മലപ്പുറം: കരുവാരക്കുണ്ടിൽ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ പൗര പ്രമുഖർ ടക്കമുള്ള ഒമ്പത് പേർ അറസ്റ്റിൽ. 15 കാരനെ പീഡിപ്പിച്ച സംഭവത്തിൽ കരുവാരക്കുണ്ട് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലായാണ് ഒമ്പത് പേരെ സി.ഐ യൂസഫ്, എസ്.ഐ ജ്യോതീന്ദ്രകുമർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

2015, 2016 വർഷങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2015ലെ സംഭവത്തിൽ പ്രതികളായ ഇരിങ്ങാട്ടിരി സ്വദേശികളായ കുന്നത്തൊടി ഹുസൈൻ (52), വാക്കയിൽ അമീർ അലി (30), കോഴിശേരി അബ്ദുൽ ജലീൽ (36), ചേലേക്കോടൻ അലവി (40), അരിപ്ര തൊടിക മുഹമ്മദലി ( 53) എന്നിവരേയും 2016ലെ പീഡനങ്ങളിൽ പുത്തൂർ മുഹമ്മദ് എന്ന ബാപ്പുട്ടി (60), വാക്കയിൽ ഫൈസൽ (39), പൂളക്കുന്നൻ ചന്ദ്രൻ (38), പൊതുവച്ചോല അബ്ബാസ് (42) എന്നിവരേയുമാണ് അറസ്റ്റ് ചെയ്തത്.

കൽക്കുണ്ട് ചേരിയിലും പരിസര പ്രദേശത്തുമായി പതിനാലുകാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പ്രതികളായ ഒമ്പത് പേർക്കെതിരെ ഐപിസി 377, പോക്‌സോ തുടങ്ങിയ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. നാട്ടിലെ ധനികർ മുതൽ മഹല്ലിലെ കാരണവന്മാർ വരെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.

കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി പ്രതികൾ വിദ്യാർത്ഥിയെ പലതവണ പീഡിപ്പിച്ചിരുന്നതായി മൊഴി നൽകിയിട്ടുണ്ട്. പീഡനത്തിനു ശേഷം പതിനഞ്ചും ഇരുപതും രൂപ വിദ്യാർത്ഥിക്ക് പ്രതികൾ നൽകിയിരുന്നു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് സൂചന. നിലവിൽ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഒമ്പത് പ്രതികളെ അറസ്റ്റ് ചെയ്തത്. സെക്‌സിൽ അമിത താൽപര്യം പ്രകടിപ്പിക്കാൻ തുടങ്ങിയ വിദ്യാർത്ഥിയെ വീട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്.

ആൺകുട്ടി, അയൽവീട്ടിലെ സ്ത്രീകളുടെ അടിവസ്ത്രം എടുത്ത് സെക്‌സിൽ അമിത താൽപര്യം കാണിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇത്തരം കാര്യങ്ങൾ പഠിച്ചതിനെ കുറിച്ച് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം വീട്ടുകാർ അറിയുന്നത്. വിവരം ചൈൽഡ് ലൈനിൽ അറിയിച്ചതിനെ തുടർന്ന് ജില്ലാ ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയതോടെ പീഡനത്തെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്തു വരികയായിരുന്നു.

ചൈൽഡ് ലൈൻ പൊലീസിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതും അറസ്റ്റുൾപ്പെടെയുള്ള നടപടികളും ഉണ്ടായത്. പൊലീസിലും കുട്ടി മൊഴി ആവർത്തിച്ചിട്ടുണ്ട്.

നാലും അഞ്ചും പേർ മാറി മാറി പീഡനത്തിനിരയാക്കിയിരുന്നതായും ഇതിന് ശേഷം പനിഞ്ചും ഇരുപതും രൂപയെല്ലാം തരുമായിരുന്നെന്നും കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. അശ്ലീല ചിത്രങ്ങൾ കാണിച്ചും മറ്റും കുട്ടിയിൽ സെക്‌സ് ചിന്തകൾ കുത്തവച്ചാണ് പ്രതികൾ പീഡിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പീഡന കഥ പുറത്തായതോടെ നാട്ടിലെ പകൽ മാന്യന്മാരുടെ മുഖമൂടിയാണ് വലിച്ചു ചീന്തപ്പെട്ടത്. ഞായറാഴ്ച രാത്രി പൊലീസ് പ്രതികൾക്കായി വലവിരിച്ച് എല്ലാവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.