കോഴിക്കോട്: സംസ്ഥാനത്ത് കടത്ത ആശങ്ക വിതച്ച് ഒരു നിപ്പാ വൈറസ് ബാധാ മരണം കൂടി. നേരത്തെ വൈറസ് ബാധമൂലം മരിച്ചവരെ ശുശ്രൂഷിച്ചിരുന്ന നഴ്സാണ് ഇന്ന് പുലർച്ചെ മരിച്ചത്. സാബിത്തിനെ പരിചരിച്ച നഴ്സ് ലിനി പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ രണ്ട് മണിയോടെയാണ് ലിനി മരണപ്പെട്ടത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകാതെ ഉടൻ തന്നെ സംസ്‌ക്കകരിച്ചു. രോഗം പടരാതിരിക്കാൻ വേണ്ടിയാണ് അധികൃതർ ഉടനടി നടപടി കൈക്കൊണ്ടതും മൃതദേഹം സംസ്‌ക്കരിച്ചതും. കോഴിക്കോട് ചെമ്പനോട് സ്വദേശിനിയാണ് മരിച്ച ലിനി. ഞായറാഴ്ച ലിനിയുടെ മാതാവിനെയും പനിയെത്തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ നിലയിലും കടുത്ത ആശങ്ക ഉടലെടുത്തിയിട്ടുണ്ട്. ഈ വീടുമായി അടുത്തിടപഴകിയ അയൽവാസി നൗഷാദും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കോഴിക്കോട് പേരാമ്പ്രയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ പനി ബാധിച്ചു മരിച്ചതിനു കാരണം ലോകത്തുതന്നെ അപൂർവമായ നിപ വൈറസെന്ന് സ്ഥിരീകരണം വന്നതോടെ കേരളത്തിൽ കടുത്ത ആശങ്കയാണ് ഉടലെടുത്തിട്ടുള്ളത്. പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധന ഫലത്തിലാണ് ഇക്കാര്യം ഉറപ്പിച്ചതെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത അറിയിച്ചു. അതേസമയം മലപ്പുറത്തും കോഴിക്കോട്ടുമായി 15ഓളം പേർ പനി ബാധിച്ച് മരിച്ചത് നിപ്പാ വൈറസ് മൂലമാണെന്ന സൂചനയുണ്ട്. ഇത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

നിപ്പാ രോഗബാധയെനന് സംശയത്തിൽ ഇന്നലെ ആറു പേർ കൂടി മരിച്ചിരുന്നു. നാല് മലപ്പുറം സ്വദേശികളും രണ്ട് കോഴിക്കോട്ടുകാരുമാണ് മരിച്ചത്. മലപ്പുറം തിരൂരങ്ങാടി തെന്നല മണ്ണത്തനാട്ടുകോളനിക്ക് സമീപം മണ്ണത്തനാട്ടു പടിക്കൽ ഉബീഷിന്റെ ഭാര്യ ഷിജിത (20), മുന്നിയൂർ ആലിൻചുവട് പാലക്കത്തൊടു മേച്ചേരി മണികണ്ഠന്റെ ഭാര്യ സിന്ധു (36), വളാഞ്ചേരി കൊളത്തൂർ താഴത്തിൽതൊടി വേലായുധൻ (48), ചട്ടിപ്പറമ്പ് പാലയിൽ അബ്ദുൽ ശുക്കൂറിന്റെ മകൻ മുഹമ്മദ് ശിബിലി (11), കോഴിക്കോട് നടുവണ്ണൂർ കോട്ടൂർ പഞ്ചായത്തിലെ തിരുവോട് മയിപ്പിൽ പരേതനായ അമ്മതിന്റെ മകൻ ഇസ്മായിൽ (50), പേരാമ്പ്ര ചെറുവണ്ണൂർ കണ്ടിത്താഴെ ചെറിയ പറമ്പിൽ വേണുവിന്റെ ഭാര്യ ജാനകി (48) എന്നിവരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.

അതേസമയം, പേരാമ്പ്ര താലൂക്കാശുപത്രിയിൽ പനി ബാധിതരുടെ എണ്ണം കൂടിവരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലേക്കാൾ ശരാശരി കൂടുതലാണ് ഇപ്പോൾ ചികിത്സ തേടിയെത്തുന്നവർ. പനി ബാധിച്ചെത്തുന്നവർക്ക് ലഭ്യമായ എല്ലാവിധ ചികിത്സ സൗകര്യങ്ങളും ഒരുക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു. പേരാമ്പ്രയിൽ ഒരുകുടുംബത്തിൽ മൂന്നുപേർ മരിച്ച സംഭവവുമായി സാമ്യമുള്ള രോഗലക്ഷണങ്ങൾ ഇവരിലും സംശയിക്കുന്നതായി മലപ്പുറം ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീനയും സമാന രോഗലക്ഷണങ്ങളോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയതെങ്കിലും ശരീരസ്രവങ്ങളുടെ പരിശോധന റിപ്പോർട്ട് വന്നാലേ രോഗം സ്ഥിരീകരിക്കാനാവൂ എന്ന് കോഴിക്കോട് ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീയും പറഞ്ഞു. വൈറോളജി ലാബ് കേരളത്തിൽ ഇല്ലാത്തത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കട വളച്ചുകെട്ടി മൂസയുടെ മക്കളായ സാബിത്ത് (23), സ്വാലിഹ് (26), മൂസയുടെ സഹോദരന്റെ ഭാര്യ മറിയം (51) എന്നിവർ രണ്ടാഴ്ചക്കുള്ളിൽ മരിച്ചിരുന്നു. ഇവരുടെ മരണ കാരണമാണ് പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധന ഫലത്തിൽ സ്ഥിരീകരിച്ചത്. അതേസമയം, ആശങ്കക്കിടയാക്കുംവിധം പനിബാധിതരുടെ എണ്ണം വർധിക്കുകയാണ്. നിലവിൽ ഒമ്പതുപേരാണ് മെഡിക്കൽ കോളജിലുൾപ്പെടെ പനിബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ആറുപേരുടെ നില ഗുരുതരമാണ്.

പേരാമ്പ്രയിൽ മരിച്ച യുവാക്കളുെട പിതാവ് സൂപ്പിക്കട വളച്ചുകെട്ടി മൂസയും പാറക്കടവ് സ്വദേശിയായ മറ്റൊരാളും ബേബി മെമോറിയൽ ആശുപത്രിയിലും സ്വാലിഹിന്റെ ഭാര്യ ആത്തിഫ കൊച്ചി അമൃത ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. ചെസ്റ്റ് ആശുപത്രിയിൽ സൂക്ഷ്മ നിരീക്ഷണത്തിൽ കഴിയുന്ന അഞ്ചുപേരിൽ നാലുപേർ സൂപ്പിക്കട പ്രദേശത്തുള്ളവരും ഒരാൾ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമാണ്.

മരിച്ച ഇസ്മായിൽ രണ്ടാഴ്ച മുമ്പ് പനിബാധിച്ച് പേരാമ്പ്ര കല്ലോട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആദ്യം മരിച്ച സാബിത്ത് നേരത്തേ കല്ലോട് ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. ഈ സമയത്താണ് രോഗം പടർന്നതെന്ന് സംശയിക്കുന്നു. ഇസ്മയിലിനെ പിന്നീട് വീട്ടിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച രാവിലെ പനി അധികമായതിനെ തുടർന്ന് ബാലുശ്ശേരി സർക്കാർ ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: സലീന. മാതാവ്: കുഞ്ഞാമിന. മക്കൾ: മുഹമ്മദ് നകാഷ് (സൗദി), മുഹമ്മദ് നിഹാൽ (കോയമ്പത്തൂർ), സന നസ്‌വ.

ഇവരുടെ ഭർത്തൃപിതാവ് പരേതനായ കുപ്പ പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ള സമയത്ത് കൂടെ നിന്നത് ഇവരായിരുന്നു. ഈ സമയം ഇവരുടെ അടുത്ത ബെഡിലാണ് പന്തിരിക്കര സൂപ്പിക്കടയിൽ നിന്ന് ഇതേ വൈറസ് ബാധയേറ്റ് മരിച്ച സാബിത്ത് ഉണ്ടായിരുന്നത്. പനിയെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മകൾ: ഭവിത. മരുമകൻ ശ്രീജിത്ത്.

ഷിജിത ശനിയാഴ്ച രാത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. പനി ബാധിച്ച ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയശേഷം വെള്ളിയാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പിതാവ്: അയ്യപ്പൻ. മാതാവ്: കാളി. സഹോദരൻ: മനോജ്. മക്കളില്ല.

സിന്ധു പനിയെത്തുടർന്ന് നാലുദിവസമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ആദിത്യ, സ്വാതി, ആരാധ്യ. പിതാവ്: ഹരിദാസൻ. മാതാവ്: തങ്ക.
വേലായുധൻ ശസ്ത്രക്രിയയെ തുടർന്ന് പെരിന്തൽമണ്ണ ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് പനി മൂർച്ഛിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: വസന്ത. മക്കൾ: വിജീഷ്, വിനിത, വിജിത. മരുമക്കൾ: ശശി (കോട്ടപ്പുറം), മോഹൻദാസ് (ചേങ്ങോട്ടൂർ), ഗ്രീഷ്മ (ആനമങ്ങാട്).

മുഹമ്മദ് ശിബിലി പനി മൂർച്ഛിച്ചതിനെതുടർന്ന് ഞായറാഴ്ച വൈകീട്ടാണ് മരിച്ചത്. അബ്ദുശുക്കൂറിന്റെ ഏക മകനാണ്. നെല്ലോളി പറമ്പ് മുനീറുൽ ഇസ്‌ലാം മദ്‌റസ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇവരുടെ രക്തസാമ്പിളുകൾ മണിപ്പാൽ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. അവിടെ നിന്ന് സാമ്പിളുകൾ വേർതിരിച്ചശേഷം പുണെയിലെ ലാബിലേക്ക് പരിശോധനക്കായി അയക്കും.

നിപ വൈറസ് പടർന്നു പിടിക്കുന്ന കോഴിക്കോട് ജില്ലയിലെ പ്രദേശങ്ങളിലേക്ക് ആരോഗ്യ വിദഗ്ധരുടെ സംഘത്തെ അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനതിന്റെ അഭ്യർത്ഥന പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ ആണ് മെഡിക്കൽ ടീമിനെ അയക്കാൻ തീരുമാനിച്ചത്. ഇവർ തിങ്കളാഴ്ച കോഴിക്കോട് എത്തും.

മലപ്പുറത്ത് മാത്രം പനി ബാധിച്ച് മരിച്ചത് നാല് പേർ

പനി ബാധിച്ച് മലപ്പുറം ജില്ലയിൽ നാലു പേർ മരിച്ചു. കുളത്തൂർ സ്വദേശി വേലായുധൻ, മൂന്നിയൂർ സ്വദേശി സിന്ധു, തെന്നല സ്വദേശി ഷിജില, ചട്ടിപ്പറമ്പ് സ്വദേശി ഷിബ് ലി എന്നിവരാണ് മരിച്ചത്.നിപ വൈറസ് ബാധിച്ചതിന് സമാനമായ ലക്ഷണങ്ങൾ നാലു പേരിലും കണ്ടെത്തിയിട്ടുണ്ട്. ഷിജിലയുടെ രക്ത സാംപിൾ മണിപ്പാൽ വൈറോളജി ലാബിലേക്ക് പരിശോധനക്കായി അയച്ചു.

മണിപ്പാൽ വൈറസ് റിസർച്ച് സന്റെർ ഡയരക്ടർ സന്ദർശിച്ചു, കേന്ദ്രസംഘം കോഴിക്കോട്ടേക്ക്

നിപ വൈറസ് ബാധയെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കരയിൽ മണിപ്പാൽ വൈറസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ ഡോ. അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് ബന്ധുക്കളെ പരിശോധിക്കുകയും രക്തസാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. മരിച്ചവിട്ടിലെ വളർത്തു മുയലിന്റെ സ്രവങ്ങളും പരിശോധനക്ക് എടുത്തു. രണ്ട് മുയലുകൾ കുറച്ച് ദിവസം മുമ്പെ ചത്തിരുന്നു. കൂടുതൽ കേന്ദ്ര സംഘം കേരളത്തിലേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഇതിനെ തുടർന്നാണ് ഇവയെ നിരീക്ഷിക്കുന്നത്. കിണറുകളിലെ വെള്ളവും പരിശോധനക്ക് എടുത്തിട്ടുണ്ട്. മരിച്ച സഹോദരങ്ങളുടെ ഉമ്മയേയും അനുജനേയും സംഘം പരിശോധിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോ. അരുൺകുമാർ പറയുന്നത്. ഇപ്പോൾ ഒരു കുടുംബത്തിന് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ശേഖരിച്ച സാമ്പിളുകളടക്കം മണിപ്പാളിലും പൂണെയിലും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പരിശോധന നടത്തി രോഗകാരിയായ വൈറസിനെ എത്രയും പെട്ടെന്ന് തിരിച്ചറിയുമെന്നും ഡോക്ടർ അറിയിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിലെ സംഘം സൂപ്പിക്കടയിൽ പരിശോധന നടത്തി.

60 പേരെ പരിശോധിച്ചതിൽ 11 പേരുടെ രക്തസാമ്പിളുകൾ ശേഖരിച്ചു. വെള്ളിയാഴ്‌ച്ച 20 പേരുടേയും ശനിയാഴ്‌ച്ച 107 പേരുടേയും രക്തസാമ്പിളുകൾ ശേഖരിച്ചിരുന്നു. 7, 8, 9, 10 വാർഡുകളിലെ സർവകക്ഷി യോഗം പന്തിരിക്കരയിൽ നടത്തി. ജനങ്ങളെ ബോധവൽക്കരിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കാൻ യോഗം തീരുമാനിച്ചു. മരിച്ച സഹോദരങ്ങളുടെ പിതാവ് വളച്ചുകെട്ടിയിൽ മൂസ കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

മരിച്ച സ്വാലിഹിന്റെ ഭാര്യ ആത്തിഫ എറണാകുളം അമൃത ആശുപത്രിയിലും ചികിത്സയിൽ തുടരുകയാണ്. ഇവർക്ക് അസുഖം ഭേദപ്പെട്ട് വരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഭക്ഷണം കഴിക്കുന്നതായും ഇതേ നില തുടർന്നാൽ രണ്ട് ദിവസത്തിനുള്ളിൽ വീട്ടിൽ പോകാമെന്ന് ഡോക്ടർ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. മരിച്ച സാബിത്ത് പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ള സമയത്ത് പരിചരിച്ച നേഴ്‌സ് ലിനിയും മരിച്ചവരുടെ ബന്ധു നൗഷാദും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഞായറാഴ്ച നഴ്‌സിന്റെ മാതാവിനേയും പനിയെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ജനം അസ്വസ്ഥരാകേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട്ട് കുടുംബത്തിലെ മൂന്നുപേർ പനി പിടിച്ച് മരിച്ച സംഭവത്തിൽ ജനം അസ്വസ്ഥരാകേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. രോഗം പടരാതിരിക്കാൻ കഴിയുന്നത്ര മുൻകരുതൽ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. മന്ത്രി ടി.പി. രാമകൃഷ്ണന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് പ്രദേശത്ത് മെഡിക്കൽ ക്യാമ്പും പരിശോധനയും നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കളമശ്ശേരിയിൽ കാൻസർ സന്റെർ ശിലാസ്ഥാപന ചടങ്ങിനെത്തിയ മന്ത്രി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

പന്തിരിക്കരയിലെ കുടുംബത്തിൽ മൂന്നുപേരാണ് പനി ബാധിച്ച് മരിച്ചത്. രണ്ടാമത്തെയാൾ മരിച്ചയുടൻ ഇയാളിൽനിന്ന് വിശദ പരിശോധനക്കായി സാമ്പിളെടുത്ത് മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്കയച്ചു. അപൂർവ വൈറസാണ് രോഗത്തിനു കാരണമെന്ന് പരിശോധനയിൽ വ്യക്തമായി. അതിവിദഗ്ധ പരിശോധനക്കായി സാമ്പിൾ പുണെയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് ഫലം കിട്ടുമെന്നാണ് പ്രതീക്ഷ.

ഗൗരവമേറിയ വിഷയം അങ്ങനെതന്നെയാകും കൈകാര്യം ചെയ്യുക. രോഗിയുമായി അടുത്തിടപെടുമ്പോഴാണ് രോഗം പകരുന്നതെന്നാണ് വിദഗ്ധ അഭിപ്രായം. പരിസരത്താർക്കും പനി പടർന്ന് പിടിച്ചിട്ടില്ല. മരിച്ചവരുമായി നേരിട്ട് ഇടപെട്ടത് ആരൊക്കെയെന്ന് പരിശോധിച്ചുവരുകയാണ്. ഇവർ ചികിത്സ തേടിയ പേരാമ്പ്ര താലൂക്കാശുപത്രിയിൽ അടുത്ത കട്ടിലിൽ കിടന്നവർ, മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തവർ, കുളിപ്പിച്ചവർ എന്നിവരെ പ്രത്യേക പരിശോധനക്ക് വിധേയമാക്കും. ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരെയും പ്രത്യേകം ശ്രദ്ധിക്കും. ഇവർക്ക് മുൻകരുതലെടുക്കാനുള്ള സൗകര്യങ്ങൾ ആശുപത്രികളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഇക്കാര്യത്തിൽ പൂർണ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

ഒരുതരം വവ്വാലാണ് രോഗം പടർത്തുന്നതെന്നാണ് നിഗമനം. അത് കഴിച്ച പഴങ്ങളിൽനിന്ന് അസുഖം പകരാൻ ഇടയുണ്ട്. തെങ്ങിനുമുകളിൽ പറന്നു നടക്കുന്നതിനാൽ തെങ്ങിൻ കള്ള് ഉപയോഗിക്കുന്നതിനെതിരെയും മുന്നറിയിപ്പ് നൽകി. വായുവിലൂടെ പകരുന്ന രോഗമല്ലിത്. സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന കാര്യങ്ങൾ കണക്കിലെടുക്കേണ്ടതില്ല. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ ഗൗരവത്തിലെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങൾ, ചികിത്സയും പ്രതിരോധ വാക്‌സിനും കണ്ടെത്തിയിട്ടില്ല.

അതീവ ആശങ്കപ്പെടുത്തുന്ന രോഗമാണ് നിപ്പോ വൈറസ് ബാധ. മസ്തിഷക്ക ജ്വരത്തിന് സമാനമായ ലക്ഷണങ്ങളാണ് രോഗത്തിനുള്ളത്. പനി, തലവേദന, ഛർദി, തലകറക്കം, ബോധക്ഷയം തുടങ്ങിയവയുണ്ടാകും. ചിലർ അപസ്മാര ലക്ഷണങ്ങൾ കാണിക്കും. ഈ ലക്ഷണങ്ങൾ 10 ദിവസം വരെ നീണ്ടു നിൽക്കുകയും തുടർന്ന് അബോധാവസ്ഥയിലേക്ക് നീങ്ങുകയും മസ്തിഷ്‌കജ്വരത്തിലേക്കു നീളും, മരണം സംഭവിക്കാം. ഇതവരെ പ്രതിരോധ വാക്‌സിൻ കണ്ടു പിടിച്ചിട്ടില്ലെന്നാണ് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്ന കാര്യം. 74.5 ശതമാനാണ് മരണ നിരക്ക്.

2001 സിലിഗുഡിയിലാണ് രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. അന്ന് രോഗം ബാധിച്ച് മരിച്ചത് 45 പേരിയായിരുന്നു. പക്ഷിമൃഗാദികൾ കടിച്ച പഴങ്ങൾ കഴിക്കാതിരിക്കരുത് എന്നതാണ് പ്രധാന മുൻകരുതൽ. രോഗിയുമായി സമ്പർക്കം ഉണ്ടായാൽ കൈകൾ വൃത്തിയായി കഴുകണം. രോഗിയെ പരിചരിക്കുമ്പോൾ മാസ്‌കും കയ്യുറയും ധരിക്കണം. വവ്വാലുകൾ അധികമുള്ളയിടത്തുനിന്നു ശേഖരിക്കുന്ന കള്ളു പോലുള്ള പാനീയങ്ങൾ കുടിക്കരുത്. 1998ൽ മലേഷ്യയിലെ കാംപുങ് സുംഗായ് നിപ്പാ മേഖലയിൽ പടർന്നുപിടിച്ച മാരക മസ്തിഷ്‌കജ്വരത്തിനു കാരണമായ വൈറസാണ് നിപ്പാ വൈറസ്.