- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര ഇടപെടൽ നടത്താനാവില്ല; യെമൻ പൗരന്റെ ബന്ധുക്കൾക്ക് ബ്ലഡ് മണി നൽകാനുള്ള ചർച്ചകളിലും ഇടപെടാൻ കഴിയില്ല; കുടുംബത്തിനും സംഘടനകൾക്കും സഹായം നൽകാമെന്നും കേന്ദ്രം; ഹർജി ഡൽഹി ഹൈക്കോടതി തള്ളി
ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനു നയതന്ത്ര ഇടപെടൽ നടത്താനാവില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇതോടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കുടുംബവും സംഘടനകളും നടത്തുന്ന ചർച്ചകൾക്ക് സഹായം നൽകാമെന്നും കേന്ദ്രം വ്യക്തമാക്കി.
സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിലാണ് ഹർജി നൽകിയത്. യെമനിൽ നടന്ന വിഷയത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിഷയത്തിൽ കേന്ദ്രനിലപാട് തേടിയത്. കൊല്ലപ്പെട്ട അബ്ദുമഹ്ദിയുടെ കുടുംബത്തിനു നഷ്ടപരിഹാരത്തുക നൽകി മോചനം സാധ്യമാക്കാനാണ് നയതന്ത്ര ഇടപെടൽ തേടുന്നതെന്ന് ആക്ഷൻ കൗൺസിൽ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കൾക്ക് ദയാധനം നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇടപെടാൻ കഴിയില്ല. നയതന്ത്ര വിഷയത്തിലുള്ള കാര്യങ്ങൾ തുറന്ന കോടതിയിൽ വെളിപ്പെടുത്താൻ കഴിയില്ലെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങൾക്ക് നിമിഷ പ്രിയയുടെ കുടുംബത്തിന് എല്ലാ സഹായവും നൽകും. ദയാധനം സംബന്ധിച്ചുള്ള ചർച്ചയ്ക്കായി യെമനിലേക്ക് നിമിഷ പ്രിയയുടെ ബന്ധുക്കളോ സംഘടനകളോ യെമനിലേക്ക് പോയാൽ അവർക്ക് എല്ലാ വിധ സഹായവും നൽകുമെന്നും സർക്കാർ വ്യക്തമാക്കി.
വധശിക്ഷയിൽ നിന്ന് ഇളവ് ആവശ്യപ്പെട്ട് നിമിഷ പ്രിയയുടെ ഹർജി യെമനിലെ അപ്പീൽ കോടതി തള്ളിയിരുന്നു. വിചാരണകോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെയായിരുന്നു അപ്പീൽ. സ്ത്രീയെന്ന പരിഗണന നൽകി വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ വധശിക്ഷ അപ്പീൽ കോടതി ശരിവെക്കുകയായിരുന്നു. 2017 ജൂലൈ 25 ന് യെമൻ പൗരനായ തലാൽ അബ്ദു മഹ്ദി എന്നയാളെ നിമിഷ പ്രിയയും സഹപ്രവർത്തകയും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.