കോഴിക്കോട്: കേരളത്തെ ഭയപ്പെടുത്താൻ എത്തിയ നിപ്പ മരണത്തിന്റെ ആദ്യ ഇര ആരെന്ന ചോദ്യത്തിന് ശരിക്കും ഉത്തരമായിട്ടില്ല. സർക്കാർ കണക്കിൽ ആദ്യം മരിച്ത് സാബിത്ത് എന്ന യുവാവാണ്. ഈ കുടുംബത്തിനാണ് നിപ്പയുടെ ആഘാതം ശരിക്കും ഏറ്റിരിക്കുന്നത്. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് നിപ്പ ബാധയാൽ മരിച്ചത്. ആദ്യ സാബിത്തിനെ മരണം വിളിച്ചപ്പോൾ രണ്ടാഴ്‌ച്ച തികയ്ക്കും മുമ്പ് സഹോദരൻ സാലിഹിനെയും മരണം കൊണ്ടുപോയി. ഇന്നലെ കുടുംബത്തിന്റെ അത്താണിയായ കുടുംബനാഥൻ മൂസയെയും മരണം വിളിച്ചതോടെ ഇനി ഈ കുടുംബത്തിൽ അവശേഷിക്കുന്നത് ഒരു ഉമ്മയും മകനും മാത്രമാണ്.

ഇന്നലെ ഉപ്പയുടെ ശരീരം ഖബറിലേക്ക് യാത്രയായപ്പോൾ വിങ്ങിപ്പൊട്ടിയ മുത്തലിബിനെ ആശ്വസിപ്പിക്കാൻ കഴിയാതെ കണ്ടുനിന്നവർ വിങ്ങിപ്പൊട്ടി. അങ്ങകലെ പന്തിരിക്കര ആവടുക്കയിലെ സഹോദരന്റെ വീട്ടിലാണ് കരഞ്ഞു തളർന്ന മുത്തലിബിന്റെ ഉമ്മ മറിയം ഉള്ളത്. നിപ്പയുടെ ആക്രമണത്തിൽ ഈ കുടുംബത്തിലെ മൂന്നുപേരാണ് യാത്രയായത്. പേരാമ്പ്ര സൂപ്പിക്കട വളച്ചുകെട്ടി വീട്ടിൽ മൂസയാണ് ഈ വീട്ടിൽ നിപ്പ തട്ടിയെടുത്ത അവസാന ജീവൻ. മെയ്‌ അഞ്ചിന് മകൻ സാബിത്തും മെയ്‌ 18ന് സാലിഹും മരണത്തിനു കീഴടങ്ങിയിരുന്നു.

ഉപ്പയും ഉമ്മയും നാല് ആൺമക്കളുമടങ്ങുന്ന കുടുംബം ഏറെ സന്തോഷത്തിലാണ് ജീവിച്ചുവന്നത്. ഇടിത്തീപോലെ ദുരന്തം ആദ്യമായി ഈ വീട്ടിലേക്ക് വിരുന്നെത്തിയത് അഞ്ചു വർഷം മുൻപ്. 2013ൽ നടന്ന വാഹനാപകടത്തിൽ മൂന്നാമത്തെ മകൻ സലീം മരിച്ചു. ആ ദുരന്തത്തിൽ മാനസികമായി തകർന്ന മറിയത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് മക്കളാണ്. സൂപ്പിക്കടയിലെ വീട്ടിൽനിന്ന് രണ്ടു കിലോമീറ്റർ അകലെ ആപ്പറ്റ പുത്തനേടത്ത് വീടും സ്ഥലവും വാങ്ങിയത് അടുത്ത കാലത്താണ്. റബർതോട്ടത്തിനു നടുവിൽ പണി ഏകദേശം പൂർത്തിയായ നല്ലൊരു വീട്. അങ്ങോട്ടു താമസം മാറുന്നതിനു മുന്നോടിയായാണ് മൂസയും രണ്ടു മക്കളും ശുചീകരണ പ്രവർത്തനത്തിനിറങ്ങിയത്. കിണറ്റിലെ വവ്വാലുകൾ നിപ്പ വൈറസ് ഇവർക്ക് സമ്മാനിച്ചതോടെ മക്കളും പിതാവും ഈ ലോകത്തോട് യാത്ര പറഞ്ഞു. പനിബാധിച്ച കുടുംബത്തെ ശുശ്രൂഷിക്കാനെത്തിയ മൂസയുടെ സഹോദരിയും മരണത്തിനു കീഴടങ്ങി.

പന്തിരിക്കര ആവടുക്കയിൽ സഹോദരന്റെ വീട്ടിലാണ് മറിയവും മുത്തലിബും ഇപ്പോൾ. മൂസ മരിച്ചതറിഞ്ഞ് മുത്തലിബ് കോഴിക്കോട്ടേക്ക് രാവിലെ തിരിച്ചു. പക്ഷേ മൂസയുടേയോ മകന്റേയോ മുഖം അവസാനമായി ഒരു നോക്കു കാണാൻ ഇരുവർക്കും സാധിച്ചില്ല. അധികൃതർ സുരക്ഷാ കാരണങ്ങളാൽ 18 ന് മരിച്ച സാലിഹിന്റെയും ഇന്നലെ മരിച്ച മൂസയുടെയും മൃതദേഹം കോഴിക്കോട്ടു സംസ്‌കരിക്കുകയായിരുന്നു. ''എല്ലാം പടച്ചതമ്പുരാന്റെ പരീക്ഷണം'' എന്നു മാത്രമായിരുന്നു പേരാമ്പ്ര ജബലുന്നൂർ കോളജിലെ വിദ്യാർത്ഥികൂടിയായ ഈ 19കാരന്റെ പ്രതികരണം.ആരോഗ്യവകുപ്പിന്റെ കർശന നിർദേശമുള്ളതിനാൽ അടുത്ത ബന്ധുക്കളും മൂസയുടെ ഏറ്റവും പ്രിയപ്പെട്ടവരും മാത്രമാണ് ഖബറടക്കത്തിനെത്തിയത്. മരണവീടുകളിൽനിന്ന് വൈറസ് ബാധയേൽക്കാൻ സാധ്യയുണ്ടെന്ന പ്രചാരണം വന്നതോടെ പലരും ഇവരുടെ വീടിനടുത്തുനിന്ന് ഒഴിഞ്ഞു പോയി. ബന്ധുക്കൾ അത്യാവശ്യ സഹായത്തിന് പോലും എത്താത്ത അവസ്ഥയാണുള്ളത്.

ഏറെക്കാലം ഒരുമിച്ചുജീവിച്ച പ്രിയ ഭർത്താവിനെ അവസാനമായി ഒരുനോക്കു കാണാനാവാതെ ഖബറടക്കിയതിന്റെ നോവിൽ വിലപിക്കുകയാണ് പന്തിരിക്കര സൂപ്പിക്കട വളച്ചുകെട്ടിയിൽ മൂസയുടെ സഹധർമിണി മറിയം. ആറ്റുനോറ്റുവളർത്തിയ രണ്ടു മക്കളുടെ ജീവൻ ദിവസങ്ങളുടെ വ്യത്യാസത്തിൽ പൊലിഞ്ഞതിന്റെ നൊമ്പരംപേറി നിൽക്കുമ്പോഴാണ് ഈ ഉമ്മയുടെ അവസാന പ്രതീക്ഷയും തകർത്തെറിഞ്ഞ് മൂസയുടെ മരണവാർത്തയും വന്നെത്തിയത്. ഇനിയിവർ ജീവിക്കുക ഇളയമകൻ മുത്തലിബിനു വേണ്ടിയായിരിക്കും. ആ ഉമ്മയും മകനും ഇനി പരസ്പരം തണലാവും.

ബേബി ആശുപത്രിയിൽ മരിച്ച് കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ അതിസുരക്ഷാ സംവിധാനങ്ങളോടെ മറവുചെയ്യേണ്ടിവന്നതിനാലാണ് മറിയത്തിന് മൂസയുടെ മൃതദേഹംപോലും കാണാനാവാതിരുന്നത്. മറിയത്തിന്റെ മൂന്നാമത്തെ മകൻ സാലിം 2013ൽ പ്ലസ് ടു വിദ്യാർത്ഥിയായിരിക്കെ ബൈക്കപകടത്തിൽ മരിച്ചതോടെയാണ് ഈ കുടുംബത്തെ ദുരന്തങ്ങൾ വേട്ടയാടാൻ തുടങ്ങുന്നത്. രണ്ടാമത്തെ മകൻ സാബിത്തും മൂത്ത മകൻ സ്വാലിഹും ഒരു വർഷത്തോളം വിദേശത്തായിരുന്നു. സാബിത്തിന് അൾസർ വന്നതോടെ രണ്ടു പേരും നാട്ടിലേക്ക് തിരിച്ചു. രണ്ടു മാസം മുമ്പ് സ്വാലിഹ് അമ്മാവന്റെ മകൾ ആത്തിഫയെ നിക്കാഹ് കഴിക്കുകയും ചെയ്തിരുന്നു.

പനിയെ തുടർന്ന് സാബിത്ത് കോഴിക്കോട്ടെ ആശുപത്രിയിൽ മെയ്‌ അഞ്ചിനാണ് മരിക്കുന്നത്. വിദഗ്ധ പരിശോധനകൾ നടത്താത്തതുകൊണ്ട് മാരകമായ നിപ വൈറസാണ് മരണകാരണമെന്ന് കണ്ടെത്തിയതുമില്ല. തുടർന്ന് മെയ്‌ 18ന് സ്വാലിഹ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചതോടെയാണ് രോഗത്തിന്റെ തീവ്രത പുറംലോകമറിയുന്നത്. 19ന് മൂസയുടെ സഹോദരപത്‌നി മറിയവും മരണത്തിന് കീഴടങ്ങി. മകനും സഹോദരപത്‌നിയുമെല്ലാം മരിച്ചതറിയാതെ അതിഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിൽ കഴിഞ്ഞ മൂസ വ്യാഴാഴ്ച രാവിലെയോടെ മൂന്ന് മക്കളുടെയും അടുത്തേക്ക് യാത്രയായി.

മൂസയും മക്കളും ഇഷ്ടപ്പെട്ട് വാങ്ങിയ വീട്ടിലേക്ക് താമസം മാറുംമുമ്പേ മൂവരും യാത്രയായത് ഈ ഉമ്മയുടെയും മകന്റെയും ദുഃഖം ഇരട്ടിപ്പിക്കുകയാണ്. ആദ്യകാലത്ത് മൗലവിയായും പിന്നീട് പള്ളിയിലെ കലക്ഷൻ ഏജന്റുമായും പ്രവർത്തിച്ച മൂസ വളരെ പ്രയാസം സഹിച്ചാണ് നാലു മക്കളെ വളർത്തിയത്. സ്വാലിഹ് മരിച്ചതു മുതൽ മൂസയും മരിച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നിരന്തരം പ്രചരിച്ചിരുന്നത് ഈ കുടുംബത്തെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചിരുന്നത്. സ്വാലിഹിന്റെ മരണശേഷം ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ഇവർ ബന്ധുവീട്ടിലേക്ക് താമസം മാറിയിട്ടുണ്ട്. അടിക്കടിയുണ്ടായ മരണങ്ങൾ സങ്കടക്കടലിലാക്കിയ ഈ ഉമ്മയെയും മകനെയും ആശ്വസിപ്പിക്കാൻ അധികമാരും എത്തിയിരുന്നില്ല. അയൽവാസികളിൽ പലരും വീടൊഴിഞ്ഞുപോവുകയും ചെയ്തിരുന്നു.

അസുഖം മാറി ആത്തിഫ വീട്ടിലേക്ക് തിരിച്ചു വന്നപ്പോൾ അവൾക്ക് രണ്ടാം ജന്മം കിട്ടിയതുപോലെയാണ് വീട്ടുകാർക്ക് തോന്നിയത്. കാരണം ഇത്തരത്തിലായിരുന്നു അവളുടെ അസുഖത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. അപ്പോഴെല്ലാം വീട്ടുകാരും നാട്ടുകാരും അവളുടെ ജീവനു വേണ്ടി മനമുരുകി പ്രാർത്ഥിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് ആത്തിഫ എറണാകുളം അമൃത ആശുപത്രിയിൽനിന്ന് കുറ്റ്യാടി ഊരത്തെ വീട്ടിൽ തിരിച്ചെത്തിയത്. സൂപ്പിക്കടയിൽ മരിച്ച സ്വാലിഹ് നിക്കാഹ് കഴിച്ചത് ആത്തിഫയെ ആയിരുന്നു. സ്വാലിഹിന്റെ അമ്മാവന്റെ മകളാണ്. സാബിത്ത് മരിച്ച സമയത്തും സ്വാലിഹിന് രോഗം വന്നപ്പോളും ഇവർ സൂപ്പിക്കടയിൽ ആയിരുന്നു.