന്നും വാട്‌സ് ആപ്പ് സന്ദേശം വഴി അറിയിച്ചത് തെറ്റിദ്ധരിപ്പിക്കാനാണെന്നും അറിവായിട്ടുണ്ട്. സംസ്ഥാനം വിട്ടവരെല്ലാം തങ്ങൾ എങ്ങോട്ടാണ് പോകുന്നതെന്നും ദൗത്യം എന്താണെന്നും വ്യക്തമായി അരിവുള്ളവരാണ്.

കഴിഞ്ഞ മെയ് 24 ന് ഒരു സംഘം ബംഗളൂരുവിൽ നിന്നും കുവൈത്ത് വഴി വിമാനത്തിലൂടെ ഇറാനിലേക്ക് കടന്നു. രണ്ടാമത്തെ സംഘം മെയ് 31 ന് മുംബൈയിൽ നിന്നും മസ്‌ക്കറ്റ് വഴിയാണ് ഇറാനിലെത്തിയത്. മൂന്നാമത്തെ സംഘം ജൂൺ 2 ാം തീയ്യതി മുംബൈയിൽ നിന്നും വിമാനമാർഗ്ഗം ദുബായിലെത്തി. അവിടുന്ന് ടെഹ്‌റാനിലേക്ക് കടന്നു. ഹോസ് ദുർഗ്ഗ് ഡി.വൈ.എസ്. പി. സുനിൽ ബാബുവിന്റെ നേതൃത്വത്തിൽ 20 അംഗ പ്രത്യേക അന്വേഷണ പൊലീസ് സംഘം പ്രാഥമിക നടപടികൾ ആരംഭിച്ചിട്ടുണ്ട്. തൃക്കരിപ്പൂരിൽ നിന്നും കാണാതായവരെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകൾ ഇവർ ശേഖരിച്ചു വരികയാണ്.