ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശിായ മലയാളി നഴ്‌സ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള അവസാന വഴി തേടുകയാണ് കുടുംബം. നയതന്ത്ര ഇടപെടൽ നടത്താനാവില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയതോടെ, നിമിഷപ്രിയയെ കാണുന്നതിന് യാത്രാനുമതി തേടി അമ്മയും മകളും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും എട്ടുവയസ്സുകാരിയായ മകളുമാണ് സഹായം തേടിയിരിക്കുന്നത്.

യമനിലെത്തി നിമിഷപ്രിയയെ കാണാൻ ശ്രമിക്കുകയാണ് യാത്രയുടെ ലക്ഷ്യം. ഒപ്പം കൊല്ലപ്പെട്ട യമൻ പൗരൻ തലാലിന്റെ കുടുംബത്തെയും കാണും. കുടുംബത്തെ കണ്ടു മാപ്പ് അപേക്ഷിച്ചാൽ നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കഴിയുമോയെന്ന് ശ്രമിക്കും. ഇതിനായി വേണ്ട സഹായങ്ങൾക്കാണ് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്. ബന്ധുക്കളുടെ യാത്രയ്ക്കും കോൺസുൽ വഴി ജയിൽ അധികൃതരെ ബന്ധപ്പെടുന്നതിനും സഹായം നൽകാൻ മന്ത്രാലയം സന്നദ്ധമാണെന്നാണ് സൂചന.

സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടക്കുന്നുവെന്നും നിമിഷ പ്രിയ കുറ്റം ചെയ്തിട്ടില്ലെന്നും പ്രേമകുമാരി പ്രതികരിച്ചു. നിയമസഹായം കിട്ടാതിരുന്നപ്പോൾ വന്ന കീഴ്‌കോടതി വിധിയാണ് നിമിഷക്ക് തിരിച്ചടിയായതെന്ന് അവർ പറഞ്ഞു. മകളെ കാണാൻ യെമനിലേക്ക് പോകണമെന്നുണ്ടെന്നും ഇതിന്റെ സാധ്യത തേടുകയാണെന്നും അവർ പറഞ്ഞു.

നിമിഷപ്രിയയുടെ മോചനത്തിനു നയതന്ത്ര ഇടപെടൽ നടത്താനാവില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയതോടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. കുടുംബവും സംഘടനകളും നടത്തുന്ന ചർച്ചകൾക്ക് സഹായം നൽകാമെന്നും കേന്ദ്രം വ്യക്തമാക്കി.

സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിലാണ് ഹർജി നൽകിയത്. യെമനിൽ നടന്ന വിഷയത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിഷയത്തിൽ കേന്ദ്രനിലപാട് തേടിയത്. കൊല്ലപ്പെട്ട അബ്ദുമഹ്ദിയുടെ കുടുംബത്തിനു നഷ്ടപരിഹാരത്തുക നൽകി മോചനം സാധ്യമാക്കാനാണ് നയതന്ത്ര ഇടപെടൽ തേടുന്നതെന്ന് ആക്ഷൻ കൗൺസിൽ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കൾക്ക് ദയാധനം നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇടപെടാൻ കഴിയില്ല. നയതന്ത്ര വിഷയത്തിലുള്ള കാര്യങ്ങൾ തുറന്ന കോടതിയിൽ വെളിപ്പെടുത്താൻ കഴിയില്ലെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങൾക്ക് നിമിഷ പ്രിയയുടെ കുടുംബത്തിന് എല്ലാ സഹായവും നൽകും. ദയാധനം സംബന്ധിച്ചുള്ള ചർച്ചയ്ക്കായി യെമനിലേക്ക് നിമിഷ പ്രിയയുടെ ബന്ധുക്കളോ സംഘടനകളോ യെമനിലേക്ക് പോയാൽ അവർക്ക് എല്ലാ വിധ സഹായവും നൽകുമെന്നും സർക്കാർ വ്യക്തമാക്കി.

വധശിക്ഷയിൽ നിന്ന് ഇളവ് ആവശ്യപ്പെട്ട് നിമിഷ പ്രിയയുടെ ഹർജി യെമനിലെ അപ്പീൽ കോടതി തള്ളിയിരുന്നു. വിചാരണകോടതി വിധിച്ച വധശിക്ഷയ്ക്കെതിരെയായിരുന്നു അപ്പീൽ. സ്ത്രീയെന്ന പരിഗണന നൽകി വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ വധശിക്ഷ അപ്പീൽ കോടതി ശരിവെക്കുകയായിരുന്നു. കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കൾക്ക് ബ്ലഡ് മണി നൽകി വധശിക്ഷയിൽനിന്ന് ഒഴിവാക്കുക എന്നതാണ് രണ്ടാമത്തെ സാധ്യത.

എന്നാൽ സുരക്ഷാകാരണങ്ങൾ കണക്കിലെടുത്ത് 2016 മുതൽ യെമനിലേക്ക് സഞ്ചരിക്കുന്നതിന് ഇന്ത്യക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ നിമിഷപ്രിയയുടെ ബന്ധുക്കൾക്കോ അവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന സംഘടനകളിലെ അംഗങ്ങൾക്കോ യെമനിലേക്ക് ഇതുവരെ പോകാൻ കഴിഞ്ഞില്ല. അതിനാൽ തന്നെ യെമൻപൗരന്റെ ബന്ധുക്കളുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല.

ബ്ലഡ് മണി സ്വീകരിക്കാമെന്ന് യെമൻ പൗരന്റെ ബന്ധുക്കൾ അറിയിച്ചാലും, ആ പണം നിലവിൽ കൈമാറാൻ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത്. യെമനിലേക്ക് പണം കൈമാറുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് കാരണമാണ് അത്. അതിനാൽ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യമാണ്.

(വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് നാളെ(15-04-2022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ പോർട്ടലിൽ അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ)