കോതമംഗലം: ആത്മഹത്യ അനുകരിച്ചതാവാം വാരപ്പെട്ടി ഇളങ്ങവത്ത് ഒൻപതു വയസുകാരി ആദിത്യയുടെ ജീവൻ പൊലിയാൻ കാരണമെന്ന് പൊലീസ് നിഗമനം. ഇന്നലെ വൈകിട്ട് വീട്ടിലെ കുളിമുറിയിൽ കഴുത്തിൽ തോർത്തു മുറുകിയ നിലയിൽ സഹോദരി പവിത്രയാണ് ആദിത്യയെ കണ്ടെത്തിയത്. അയൽവാസികൾ ചേർന്ന് ഉടൻ മുവാറ്റുപുഴയിലെ സ്വകാര്യ ആശൂപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഇളങ്ങവം ഗവ.എൽ.പി. എസ് നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ആദിത്യ സ്‌കൂളിലെന്ന പോലെ നാട്ടുകാരുടെയും കുസൃതിക്കുടുക്കയായിരുന്നു. പഠിത്തത്തിലും കലാരംഗത്തും ഒരുപോലെ മികവുപുലർത്തിയിരുന്ന ഈ കുരുന്നിന്റെ വേർപാട് നാടിന്റെ നൊമ്പരമായി മാറി. ആദിത്യക്ക് നേരിട്ട ദുരന്തമറിഞ്ഞ് വാരപ്പെട്ടി ഇളങ്ങവം ഇടശ്ശേരിക്കുടി വീട്ടിലേക്ക് ഇന്നലെ രാത്രി മുതൽ നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു.

ഇടശ്ശേരിക്കുടി ഹരി-രജനി ദമ്പതികളുടെ ഇളയ മകളാണ് വിടരും മുമ്പെ മരണത്തെ പുൽകിയ ആദിത്യ. ഇന്ന് രാവിലെ കോതമംഗലം എസ് ഐ സുധീർ മനോഹറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.തുടർന്ന് മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ഉച്ചയോടെ ഇളങ്ങവത്തെ വീട്ടിലെത്തിച്ചതോടെ സ്ത്രീകളും കുട്ടികളുടെയും ദുഃഖം നിയന്ത്രണാതീതമായി. എങ്ങും നിലവിളിയും തേങ്ങലും മാത്രം. നിമിഷങ്ങൾക്കുള്ളിൽ ഇളങ്ങവം ദുഃഖസാഗരമായി.

ഇന്നലെ വൈകിട്ട് 5 മണിയോടെ പവിത്രയോട് കുളിക്കാനെന്നും പറഞ്ഞാണ് ആദിത്യ മുറിക്കകത്തേക്കുപോയത്. ഈ സമയം എസ് എസ് എൽ സി വിദ്യാർത്ഥിനിയായ പവിത്ര പഠിത്തത്തിന്റെ തിരക്കിലായിരുന്നു. ഇരുപതു മിനിട്ടോളം കഴിഞ്ഞിട്ടും കുളികഴിഞ്ഞ് വരാത്തതിനെ തുടർന്ന് പവിത്ര കുളിമുറിക്കടുത്തെത്തി'ആദി'യെ വിളിച്ചു. ഈ സമയം കുളിമുറിയിൽ നിന്നും യാതൊരനക്കവും പുറത്തു കേട്ടില്ല. ഉള്ളിൽ നിന്നും കുറ്റിയിട്ടിട്ടുമുണ്ടായിരുന്നു. വീണ്ടും ഉച്ചത്തിൽ പലതവണ വിളിച്ചിട്ടും ഫലമുണ്ടാവാത്തിനെത്തുടർന്ന് ഭയവിഹ്വലയായ പവിത്ര നിലവിളിച്ചുകൊണ്ട് അയൽ വീട്ടിലെത്തി വിവരം പറഞ്ഞു.

ഇതേത്തുടർന്ന് സമീപവീടുകളിലെ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘമെത്തി കൊളുത്തുതകർത്ത് കുളിമുറിയുടെ വാതിൽ തുറന്നപ്പോൾ കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിൽ ആദിയെ കണ്ടെത്തുകയായിരുന്നു. കുളിമുറിയിലെ ബക്കറ്റ് കമഴ്‌ത്തി വച്ച നിലയിലായിരുന്നു. കുളിമുറിയിൽ തുണിയിടുന്നതിനായി സ്ഥാപിച്ചിരുന്ന പൈപ്പിൽ കുടുക്കിട്ട് മുറുക്കിയ തോർത്തിന്റെ മറ്റേയറ്റം ആദിത്യയുടെ കഴുത്തിൽ മുറുകിയിട്ടുമുണ്ടായിരുന്നു. ഭിത്തിയോടു ചേർന്നു കാലുകൾ നിലത്തുമുട്ടിയ നിലയിലായിരുന്നു ചലനമറ്റ ആദിത്യയുടെ ശരീരം കാണപ്പെട്ടത്.

ആദിയുടെ മരണത്തിനു പിന്നിൽ ബാഹ്യഇടപെടലുകൾക്കുള്ള ഒരു സാധ്യതയുമില്ലെന്നാണ് പൊലീസ് നിഗമനം. സിനിമകളിലും സീരിയലുകളിലും കണ്ടിട്ടുള്ള തൂങ്ങി മരണം കലാകാരികൂടിയായ ആദി അനുഭവിച്ചറിയുന്നതിനു ശ്രമിച്ചിരിക്കാമെന്നും ഇതിനിടയിൽ കഴുത്തിൽ തോർത്ത് മുറുകിയതാവാം മരണത്തിന് കാരണമായതെന്നുമാണ് ഇതുവരെയുള്ള പൊലീസ് നിഗമനം.