കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12-കാരന്റെ സമ്പർക്ക പട്ടികയിൽ 251 പേരാണ് ഉള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇവരിൽ 38 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിലാണ്. 11 പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. ഇതിൽ 8 പേരുടെ സാമ്പിളുകൾ എൻ.ഐ.വി. പൂണെയിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഇന്ന് രാത്രി വൈകി വരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

251 പേരിൽ 129 പേർ ആരോഗ്യ പ്രവർത്തകരാണ്. ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവർ 54 പേരാണ്. ഇതിൽ 30 പേർ ആരോഗ്യ പ്രവർത്തകരാണ്. രോഗലക്ഷണങ്ങളുള്ളവർ എല്ലാം സ്റ്റേബിളാണ്. തിങ്കളാഴ്ച രാത്രി മുതൽ മെഡിക്കൽ കോളേജിൽ സാമ്പിൾ പരിശോധിക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്.

എൻ.ഐ.വി. പൂണൈയിൽ നിന്നുള്ള സംഘം എത്തുകയും സാമ്പിളുകൾ പരിശോധിക്കുന്നതിനുള്ള ക്രമീകരണം ചെയ്യുകയും ചെയ്തു. പോയിന്റ് ഓഫ് കെയർ ടെസ്റ്റും പിന്നീടുള്ള ആർടിപിസിആർ ടെസ്റ്റും കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ ചെയ്യാൻ കഴിയും എന്നാണ് അവർ അറിയിച്ചിരിക്കുന്നത്.

മൂന്ന് പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധിക്കും. ഇവിടെ പരിശോധിക്കുന്ന സാമ്പിളുകൾ എൻ.ഐ.വി. പൂണെയിലേക്ക് അയക്കും. കോഴിക്കോട് താലൂക്കിൽ രണ്ട് ദിവസം കോവിഡ് വാക്സിനേഷൻ പ്രവർത്തനം നിർത്തിവെയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് ലക്ഷണമുള്ളവർക്ക് ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന പരിശോധന നടത്താവുന്നതാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

രോഗം ബാധിച്ച് മരിച്ച് കുട്ടിയുടെ അമ്മയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. നിലവിൽ രോഗലക്ഷണങ്ങളുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല. നാളെ മുതൽ ചാത്തമംഗലത്ത് വീടുവീടാന്തരം നിരീക്ഷണം നടത്തും.

മരിച്ചുപോയ കുട്ടിയുടെ താമസ സ്ഥലം മൃഗ സംരക്ഷണ വകുപ്പ് സംഘം സന്ദർശിച്ചു. അവിടെ അടുത്ത് റംബുട്ടാൻ മരങ്ങളുണ്ട്, വവ്വാലിന്റെ സാന്നിദ്ധ്യവും ഉണ്ട്. പാതി കഴിച്ച റംബുട്ടാൻ പരിശോധനക്ക് എടുത്തിട്ടുണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാന തലത്തിൽ നിപ കൺട്രോൾ സെന്റർ തുടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി വീണാജോർജ്ജ് മറ്റ് ജില്ലകളിലെ ഡിഎംഒമാരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയതായും അറിയിച്ചു. സമ്പർക്ക പട്ടികയിൽ മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരും ഉണ്ട്. മുക്കം നഗരസഭ ഉൾപ്പെടെ 5 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ കണ്ടെയ്ന്മെന്റ് സോൺ വരും.

മറ്റ് ജില്ലകളിൽ കൂടി നിപ വൈറസ് പ്രതിരോധം ശക്തമാക്കാനാണ് സ്റ്റേറ്റ് നിപ കൺട്രോൾ സെൽ. തുടർച്ചയായ ദിവസങ്ങളിൽ ആരോഗ്യ വകുപ്പിന്റെ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തുന്നതാണ്. മറ്റ് ജില്ലകൾക്കും മാർഗനിർദേശങ്ങളും പരിശീലനങ്ങളും നൽകാനും തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ രാജൻ എൻ ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ രത്തൻ ഖേൽക്കർ, കെ.എം.എസ്.സി.എൽ. എം ഡി ബാലമുരളി ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ എ റംലാ ബീവി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ മീനാക്ഷി, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.

കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലേയും മെഡിക്കൽ ഓഫീസർമാർക്ക് വിദഗ്ധ പരിശീലനം നൽകിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗി വരുമ്പോൾ മുതൽ ചികിത്സ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും നിർദേശങ്ങൾ നൽകി. അസ്വാഭാവികമായ പനിയും മരണവും റിപ്പോർട്ട് ചെയ്യേണ്ടതാണ്. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ വിദ്യ, കോഴിക്കോട് മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ പ്രൊഫസർ ഡോ. ചാന്ദിനി എന്നിവരാണ് പരിശീലനം നൽകിയത്. ഉച്ചയ്ക്ക് ശേഷം ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ., ആശാ വർക്കർമാർ, സി.ഡി.പി.ഒ., അങ്കണവാടി സൂപ്പർവൈസർമാർ എന്നിവരുടെ പരിശീലനവും നടന്നു.

മന്ത്രിമാരായ വീണാ ജോർജ്, എ കെ ശശീന്ദ്രൻ, പി എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേർന്നു. ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ അവർക്ക് കൈമാറി. അവ കൃത്യമായി പാലിക്കാനും ജാഗ്രത പാലിക്കാനും ബോധവത്ക്കരണം ശക്തമാക്കാനും നിർദ്ദേശം നൽകി.