കോഴിക്കോട്: സംസ്ഥാനത്ത് മൊത്തമായി ജനങ്ങളെയും ആരോഗ്യ സുരക്ഷാ സംവിധാനങ്ങളേയും സർക്കാരിനേയും മുൾമുനയിൽ നിർത്തിയ നിപാ വൈറസ് ബാധയുടെ ഉറവിടം എവിടെനിന്ന്? വാവലുകളിൽ നിന്നാണ് രോഗം പടർന്നതെന്നും ആദ്യം രോഗം കണ്ടെത്തിയവരേയും അവരുടെ വീടിന്റെ സമീപത്തെ പറ്റിയും അന്വേഷണം നടന്നതിൽ നിന്നാണ് ഇത്തരമൊരു സംശയം ഉടലെടുത്തത്. എന്നാൽ രോഗബാധയുണ്ടായത് വാവലിൽ നിന്നല്ലെന്ന് പരിശോധനാഫലം പുറത്തുവന്നു.

പ്രദേശത്ത് രോഗം ബാധിച്ചിരിക്കാൻ സാധ്യതയുള്ള മൃഗങ്ങളുടേയും കിണറിൽ കണ്ടെത്തിയ വാവലിന്റേയും ശാരീരിക സ്രവങ്ങൾ പരിശോധനയ്ക്കായി അധികൃതർ അയച്ചിരുന്നു. ഇതിൽ എല്ലാ ഫലവും നെഗറ്റീവാണെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന വാവലുകളുടെ സാമ്പിളുകളാണ് ശേഖരിച്ച് പരിശോധിച്ചത്. നിപാ വൈറസ് വാവലിന്റെ ശരീരത്തിലാണ് ഉള്ളതെന്നും അതിന്റെ ഉമിനീരിലും വിസർജ്യങ്ങളിലും വൈറസുകൾ ഉണ്ടാവുമെന്നും ഇത് മനുഷ്യരിലേക്ക് പല രീതിയിൽ പടരാമെന്നും ആയിരുന്നു ആദ്യ നിഗമനം.

മലപ്പുറം പേരാമ്പ്ര ചങ്ങരോത്തെ കുടുംബത്തിലാണ് ആദ്യം ഇത്തരമൊരു പനി സ്ഥിരീകരിക്കുന്നത്. ഈ കുടുംബത്തിലെ മൂന്നുപേർ വൈറസ് ബാധയേറ്റ് മരിച്ചു. ആദ്യം രണ്ട് മക്കളും ഇന്നലെ ഇവരുടെ പിതാവും. ഇവരുടെ വീടിന് സമീപത്തെ കിണറിലെ വാവലുകളിൽ നിന്നാണ് പനിബാധ ഉണ്ടായതെന്നായിരുന്നു നിഗമനം. ഈ നിലയിൽ ആരോഗ്യ പ്രവർത്തകരും വാവലിൽ നിന്നാണ് രോഗം പകർന്നതെന്ന് ഉറപ്പിച്ച് വിശ്വസിക്കുകയും ചെയ്തു.

എന്നാൽ ഭോപ്പാലിലേക്കണ് പേരാമ്പ്രയിലെ കുടുംബത്തിന് രോഗബാധ പകർന്നതെന്ന സംശയത്തിൽ വാവലുകളുടെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. ശേഷം കിണർ വലയിട്ട് മൂടുകയും ചെയ്തു. എന്നാൽ ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന വാവലുകളിൽ നിന്ന് എങ്ങനെയാണ് പഴങ്ങളിലേക്ക് രോഗം പകരുകയെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പലരും ഉയർത്തി. ഇപ്പോൾ പരിശോധനാഫലം പുറത്തുവന്നതോടെ എവിടെ നിന്നാണ് രോഗകാരിയായ വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്ന ചോദ്യം ബാക്കിയാവുകയാണ്.

എന്തായാലും കിണറിലെ വാവലിൽ നിന്നല്ല രോഗം പകർന്നതെന്നും സമീപത്തെ മൃഗങ്ങളിൽ നിന്ന് ശേഖരിച്ച സ്രവങ്ങളിൽ വൈറസ് സാന്നിധ്യമില്ലെന്നും സ്ഥിരീകരിച്ചതോടെ ഇതിന്റെ ഉറവിടത്തെ സംബന്ധിച്ച സംശയം ശക്തമാകുകയാണ്. കേരളത്തിലെ വൈറസ് ബാധ മരുന്നു മാഫിയയുടേയും ആശുപത്രി മാഫിയയുടേയും സൃഷ്ടിയാണെന്ന വാദം കുറച്ചുദിവസമായി സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. വാദപ്രതിവാദങ്ങളും നടക്കുന്നു. ഇതിനിടയിലാണ് പരിശോധനാ ഫലങ്ങളും പുറത്തുവരുന്നത്.

പേരാമ്പ്രയിലെ വാവലുകളിൽ വൈറസ് ഇല്ല

പേരാമ്പ്രയിൽ നിന്ന് പിടികൂടിയ വവ്വാലുകളിൽ നിപാ വൈറസിനെ കണ്ടെത്താനായില്ല എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്. ഇത് സംബന്ധിച്ചുള്ള പരിശോധന ഫലങ്ങൾ ഭോപ്പാലിലെ ലാബിൽ നിന്ന് ഇന്ന് ലഭിച്ചതോടെ അധികൃതരും ആശയക്കുഴപ്പത്തിലാണ്. പഴങ്ങൾ ഭക്ഷിക്കുന്ന വാവലുകളിലാണ് നിപാ വൈറസ് കാണാറുള്ളതെന്ന് റിപ്പോർട്ടുകളുണ്ട്. അതിനാൽ പ്രദേശത്തെ മറ്റിനം വാവലുകളെ കൂടി പിടികൂടി പരിശോധനയ്ക്ക് അയക്കാനാണ് അധികൃതരുടെ തീരുമാനം.

രോഗം ആദ്യം സ്ഥിരീകരിച്ച ചങ്ങരോത്തെ മൂസയുടെ വീട്ടിലെ കിണറ്റിലെ വവ്വാലുകളെയാണ് പരിശോധിച്ചത്. രക്തം, സ്രവം, തൊലി എന്നിവയടക്കം വവ്വാലിൽ നിന്ന് എടുത്ത നാല് സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിരുന്നത്. ഇത് കൂടാതെ സമീപത്തെ പശു, ആട്, മുയൽ എന്നീ ജീവികളുടെയും സാമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു. മൊത്തം 25 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. പഴങ്ങൾ കഴിക്കുന്ന വവ്വാലുകളിൽ നിന്നാണ് നിന്നാണ് വൈറസ് പടരുകയെന്ന് നേരത്തെ വിദഗ്ദ്ധർ വ്യക്തമാക്കിയിരുന്നു. പേരാമ്പ്രയിൽ നിന്ന് പിടികൂടിയത് ഇത്തരം വവ്വാലുകളെ അല്ല. അതിനാൽ ഇവയിൽ നിന്നാകില്ല രോഗം പടർന്നതെന്ന വാദം നേരത്തേ ഉയർന്നിരുന്നു.

കിണറ്റിനുള്ളിൽ നിന്നും ലഭിച്ചത് ഇൻസെക്ടിവോർസ് വവ്വാലുകളെ ആണ്. അതായത് ചെറിയ വവ്വാലുകളെ. ഇപ്പോൾ പിടിച്ച സ്പീഷീസിൽ നിപ്പാ വൈറസിന്റെ സാന്നിധ്യം മുൻപ് കണ്ടുപിടിച്ചിട്ടില്ലാത്തതുമാണ്. എന്നിട്ടും വാവലുകളിൽ നിന്നാണ് രോഗം പടർന്നതെന്ന വാദം ആദ്യംതന്നെ ഉയർന്നത് എന്തുകൊണ്ടെന്നകാര്യം പരിശോധിക്കേണ്ടതാണെന്ന് ആരോഗ്യ പ്രവർത്തകർ തന്നെ ചൂണ്ടിക്കാട്ടുന്നു.

ചെറു പ്രാണികളും കൊതുകുകളും നിശാശലഭങ്ങളും ഒക്കെയാണ് ഇ്‌പ്പോൾ പരിശോധനയ്ക്ക് അയച്ച ചെറു വാവലുകളുടെ ആഹാരം. ശരീരഭാരത്തിന് അടുപ്പിച്ച് ആഹാരം ഇവർ ദിവസവും അകത്താക്കും. സസ്യങ്ങളിൽ ചില രോഗങ്ങൾ ഉണ്ടാക്കുന്ന നിശാശലഭങ്ങളെയും അകത്താക്കും. അഞ്ച് കിലോമീറ്റർ ഒക്കെയാണ് ദിവസ സഞ്ചാരം. 10 കിലോമീറ്ററിനപ്പുറം പോകാനുള്ള കഴിവൊന്നും ഇല്ല. ചെറിയ വവ്വാലുകൾ ആകെ അൻപതോളം സ്പീഷീസുകൾ കേരളത്തിലുണ്ട്. കിണറിലും അതുപോലെ പകൽവെളിച്ചത്തിന്റെ മറയുള്ള പാറയിടുക്കുകളിലുമാണ് ഇവയുടെ വാസം. എന്നാൽ ഇവയാകാം രോഗം പടർത്തിയതെന്ന നിലയിലാണ് അന്വേഷണവും ആദ്യഘട്ടത്തിൽ പ്രചരണവും നടന്നത്. ഇത് തെറ്റാണെന്ന് ഇപ്പോൾ വ്യക്തമായതോടെ മറ്റ് സാധ്യതകൾ പരിശോധിക്കുകയാണ് ആരോഗ്യ വിഭാഗം.

ഫ്രൂട്ട് വവ്വാലുകൾ, അഥവാ വലിയ വവ്വാലുകൾ കേരളത്തിലാകെ ആറ് സ്പീഷീസ്. ഒന്നിൽ നിന്നും കേരളത്തിൽ ഇതുവരെ നിപ്പാ വൈറസ് കണ്ടുപിടിച്ചിട്ടില്ല. എന്നാൽ കേരളത്തിനു വെളിയിൽ ഇതിലെ മൂന്ന് സ്പീഷീസുകളിൽ നിന്നും വൈറസിനെ കണ്ടുപിടിച്ചിട്ടുണ്ട്. വൈറസിന്റെ ഉറവിടം കണ്ടെത്താൻ കൂടുതൽ പരിശോധന നടത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. രോഗം ആദ്യം സ്ഥിരീകരിച്ച സാബിത്ത് സഞ്ചരിച്ച സ്ഥലങ്ങൾ പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലം വരുമ്പോഴേ കേരളത്തെ മുൾമുനയിലാക്കുകയും ഇതുവരെ പത്തിലേറെ പേരുടെ ജീവനെടുക്കുകയും ചെയ്ത നിപാ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനാകൂ.

നിപ വൈറസ് ബാധിച്ച ആദ്യ കുടുംബത്തിന് നഷ്ടമായത് മൂന്നുപേരെ

ഇന്നലെ രോഗം ബാധിച്ചു മരിച്ചത് നിപ്പ വൈറസിന്റെ ആദ്യ ഇരകളായ മുഹമ്മദ് സാബിത്തിന്റെയും മുഹമ്മദ് സാലിഹിന്റെയും പിതാവ് പേരാമ്പ്ര ചങ്ങരോത്തു സ്വദേശി മൂസ(62) ആണ്. ഇതോടെ ആകെ മരണം 12 ആയി. മൂസ കഴിഞ്ഞ 17 മുതൽ ചികിൽസയിലായിരുന്നു. രോഗം ആദ്യം സ്ഥിരീകരിച്ച മൂത്തമകൻ സാലിഹ് 18നു മരിച്ചു. മറ്റൊരു മകൻ സാബിത്ത് അഞ്ചിനു മരിച്ചെങ്കിലും സ്രവ സാംപിൾ അയയ്ക്കാൻ കഴിയാതിരുന്നതിനാൽ നിപ്പയാണു കാരണമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല; എന്നാൽ ലക്ഷണങ്ങൾ ഇതുതന്നെയായിരുന്നു. മൂസയുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തില്ല. കബറടക്കം അതീവ സുരക്ഷാ മുൻകരുതലുകളോടെ കോഴിക്കോട് കണ്ണംപറമ്പിൽ നടത്തുകയായിരുന്നു. പത്തടി താഴത്തിൽ കുഴിയെടുത്താണ് മൂസയെ സംസ്‌ക്കരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്റേൺഷിപ്പിലായിരുന്ന നഴ്സിങ് വിദ്യാർത്ഥിനിക്കുകൂടി രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മൂന്നുപേരാണു ചികിൽസയിലുള്ളത്. ഇതിനിടെ രോഗ പ്രതിരോധത്തിനായി ആസ്‌ട്രേലിയയിൽ നിന്നുൾപ്പെടെ മരുന്ന് എത്തിക്കാനായി.
ഇന്നലെ പ്രവേശിപ്പിച്ച അത്തോളി സ്വദേശി ഉൾപ്പെടെ മറ്റു 11 പേരും രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജിലുണ്ട്. ഏഴു സാംപിൾ കൂടി പരിശോധനയ്ക്ക് അയച്ചു. ആരോഗ്യവകുപ്പു പുറത്തുവിട്ട കണക്കുപ്രകാരം കേരളത്തിൽ നിപ്പ ലക്ഷണങ്ങളോടെ 29 പേരാണു ചികിൽസയിലുള്ളത്. രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ: കോഴിക്കോട് 11, മലപ്പുറം ഒൻപത്, എറണാകുളം നാല്, കോട്ടയം രണ്ട്, തിരുവനന്തപുരം, തൃശൂർ, വയനാട് ഒന്നു വീതം. എന്നാൽ എറണാകുളത്തു നിന്നുള്ള റിപ്പോർട്ട് പ്രകാരം ജില്ലയിൽ ആർക്കും നിപ്പ ലക്ഷണങ്ങളില്ല; മസ്തിഷ്‌കജ്വരം ബാധിച്ച നാലുപേരാണു ചികിൽസയിലുള്ളത്.