കോഴിക്കോട്: നിപ വൈറസ് സാമ്പത്തികമായും സാമൂഹികമായും ഒരു ഗ്രാമത്തെ തകർത്തിരിക്കയാണ്.അതാണ് കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ പ്രേരാമ്പ്രയിലെ അവസ്ഥ.കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ ഒരു പണിയും നടക്കുന്നില്ല.ഒരാളും വരുന്നില്ല.ലക്ഷക്കണക്കിന് രൂപയാണ് വ്യാപാരികൾക്കും വ്യവസായികൾക്കും ഉണ്ടായ നഷ്ടം.

അതുപോലെ നിപ വൈറസ് സംബന്ധിച്ച് ഭീതിപരത്തുന്ന തരത്തിലുള്ള പലരീതിയിലുള്ള പ്രചരണവും നടക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക സർക്കലുറാണെന്ന് പറഞ്ഞാണ് പലരും ഭീതിപരത്തുന്ന പല കാര്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. ഈ പ്രചരണത്തിന്റെ ഭാഗമായിട്ടാണ് രോഗം പിടിപെട്ട പല പ്രദേശങ്ങളിൽ നിന്നും ആളുകൾ കൂട്ടത്തോടെ പലായനം ചെയ്തത്. ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച സൂപ്പിക്കടയിൽ നിന്നാണ് പല കുടുംബങ്ങളും മാറിത്താമസിച്ചത്. തുടർന്ന് ഇത് പേരാമ്പ്ര ടൗണിലേക്ക് വരെ വ്യാപിച്ചു. എല്ലാ സമയവും വലിയ ജനത്തിരക്ക് അനുഭവപ്പെടാറുള്ള പേരാമ്പ്ര ടൗൺ ഇപ്പോൾ പലപ്പോഴും വിജനമാണ്.

മറ്റു സ്ഥലങ്ങളിൽ നിന്ന് ആളുകൾ പേരാമ്പ്രയിലേക്ക് വരാൻ മടിക്കുകയാണെന്ന് ഇവിടുത്തുകാർ പറയുന്നു. ജീവനക്കാർ വരാത്തതുകൊണ്ട് പല കടകളും ഇവിടെ അടഞ്ഞു കിടക്കുന്ന സാഹചര്യമാണുള്ളത്. ഇതുവഴി സർവ്വീസ് നടത്തുന്ന ബസ്സുകളിൽ തിരക്ക് നന്നെ കുറഞ്ഞ സ്ഥിതിയാണുള്ളത്. വിവാഹ വീടുകളിലേക്കും മറ്റ് തരത്തിലുള്ള മരണങ്ങൾ ഉണ്ടായ വീടുകളിലേക്ക് പോലും ആളുകൾ പോകുന്നില്ലന്നെ് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ തന്നെ പറയുന്നു. വൈറസ് വായുവിലൂടെ പകരുമോ എന്ന പേടികാരണമാണ് ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ തന്നെ മടിക്കുന്നത്.

കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കാണാൻ പോവാനൊരുങ്ങിയ ഭാര്യവീട്ടുകാരെ നാട്ടുകാരിൽ ചിലർ ചേർന്ന് തടയുന്ന സാഹചര്യമുണ്ടായി. മൃതദേഹം കാണാൻ പോകരുതെന്നും അഥവാ പോയാൽ പിന്നെ ഇവിടേക്ക് തിരിച്ചുവരരുതെന്നുമായിരുന്നു അവർ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം നിപ വൈറസ് ബാധയെ തുടർന്ന് മരിച്ച അശോകന്റെ മൃതദേഹം സംസ്‌ക്കരിക്കാൻ മാവൂർ റോഡ് ശ്മശാനം നടത്തിപ്പുകാർ വിസമ്മതിച്ചു. മൃതദേഹം ദഹിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിച്ചാൽ തങ്ങൾക്ക് രോഗം പടരുമെന്ന ധാരണയത്തെുടർന്നായിരുന്നു ജീവനക്കാർ വിസമ്മതിച്ചത്. ഒടുവിൽ ഐവർമഠം ശ്മശാനത്തിൽ നിന്ന് ആളുകൾ എത്തിയാണ് മൃതദേഹം സംസ്‌ക്കരിച്ചത്. കൂടുതൽ പേരിലേക്ക് രോഗം പടരുന്നുവെന്ന പ്രചരണമാണ് മൃതദേഹസംസ്‌ക്കരണത്തിന് തടസ്സം സൃഷ്ടിച്ചത്. നിപ വൈറസ് ബാധ മനുഷ്യബന്ധങ്ങളിൽ തന്നെ വിള്ളലുകൾ വീഴ്‌ത്തുന്ന സ്ഥിതിയുണ്ടാക്കുന്നതായാണ് ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

മുമ്പ് നിശ്ചയിച്ച വിവാഹങ്ങൾക്ക് ആളില്ലാതാവുമോ എന്ന ഭീതിയിലാണ് പലരും. ആളുകൾ വലിയ തോതിൽ ഒരുമിച്ച് ചേരാൻ സാധ്യതയുള്ള പരിപാടികളിലേക്ക് ആളുകൾ പോവാൻ മടിക്കുകയാണ്. സിനിമാ തിയേറ്ററുകളിലും ആളുകൾ കുറഞ്ഞിരിക്കുകയാണ്. ധാരാളം രോഗികൾ എത്തിയിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് രോഗികൾ ചെല്ലാത്ത അവസ്ഥയാണ്. ആശുപത്രിയിൽ പോയാൽ പനി പകരുമോ എന്ന് പേടിച്ച് മറ്റ് രോഗങ്ങളുള്ളവർ പോലും ആശുപത്രികളിലേക്ക് പോവാത്ത സ്ഥിതിയാണ് ഉള്ളതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ആരോഗ്യവകുപ്പ് ബോധവത്ക്കരണ പരിപാടികൾ നടത്തുന്നുണ്ടെങ്കിലും ആളുകൾ വ്യാജ പ്രചരണങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് ഇത്തരം സംഭവം സൂചിപ്പിക്കുന്നത്. കൂടുതൽ കാര്യക്ഷമമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാവണമെന്നുതന്നെലാണ് എല്ലാവരും ചൂണ്ടിക്കാട്ടുന്നത്.

അതിനിടെ നിപ വൈറസ് ഭൂമാഫിയുടെ പണിയാണെന്ന രീതിയിലുള്ള പ്രചാരണവും സമൂഹ മാധ്യമങ്ങളിൽ വ്യാപകമാണ്.പേരാമ്പ്രയിലെയും പരിസര പ്രദേശത്തെയും ഭൂമി വാങ്ങിക്കൂട്ടാൻ ചിലർ നടത്തുന്ന ശ്രമമാണ് നിപക്ക് പിന്നിലെന്നാണ് ചില വാട്‌സാപ്പ് സന്ദേശങ്ങൾ പറയുന്നത്.എന്നാൽ ഈ മേഖലയിൽ ഇപ്പോൾ ഭൂമിവിൽപ്പനയൊന്നും നടക്കുന്നില്‌ളെന്നാണ് അധികൃതർ പറയുന്നത്. പഴങ്ങൾ കഴിക്കരുതെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ ആദ്യം ഉയർന്ന പ്രചരണം. ഇതിനത്തെുടർന്ന് മാമ്പഴം ഉൾപ്പെടെയുള്ളവയുടെ വിൽപ്പന വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. നോമ്പുകാലത്ത് പഴവർഗ്ഗങ്ങളുടെ ഉപയോഗം കൂടുകയാണ് പതിവ്.

എന്നാൽ ഈ നോമ്പുകാലത്ത് പഴ വർഗങ്ങളുടെ ഉപയോഗം നന്നേ കുറഞ്ഞു. പഴവർഗങ്ങളുടെ വിൽപ്പനയിലേർപ്പെട്ടെ കച്ചവടക്കാരെ ഇത് ദുരിതത്തിലാക്കയിരിക്കയാണ്. മാങ്ങയും പേരയ്ക്കയും ചാമ്പക്കയുമൊക്കെ കുട്ടികൾ കഴിക്കാതിരിക്കാൻ ജാഗ്രതയിലാണ് മാതാപിതാക്കൾ. എന്നാൽ വവ്വാലുകൾ ഭക്ഷിക്കാൻ സാധ്യതയുള്ള പഴങ്ങൾ കഴിക്കരുതെന്ന് നിർദ്ദേശം മാത്രമാണ് ഇതുവരെ നൽകിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ബീഫും ചിക്കനും കഴിക്കരുതെന്നാണ് മറ്റൊരു പ്രചരണം. മരുന്നുകൾ കുത്തിവെച്ച് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വളർത്തിയെടുക്കുന്ന ബ്രോയിലർ ചിക്കനിൽ നിപ വൈറസ് അടങ്ങിയിരിക്കാൻ സാധ്യത ഏറെയാണെന്ന് ഇത്തരം സന്ദശേങ്ങളിൽ വ്യക്തമാക്കുന്നു.

വാഴയിലയിൽ വവ്വാലുകൾ വന്നിരിക്കാനുള്ള സാധ്യതയുള്ളതുകൊണ്ട് വാഴയിലയിൽ ഭക്ഷണം കഴിക്കരുതെന്നും വാഴയിലയിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ ഉപയോഗിക്കരുതെന്നും പ്രചരണമുണ്ട്. ഇത്തരം പ്രചരണങ്ങൾ കച്ചവടക്കാരെയും കർഷകരെയുമെല്ലാം വലിയ തോതിൽ പ്രയാസത്തിലാക്കിയിട്ടുണ്ട്. വവ്വാലുകളാണ് രോഗം പടർത്തുന്നതെന്ന് വ്യക്തമായതോടെ വവ്വാലുകളെ കൂട്ടത്തോടെ കൊന്നൊടുക്കാനായിരുന്നു പലരുടെയും ആഹ്വാനം. വൈറസ് വാഹകർ വവ്വാലുകളാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലന്നെ് വിശദീകരണം വന്നതോടെ കേരളത്തിൽ ജോലിക്കത്തെുന്ന ബംഗാളികളാണ് രോഗം പടർത്തുന്നതെന്ന വാദവുമായി സോഷ്യൽ മീഡിയാ പ്രചാരകർ രംഗത്തത്തെിക്കഴിഞ്ഞു.

യാതൊരു വൃത്തിയുമില്ലാതെ കഴിയുന്ന ബംഗാളികളാണ് ജനങ്ങളെ ഭീതിയിലാക്കുന്ന രോഗം പടർത്തുന്നതെന്നും ഇത്തരക്കാരെ ഇവിടെ നിന്ന് കയറ്റി അയയ്ക്കണമെന്നും പറയുന്ന ശബ്ദ വീഡിയോ സന്ദശേങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലാണ് പ്രചരിക്കുന്നത്. എന്നാൽ അസുഖമുണ്ടാക്കുന്നത് അതിഥി തൊഴിലാളികളെല്ലന്നെും അവർക്ക് അസുഖമുണ്ടായിരുന്നെങ്കിൽ തടയാൻ കഴിയാത്തത്ര രീതിയിൽ അതുകൊടുങ്കാറ്റുപോലെ പടരുമായിരുന്നെന്നും ഡോ: ജിനേഷ് അടക്കമുള്ള ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.

ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളും വ്യക്തിപരമായി സ്വീകരിക്കാവുന്ന സുരക്ഷാ മാർഗങ്ങളുമൊക്കെ വളരെ മോശം നിലവാരത്തിലാണ്. അതുകൊണ്ട് തന്നെ അവരല്ല വൈറസ് വാഹകരെന്ന് ഉറപ്പാണ്. മണ്ടത്തരങ്ങൾ പറയുകയും ചെയ്യകയും ചെയ്യന്ന ജേക്കബ് വടക്കൻചേരിയും മോഹനൻ വൈദ്യരുമെല്ലാം ചേർന്ന് നശിപ്പിക്കുന്നത് ജനങ്ങളുടെ ആരോഗ്യമാണെന്ന് ഡോ: ജിനേഷ് പി എസ് പറഞ്ഞു.