ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാനുള്ള കഠിന ശ്രമത്തിലാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ. ഒരുപക്ഷേ കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തിന് ബ്ലഡ് മണി വാഗ്ദാനം ചെയ്യുകയും, അവർ അത് സ്വീകരിക്കാൻ തയ്യാറാവുകയും മാത്രമാണ് രക്ഷാമാർഗ്ഗം. യെമൻ പൗരന്റെ ബന്ധുക്കൾക്ക് രക്തധനം നൽകി ഒത്തു തീർപ്പിലെത്താമോ എന്ന പരിശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഇതിനായി നാലു കോടിയോളം രൂപ സമാഹരിക്കാനുള്ള പ്രചാരണ പരിപാടികളാണ് നടക്കുന്നത്.

അതിനിടെ, തന്നെ രക്ഷിക്കാൻ പരിശ്രമിക്കുന്നവർക്ക് നന്ദി അറിയിച്ച് നിമിഷപ്രിയ ജയിലിൽ നിന്ന് കത്തയച്ചു. തന്നെ രക്ഷിക്കുന്നതിനു വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഠിനാധ്വാനം ചെയ്യുന്നവർക്കാണ് നിമിഷപ്രിയ നന്ദി അറിയിച്ചിരിക്കുന്നത്. ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ ഭാരവാഹികൾക്കാണ് കത്ത് അയച്ചിരിക്കുന്നത്.

'ഞാൻ നിമിഷപ്രിയ, ഈ യെമൻ ജയിലിൽനിന്ന് എന്റെ ജീവൻ രക്ഷിക്കാനായി സഹായിക്കുന്ന വിദേശത്തും സ്വദേശത്തും ഉള്ള ഓരോ ബഹുമാനപ്പെട്ടവർക്കും, പ്രത്യേകമായി സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലിൽ ചേർന്നു പ്രവർത്തിക്കുന്നവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു' ഇതാണ് കത്തിലുള്ളത്.

നിമിഷപ്രിയയുടെ അമ്മയും മകളും അഭ്യർത്ഥനകളുമായി വിവിധ പ്രമുഖരെ സന്ദർശിച്ചിരുന്നു. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ നൽകിയ സഹായ വാഗ്ദാന പ്രതീക്ഷയിലാണ് കുടുംബം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിവർക്കും സഹായം അഭ്യർത്ഥിച്ച് കത്തയച്ചിട്ടുണ്ട്.

'എന്റെ മമ്മിയെ എനിക്കു രക്ഷിച്ചു തരണം' എന്ന അഭ്യർത്ഥനയോടെ നിമിഷപ്രിയയുടെ മകൾ ഇന്നലെ പാണക്കാട്ട് തറവാട്ടിലെത്തി സാദിഖ് അലി തങ്ങളെ കണ്ടു അഭ്യർത്ഥിച്ചു. അമ്മയ്ക്കും സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ അംഗങ്ങൾക്കും ഒപ്പമാണ് മകൾ പാണക്കാട്ട് എത്തിയത്. കഴിയുന്ന എല്ലാ സഹായവും നൽകാമെന്നും ഇടപെടൽ നടത്താമെന്നും അദ്ദേഹം വാഗ്ദാനം നൽകി. മറ്റു ഗൾഫ് രാജ്യങ്ങളെ പോലെ യെമനുമായി ബന്ധം കുറവാണ്. എങ്കിലും എംബസി, സർക്കാർ തലത്തിൽ ഇടപെടൽ നടത്തി നിമിഷപ്രിയയെ രക്ഷിക്കുന്നതിനുള്ള ശ്രമം ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017-ൽ കൊല്ലപ്പെട്ട കേസിൽ ലഭിച്ച വധശിക്ഷയിൽ ഇളവു ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയ നൽകിയ ഹർജി, യമനിലെ അപ്പീൽ കോടതി തള്ളിയിരുന്നു. അപ്പീൽ കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ സാധിക്കുമെങ്കിലും അതിൽ വലിയ പ്രതീക്ഷ നിയമവിദഗ്ദ്ധർ കാണുന്നില്ല. കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കൾക്ക് ബ്ലഡ് മണി നൽകി വധശിക്ഷയിൽനിന്ന് ഒഴിവാക്കുക എന്നതാണ് രണ്ടാമത്തെ സാധ്യത.

എന്നാൽ സുരക്ഷാകാരണങ്ങൾ കണക്കിലെടുത്ത് 2016 മുതൽ യെമനിലേക്ക് സഞ്ചരിക്കുന്നതിന് ഇന്ത്യക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ നിമിഷപ്രിയയുടെ ബന്ധുക്കൾക്കോ അവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന സംഘടനകളിലെ അംഗങ്ങൾക്കോ യെമനിലേക്ക് പോകാൻ കഴിയുന്നില്ല്.

ബ്ലഡ് മണി സ്വീകരിക്കാമെന്ന് യെമൻ പൗരന്റെ ബന്ധുക്കൾ അറിയിച്ചാലും, ആ പണം നിലവിൽ കൈമാറാൻ സാധിക്കാത്ത സാഹചര്യമാണ് യെമനിലേക്ക് പണം കൈമാറുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് കാരണമാണ് അത്. അതിനാൽ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടാണ് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017 ജൂലൈ 25നാണ് കൊല്ലപ്പെട്ടത്. തലാലിനൊപ്പം ക്ലിനിക് നടത്തിയിരുന്ന നിമിഷപ്രിയ കേസിൽ അറസ്റ്റിലായി. കീഴ്ക്കോടതി നിമിഷയ്ക്കു വധശിക്ഷ വിധിച്ചു. യെമൻകാരിയായ സഹപ്രവർത്തക ഹനാനും കേസിൽ വിചാരണ നേരിടുന്നുണ്ട്. കൊല്ലങ്കോട് സ്വദേശി പ്രേമകുമാരിയുടെ മകളാണു നിമിഷപ്രിയ.

തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നതാണ് കേസ്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്തു ഭാര്യയാക്കി വയ്ക്കാൻ ശ്രമിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം. ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദ്ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു.

ബ്ലഡ് മണി നൽകി പ്രശ്‌നം ഒത്തുതീർപ്പാക്കാനും ശ്രമം നടന്നിരുന്നു. ജീവൻ രക്ഷിക്കണമെന്ന അഭ്യർത്ഥനയുമായി നിമിഷപ്രിയ സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു.പീഡനങ്ങളും ദുരിതങ്ങളും സഹിക്കാനാവാതെ കൊലപാതകത്തിനു നിർബന്ധിതയായെന്നാണ് നിമിഷപ്രിയ സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ പറഞ്ഞിരുന്നത്. യെമനിൽ തലാൽ അബ്ദു മഹ്ദിയുമൊന്നിച്ചു ക്ലിനിക്ക് നടത്തുകയായിരുന്നു നഴ്സ് ആയ നിമിഷപ്രിയ. തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നും പാസ്പോർട്ട് പിടിച്ചുവച്ചു നാട്ടിൽ വിടാതെ പീഡിപ്പിച്ചെന്നും ലൈംഗിക വൈകൃതങ്ങൾക്കായി ഭീഷണിപ്പെടുത്തിയെന്നും ഇവർ പരാതി നൽകിയിരുന്നു.