- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്ടെ കേന്ദ്രത്തിൽനിന്ന് അതിവേഗം ഫലം ലഭിക്കുന്നത് പ്രാഥമിക ചികിത്സ ആരംഭിക്കാനും രോഗവ്യാപനം തടയാനും സഹായിക്കും; രോഗ ലക്ഷണങ്ങളുള്ളത് 11 പേർക്ക്; ഒരാൾക്ക് കലശലായ ആരോഗ്യ പ്രശ്നങ്ങൾ; മുന്നൂരിലെ വീടിനെ കേന്ദ്രീകരിച്ച് ഉറവിടം കണ്ടെത്താനും ശ്രമം; ആരോഗ്യ വകുപ്പ് മുൻഗണന നൽകുന്നത് സമ്പർക്കപ്പട്ടിക കുറ്റമറ്റതാക്കാൻ; നിപ്പയെ നേരിടാൻ കരുതലുകൾ
കണ്ണൂർ: നിപ്പ ലക്ഷണങ്ങളുമായി ചികിത്സയിലുള്ളവരുടെ എണ്ണം പതിനൊന്നാണ്. ഇവരിൽ ഒരാൾക്ക് കടുത്ത ലക്ഷണങ്ങളുണ്ട്. സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 251 ആയി; ഇവരിൽ 54 പേർ 'ഹൈ റിസ്ക്' വിഭാഗത്തിലാണ്. 8 പേരുടെ സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പതിനൊന്ന് പേരുടേയും പരിശോധനാ ഫലം നിർണ്ണായകമാണ്. ഇതിലൂടെ മാത്രമേ രോഗവ്യാപനത്തിന്റെ യഥാർത്ഥ ചിത്രം പുറത്തു വരൂ. സമ്പർക്ക പട്ടികയിലുള്ളവരെ ഇപ്പോഴും കണ്ടെത്താനാണ് ശ്രമം.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിപ ബാധിച്ച് മരിച്ച കുട്ടിയെ പരിചരിച്ച ഉദയഗിരി സ്വദേശിയായ നഴ്സിന് പനി ബാധിച്ചിട്ടുണ്ട്. പനി കലശലായതിനെത്തുടർന്ന് തിങ്കളാഴ്ച ആശുപത്രിയിലേക്ക് മാറ്റി. വീട്ടിലുള്ള മാതാപിതാക്കളടക്കമുള്ളവരെ ക്വാറന്റീനിലാക്കി. ശനിയാഴ്ചയാണ് കോഴിക്കോട്ടെ ആശുപത്രിയിൽനിന്ന് ജോലികഴിഞ്ഞ് ബസിൽ ഉദയഗിരിയിലെ വീട്ടിലെത്തിയത്. ബസിൽ ഒപ്പമുണ്ടായിരുന്നവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽനിന്ന് ആംബുലൻസ് ഉദയഗിരിയിലെത്തിയാണ് നഴ്സിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
സമ്പർക്കപ്പട്ടികയിലുള്ളവരിൽ ഓരോരുത്തർ വീതം കണ്ണൂർ, മലപ്പുറം ജില്ലകളിൽനിന്നുള്ള ആരോഗ്യപ്രവർത്തകരാണ്. ഇവരിൽ കണ്ണൂരിലെ വീട്ടിലേക്കു പോയിരുന്ന ആരോഗ്യപ്രവർത്തകയെ നിപ്പ ലക്ഷണങ്ങൾ സംശയിച്ച് ഇന്നലെ വൈകിട്ടോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിലാണ് മൂന്ന് വർഷം മുമ്പ് ആദ്യ നിപ്പാ കേസ് എത്തിയത്. ഇപ്പോൾ് 57 കിലോമീറ്റർ അകലെ മുന്നൂർ എന്ന സ്ഥലത്താണ്. കോഴിക്കോട് ജില്ലയുടെ 2 അറ്റങ്ങളിലാണെങ്കിലും ഈ സ്ഥലങ്ങൾ തമ്മിൽ ഏറെ സമാനതകളുണ്ട്.
2018 ൽ നിപ്പ ബാധിച്ച് ആദ്യം മരിച്ചവരുടെ വീട് സൂപ്പിക്കടയിലാണ്. ഇത്തവണ പാഴൂർ മുന്നൂരിലെ വീട്ടിലെ കുട്ടിക്കാണ് രോഗം ബാധിച്ചത്. വലിയൊരു കുന്നിന്റെ ചെരിവിലാണ് വീട്. മരങ്ങൾ തിങ്ങിനിൽക്കുന്ന പ്രദേശമാണ്. ഈ കുട്ടിയുടെ വീട് നിൽക്കുന്നത് നിറയെ അടയ്ക്ക ഉണ്ടാവുന്ന കവുങ്ങുകൾക്കു നടുക്കാണ്. ഇതെല്ലാം സൂപ്പിക്കടയ്ക്ക് സമാനവും. രണ്ടിടത്തും വവ്വാലുകളും ഉണ്ട്.
മുന്നൂരിലെ വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ പുൽപ്പറമ്പിൽ കുട്ടിയുടെ പിതാവിന് കൃഷിയിടമുണ്ട്. ഇതും കുന്നിൻചെരിവിലാണ്. ഈ കൃഷിയിടത്തിലെ റംബൂട്ടാൻ മരത്തിലെ പഴങ്ങൾ പറിച്ച് വീട്ടിലെത്തിച്ചിരുന്നു. കൃഷിയിടം നിൽക്കുന്നത് പുഴയോടു ചേർന്നാണ്. പുഴയ്ക്കക്കരെ വവ്വാലുകൾ തിങ്ങിപ്പാർക്കുന്ന മരങ്ങളുണ്ട്. ഇവിടെനിന്ന് 9 സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. ഈ പരിശോധനയും നിർണ്ണായകമാണ്. ഇപ്പോൾ ചികിത്സയിലുള്ള 11 പേരും കഴിഞ്ഞദിവസം മരിച്ച കുട്ടിയുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നവരാണ്. എല്ലാവരെയും പനി, തലവേദന എന്നീ ലക്ഷണങ്ങളോടെയാണു മെഡിക്കൽ കോളജിലേക്കു മാറ്റിയത്.
മരിച്ച 12 വയസ്സുകാരനുമായി സമ്പർക്കം പുലർത്തിയ പരമാവധി പേരെ കണ്ടെത്താനും രോഗത്തിന്റെ സ്രോതസ്സ് തിരിച്ചറിയാനുമുള്ള ശ്രമങ്ങൾ ആരോഗ്യവകുപ്പ് തുടരുകയാണ്. കുട്ടിയുടെ വീടിനടുത്തുനിന്ന് റമ്പുട്ടാൻ പഴങ്ങളും വവ്വാൽ വിസർജ്യവും ആടുകളുടെ സ്രവ സാംപിളും ശേഖരിച്ചു. നിപ്പ റിപ്പോർട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്തിലും സമീപ പഞ്ചായത്തുകളായ മാവൂർ, കൊടിയത്തൂർ, കാരശ്ശേരി എന്നിവിടങ്ങളിലും മുക്കം നഗരസഭയിലെ ഏതാനും വാർഡുകളിലും അതീവ ജാഗ്രത തുടരുകയാണ്. ഈ മേഖലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തും.
നിപ്പ സമാന ലക്ഷണങ്ങളുമായി ആളുകൾ എത്തിയാൽ റിപ്പോർട്ട് ചെയ്യണമെന്നു സമീപത്തെ സ്വകാര്യ ആശുപത്രികൾ അടക്കമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടത്തിൽ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധർ കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ്പ പരിശോധനാ യൂണിറ്റ് സജ്ജമാക്കി. കോവിഡ് പരിശോധനയ്ക്കു സമാനമായ ആർടിപിസിആർ പരിശോധന തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാൽ, വൈറസ് സാന്നിധ്യം കണ്ടെത്താൻ ഉപയോഗിക്കുന്ന രാസഘടകങ്ങൾ മാറും.
കോഴിക്കോട്ടെ കേന്ദ്രത്തിൽനിന്ന് അതിവേഗം ഫലം ലഭിക്കുന്നത് പ്രാഥമിക ചികിത്സ ആരംഭിക്കാനും രോഗവ്യാപനം തടയാനും സഹായിക്കും. പുണെ ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന കഴിഞ്ഞാലേ രോഗം സ്ഥിരീകരിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കൂ.
മറുനാടന് മലയാളി ബ്യൂറോ