ദുബായ്/അഹമ്മദാബാദ്: കേരളത്തിലെ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തേക്കുള്ള യാത്രയ്ക്ക് മുൻകരുതൽ എടുക്കണമെന്ന നിർദേശങ്ങളുമായി വിവിധ സംസ്ഥാനങ്ങൾ രംഗത്തെത്തി തുടങ്ങി. തമിഴ്‌നാടിന് പിന്നാലെ ഗുജറാത്തും കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കേരളത്തിൽ നിന്നും എത്തുന്നവരെ നിരീക്ഷിക്കണമെന്നും വ്യക്തമാക്കി. ഗുജറാത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്.

കേരളത്തിൽ നിന്നു ഗുജറാത്തിലെ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും എത്തുന്നവരെ ആവശ്യമെങ്കിൽ പരിശോധിക്കാനും മെഡിക്കൽ ഓഫിസർമാർക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. സംസ്ഥാനമെമ്പാടും ജാഗ്രതാ നിർദേശത്തിനും ഉദ്യോഗസ്ഥർക്കു സർക്കാർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ജാഗ്രതയോടെയിരിക്കാൻ ജില്ലാ കലക്ടർമാർ, വികസന ഓഫിസർമാർ, ജില്ലാ ആരോഗ്യവകുപ്പ് തലവന്മാർ തുടങ്ങിയവരോടു ദേശീയ ആരോഗ്യ മിഷന്റെ സംസ്ഥാന ഡയറക്ടർ ഗൗരവ് ദാഹിയ നിർദ്ദേശം നൽകി. 'ഗുജറാത്തിലെ സ്ഥിതിഗതികളെല്ലാം നിയന്ത്രണവിധേയമാണ്. കേരളത്തിലെ രണ്ടു ജില്ലകളിൽ മാത്രമാണു നിലവിൽ നിപ്പ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുള്ളത്. പക്ഷേ ജാഗ്രതയോടെയിരിക്കാൻ ജില്ലാ ആരോഗ്യവകുപ്പു തലവന്മാർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്'ദാഹിയ പറഞ്ഞു.

കേരളത്തിൽ നിന്നു ഗുജറാത്തിലേക്കെത്തുന്ന ജനങ്ങളെ നിരീക്ഷിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ട്. ആരുടെയെങ്കിലും ആരോഗ്യനിലയിൽ സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര നടപടി സ്വീകരിക്കണമെന്നു നിർദേശിച്ചതായും ദാഹിയ പറഞ്ഞു. ആർക്കെങ്കിലും രോഗലക്ഷണം കണ്ടെത്തിയാൽ ഉടനടി നിരീക്ഷണത്തിനും പ്രാഥമിക ചികിത്സയ്ക്കും വിധേയമാക്കാനും നിർദേശമുണ്ട്. ആവശ്യമെങ്കിൽ മറ്റുള്ളവരിൽ നിന്നു മാറ്റി ചികിത്സ ഉറപ്പാക്കും.

രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ പുണെയിലെ വൈറോളജി ലാബിലേക്കു രക്തസാംപിളുകൾ വൈകാതെ അയയ്ക്കാനും നിർദേശമുണ്ട്. നിപ്പ വിഷയത്തിൽ നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോളുമായി സംസ്ഥാനം നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ആരോഗ്യവകുപ്പ് യോഗവും ചേർന്നു. രോഗത്തിനെതിരെ മുൻകരുതൽ നടപടികളെക്കുറിച്ച് എല്ലാവരെയും ബോധവൽകരിച്ചിട്ടുണ്ടെന്നും ദാഹിയ പറഞ്ഞു.

അതേസമയം പ്രവാസികൾക്കും ആശങ്കപ്പെടാൻ ഏറെയുള്ള നടപടികളാണ് വിദേശ രാജ്യങ്ങളും കൈക്കൊള്ളുന്നത്. നിപ്പ വൈറസ് ബാധയെത്തുടർന്നുള്ള കേരളത്തിലെ മരണങ്ങൾ ഗൾഫ് രാജ്യങ്ങളും ഗൗരവത്തിൽ എടുക്കുന്നുണ്ട്. ഇപ്പോൾ കേരളത്തിലുള്ളവരോടും കേരളത്തിലേക്ക് യാത്രക്കൊരുങ്ങുന്നവരോടും ജാഗ്രത പുലർത്താൻ യു.എ.ഇ , ബഹ്റൈൻ എന്നീ രാജ്യങ്ങൾ നിർദ്ദേശം നൽകി. വിദേശ മാധ്യമങ്ങളിൽ അടക്കം വലിയ തോതിൽ നിപ സംബന്ധിച്ച വാർത്തകൾ വന്നിരുന്നു.

സ്ഥിതിഗതികൾ നിയന്ത്രണത്തിലാവുന്നതു വരെ കേരളത്തിലേക്കുള്ള യാത്ര നിർത്തിവെക്കാനാണ് ബഹ്റൈൻ അവരുടെ പൗരന്മാരോട് നിർദ്ദേശിച്ചിരിക്കുന്നത്. ബഹ്റൈനിന്റെ മുംബൈയിലെ കോൺസുലേറ്റാണ് ബുധനാഴ്ച ട്വിറ്റർ സന്ദേശത്തിലൂടെ ഇക്കാര്യം ഓർമ്മിപ്പിച്ചത്. യു.എ.ഇ യുടെ തിരുവനന്തപുരത്തെ കോൺസുലേറ്റാണ് നിപ്പ വൈറസിനെ കുറിച്ച് അവരുടെ പൗരന്മാരോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടത്. കേരളത്തിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമുള്ള പൗരന്മാർക്കായി കോൺസുലേറ്റന്റെ ഔദ്യോഗിക ട്വിറ്റർ പേജിലായിരുന്നു മുന്നറിയിപ്പ്. നിപ്പ വൈറസ് ബാധക്ക് എതിരെ ഇന്ത്യ-കേരള സർക്കാരുകൾ നൽകുന്ന മുൻകരുതലുകൾ ശ്രദ്ധിക്കണമെന്നും യു.എ. ഇ കോൺസുലേറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ടൂറിസത്തിന് തിരിച്ചടിയാകും

അടുത്ത മൂന്നുമാസത്തേക്കു ആയുർവേദ ചികിത്സയ്ക്കും യോഗ പരിശീലനത്തിനുമായി കേരളത്തിലെ ഒട്ടു മിക്ക റിസോർട്ടുകളും ബുക്കിങ് പൂർത്തിയാകുന്ന സമയം ആയതിനാൽ ടൂറിസ്റ്റുകൾ യാത്ര ഉപേക്ഷിച്ചാൽ വിനോദ സഞ്ചാര മേഖലയ്ക്ക് വരുത്തുന്ന നഷ്ടം ഭീമമായിരിക്കും. ഇത്തരം ഒരു സാഹചര്യം മുൻപ് കേരളം അഭിമുഖീകരിച്ചിട്ടില്ലാത്തതിനാൽ വേണ്ട നടപടിക്രമങ്ങളെ പറ്റി പലയിടത്തും ആവശ്യമായ ധാരണയില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സർക്കാർ വിഷയത്തിൽ യുദ്ധകാല നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രത്യാഘാതം രൂക്ഷമായിരിക്കും എന്ന് കോൺഫെഡറേഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രി, കേരള മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

വവ്വാലിൽ നിന്നും പടരുന്ന നിപ വൈറസ് പനി ബാധ കേരളത്തിൽ സ്ഥിരീകരിച്ചതോടെ ഇന്നലെ ബിബിസിയും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പുമായി രംഗത്ത് എത്തി. ഇതോടെ കേരളത്തിൽ അവധിക്കാലം ചെലവിടാൻ തയ്യാറെടുക്കുന്ന ഒട്ടേറെ വിദേശികൾ ആശങ്കയിലായി. കേരളത്തിൽ പതിവായി മൺസൂൺ സീസൺ ആഘോഷിക്കാൻ എത്തുന്നവരാണ് പനിഭീതിയിൽ പരിഭ്രാന്തരായിരിക്കുന്നത്. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പടരുന്നത് ഒഴിവാക്കുന്നതിന് കേരള സർക്കാർ ഏറെക്കുറെ ശ്രമം നടത്തിയെങ്കിലും നിപ വാർത്തകൾ കാട്ടുതീ പോലെ ലോക മാധ്യമങ്ങളിൽ പടരുകയാണ്. സംഭവത്തിന്റെ നിജസ്ഥിതി വിദേശ മാധ്യമങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതോടെ യൂറോപ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങി ഏഷ്യൻ രാജ്യങ്ങളായ ബർമയിലും ബംഗ്ലാദേശിലും ഇൻഡിനേഷ്യയിലും ചൈനയിലും ഒക്കെ ഭയപ്പെടുത്തും വിധം കേരളത്തിലെ പനിബാധയെക്കുറിച്ചു വാർത്തകൾ പ്രചരിക്കുകയാണ്.

പനി ബാധിതരെ ചികിൽസിച്ച നഴ്സ് ഉൾപ്പെടെയുള്ളവരുടെ മരണമാണ് ലോകമാധ്യമങ്ങളുടെ ശ്രദ്ധ സംഭവത്തിലേക്ക് എത്തിച്ചത്. ലിനിയുടെ മരണം വൻ പ്രാധാന്യത്തോടെയാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചികിത്സിച്ച നഴ്സിന്റെ പെട്ടെന്നുള്ള മരണവും വീട്ടുകാരെ പോലും കാണിക്കാതെ മൃതദേഹം സംസ്‌ക്കരിച്ചതിനും മാധ്യമങ്ങൾ വൻ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇതെല്ലാം ടൂറിസ്റ്റുകെള ഭയപ്പെടുത്തും വിധമാണ്.സാധാരണ ഇത്തരം സാഹചര്യത്തിൽ ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് യാത്ര വിലക്ക് ഏർപ്പെടുത്താറുണ്ടെങ്കിലും നിപ പനി സംബന്ധിച്ച് ഇതുവരെ വിലക്ക് പുറത്തു വന്നിട്ടില്ല. അതേ സമയം ബ്രിട്ടീഷ് മാധ്യമങ്ങൾ നിരവധി റിപ്പോർട്ടുകൾ പുറത്തു വിടുന്നുണ്ട്. ബ്രിട്ടീഷ്, ഓസ്ട്രേലിയൻ മാധ്യമങ്ങളാണ് ലോക തലത്തിൽ കൂടുതൽ വാർത്തകളുമായി പ്രത്യക്ഷപ്പെടുന്നത്.