കോഴിക്കോട്: മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന വൈറസ് എന്ന നിലയിലാണ് നിപ്പാ വൈറസ് കൂടുതൽ അപകടകാരിയാകുന്നത്. നിപ വൈറസ് വവ്വാലുകളിൽനിന്ന് മുയൽ, പൂച്ച തുടങ്ങിയ ജീവികളിലേക്കും അവയിൽനിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും പകരുകയാണ് ചെയ്യുന്നത്. നിപ വൈറസ് ആദ്യം കണ്ടെത്തിയത് മലേഷ്യയിലാണ്.

1998ൽ പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു ഗുരുതര വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. അന്ന് രോഗം കണ്ടെത്തിയെ നിപ (Kampung Sungai Nipah) സ്ഥലത്തിന്റെ പേരിലാണ് പിന്നീട് വൈറസ് അറിയപ്പെട്ടത്. പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കിയെങ്കിലും നൂറിലധികം മനുഷ്യരും വൈറസ് ബാധയേറ്റ് മരിച്ചു.

വവ്വാലുകൾ വഴിയാണ് ഹെനിപ ജനുസിൽപ്പെട്ട ഈ വൈറസ് പകരുന്നതെന്ന് അന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നിട് കംബോഡിയ, തായ്ലൻഡ് എന്നിവിടങ്ങളിലും വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ ബാധിക്കുന്ന നിപ 2004 ൽ ബംഗ്ലാദേശിലുമെത്തി. വവ്വാലുകൾ കടിച്ച പഴങ്ങളിൽനിന്ന് മൃഗങ്ങളിലേക്കും അവിടെനിന്ന് മനുഷ്യരിലേക്കുമാണ് വൈറസ് ബാധയേറ്റതെന്ന് ശാസ്ത്രീയ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.

ഈ വൈറസിനെതിരെ പ്രയോഗിക്കാൻ ഫലപ്രദമായ മരുന്നുകളൊന്നും മലേഷ്യൻ ആരോഗ്യ വിഭാഗത്തിന്റെ കയ്യിലോ ലോകാരോഗ്യസംഘടനയുടെ തന്നെ കയ്യിലോ ഉണ്ടായിരുന്നില്ല. രോഗത്തിന്റെ കേന്ദ്രമായി പ്രവർത്തിച്ച പന്നികളെ കൊന്നൊടുക്കുകയായിരുന്നു വ്യാപനം പ്രതിരോധിക്കാനായി കണ്ടെത്തിയ ഏക മാർഗം. മലേഷ്യയിലെ 6000 കോടി രൂപയുടെ പന്നി വ്യാപാരത്തിന്റെ ഏതാണ്ട് പൂർണ്ണമായ തകർച്ചയ്ക്കാണ് ഇതു വഴിവച്ചത്. പന്നികൾക്ക് മലേഷ്യൻ നരിച്ചീറുകളിൽ നിന്നാണ് രോഗം പകർന്നത് എന്ന് കണ്ടെത്തിയതോടെ മലേഷ്യൻ നരിച്ചീറുകളിൽ ഈ രോഗാണുവിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടു.

അന്ന് പ്രാരംഭ ഘട്ടത്തിൽ ജപ്പാൻജ്വരം ആണെന്ന തെറ്റായ നിഗമനം മൂലം പ്രതിരോധനടപടികൾ ശരിയായ രീതിയിൽ സ്വീകരിക്കാൻ മലേഷ്യക്കായില്ല. ജപ്പാൻ ജ്വരത്തിന് കാരണമായ ക്യൂലക്‌സ് കൊതുകുകളെ ദേശവ്യാപകമായി ഇല്ലാതാക്കാനുള്ള പ്രതിരോധനടപടികൾ ആയിരുന്നു ആദ്യം കൈക്കൊണ്ടത്.ഈ സമയം കൊണ്ട് തന്നെ കൊടുങ്കാറ്റുപോല നിപ്പാ വൈറസ് ബാധ പടർന്നു. അവസാനം ഒരു രോഗിയുടെ തലച്ചോറിനുള്ളിലെ നീരിൽ നിന്നും വേർതിരിച്ചെടുക്കാൻ സാധിച്ചതോടെയാണ് അസുഖ കാരിയായ വൈറസിന്റെ സാന്നിധ്യം ലോകം തിരിച്ചറിഞ്ഞത്.

വവ്വാലുകളുടെയോ മൃഗങ്ങളുടെയോ സ്പർശനമേറ്റ പഴങ്ങൾ കഴിക്കരുത്, വളർത്തു മൃഗങ്ങളുമായുള്ള സമ്പർക്കം കുറയ്ക്കാം

വാവലുകളുടെ സ്പർശമേറ്റ പഴങ്ങളിൽ നിന്നും മറ്റും നേരിട്ടും മനുഷ്യരിലേക്കു കടക്കാം. അതുകൊണ്ട് തന്നെ പഴങ്ങളും മറ്റും കഴിക്കാതിരിക്കുന്നതാകും തൽക്കാലം പ്രതിരോധ മാർഗ്ഗമായി വിലയിരുത്തുന്നത്. രോഗം ബാധിച്ച മനുഷ്യരിൽനിന്നു മറ്റുള്ളവരിലേക്കും പകരും. വാക്‌സിൻ കണ്ടെത്തിയിട്ടില്ല. ശ്വാസതടസ്സം, കടുത്ത തലവേദന, പനി എന്നിവയോടെ തുടങ്ങി മസ്തിഷ്‌കജ്വരത്തിലെത്തുന്നതാണു ലക്ഷണങ്ങൾ. രോഗികളാകുന്നവരിലെ ശരാശരി മരണനിരക്ക് 74.5 ശതമാനമാണ്.

പ്രതിരോധം മാത്രമാണ് പോംവഴി. വൈറസ് ബാധയേറ്റവരെ പ്രത്യേക ശ്രദ്ധയോടെ െഎസൊലേറ്റ് ചെയ്ത് ഇന്റൻസിവ് കെയർ യൂനിറ്റിൽ പരിപാലിക്കുക, രോഗം പകരാതിരിക്കാനുള്ള നടപടി സ്വീകരിക്കുക, മരണം കുറക്കാനുള്ള പോംവഴി കണ്ടെത്തുക, ബോധവത്കരണം നൽകുക തുടങ്ങിയവ മാത്രമാണ് ചെയ്യാനുള്ളത്. രോഗിയുമായി സമ്പർക്കം പുലർത്തുന്നവർ അതിയായ ശ്രദ്ധ പുലർത്തണം. രോഗിയെ പരിചരിക്കുന്നവർ കൈ സോപ്പുപയോഗിച്ച് ഇടവിട്ട് കഴുകണം. രോഗിയുടെ വസ്ത്രങ്ങൾ പ്രത്യേകം സൂക്ഷിക്കണം.