കോഴിക്കോട്: വിവിധ രോഗങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരെ പരിചരിക്കുന്ന നഴ്‌സിങ് ജോലിക്ക് കേരളത്തിൽ തക്കതായ പ്രതിഫലം ലഭിക്കുന്നില്ലെന്ന പരാതി സജീവമായി നിൽക്കുകയാണ്. ഐതിഹാസികമായ സമരത്തിനൊടുവിൽ യുഎൻഎയുടെ നേതൃത്വത്തിൽ നഴ്‌സുമാരുടെ സമരം വിജയിച്ചെങ്കിലും മാലാഖമാർക്ക് ഇപ്പോഴും ദുരിതം മാത്രമാണ് അവസ്ഥ. ഇതിനിടെയാണ് സർക്കാർ ആശുപത്രിയിലെ ഒരു നഴ്‌സ് നിപ്പോ വൈറസ് ബാധിച്ച് മരണപ്പെട്ടത്. നിപ്പ ബാധിച്ച് മരണപ്പെട്ടവരെ ചികിത്സിക്കുന്നതിനിടെയാണ് ലിനി എന്ന എൻആർഎച്ച്എം നഴ്‌സ് മരണപ്പെട്ടത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ലിനിയുടെ വിയോഗം ഒരു രക്തസാക്ഷിത്തമാണെന്നാണ് നഴ്‌സിങ് സമൂഹം പറയുന്നത്.

സർക്കാർ ആശുപത്രിയിലെ ജോലിയാണെങ്കിലും മതിയായി സുരക്ഷയില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്. അത്തരത്തിൽ മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെ ജോലി ചെയ്യേണ്ടി വന്നതാണ് ലിനിയുടെ ജീവൻ നഷ്ടമാകാൻ ഇടയാക്കിയത്. എൻആർഎച്ച്എം മുഖേനയാണ് ഇവർക്ക് നിയമനം ലഭിച്ചിരുന്നത്. പിഎസ്ഇ വഴി നിയമിതരായ നഴ്‌സുമാരേക്കാൾ കുറഞ്ഞ ശമ്പളമായിരുന്നു അതിനാൽ ഇവർക്കും ലഭിച്ചിരുന്നത്. പറക്കമുറ്റാത്ത രണ്ട് കുട്ടികളുടെ മാതാവ് കൂടിയായിരുന്നു ലിനി. ഇവരുടെ വിയോഗത്തോടെ ആ കുഞ്ഞുങ്ങൾക്ക് ചെറുപ്രായത്തിൽ തന്നെ അമ്മയെ നഷ്ടമായി.

നിപ്പ ബാധിച്ച് മരിച്ച രോഗിയെ ശുശ്രൂഷിച്ചിരുന്ന ലിനിയെ മരണം തേടിയെത്തിയത് അതേ രോഗം പടർന്നുപിടിച്ചാണ്. മരിച്ച ലിനിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തില്ല. അടുത്തബന്ധുക്കളെ മാസ്‌ക്ക് ധരിച്ച് മൃതദേഹം കാണാൻ അനുവദിച്ചു. എങ്കിലും മക്കൾക്ക് ഒരു അന്ത്യചുംബനം നൽകാനുള്ള അവസരം പോലു ലഭിക്കാതെയാണ് ലിനി യാത്രയായത്. രാത്രി രണ്ട് മണിയോടെ മരിച്ച ലിനിയെ കോഴിക്കോട് വൈദ്യുതി ശ്മശാനത്തിൽ ഉടനടി സംസ്‌ക്കരിക്കുകയായിരുന്നു. രാത്രി തന്നെ വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിച്ചു. രോഗം പകരുമോ എന്ന ഭയത്തിലാണ് പൊടുന്നനെ സംസ്‌കരിച്ചത്.

രോഗവുമായി ഹോസ്പിറ്റലിൽ വരുന്നവരെ സ്വന്തം അച്ഛനും അമ്മയുമായി കണ്ടു കൊണ്ടാണ് ഓരോ നഴ്‌സുമാരും ജോലിയിടുക്കുന്നത്, അതുകൊണ്ട് തന്നെ ഡോക്ടർമാരെക്കാൾ വൈറസ് പെട്ടന്ന് പിടിപെടുവാൻ നഴ്‌സുമാർക്ക് സാധ്യത കൂടുതലാണ്. ഗവണ്മെന്റ് ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് വേണ്ടത്ര പ്രൊട്ടക്ഷൻ കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നുതായി നഴ്‌സുമാരുടെ സംഘടനകളും അഭിപ്രായപ്പെടുന്നു. രണ്ടു കുട്ടികളുടെ മാതാവാണ് മരണപ്പെട്ട ലിനി. നേരത്തെ കണ്ണൂർ കൊയിലി ആശുപത്രിയിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ് ലിനി. ഒരു വർഷം മുമ്പാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിയമിതയായത്. ലിനിയുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്.

ലിനിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടൻ അനുവദിക്കുകയും കുടുംബത്തിലെ ഒരംഗത്തിനു ഗവണ്മെന്റ് ജോലി നൽകി സഹായിക്കണമെന്നും സർക്കാറിനോട് യുഎൻഎ ആവശ്യപ്പെട്ടിട്ടുണ്ട്. അവൾ അനശ്വര രക്തസാക്ഷിയാണെന്ന് യുഎൻഎ അധ്യക്ഷൻ ജാസ്മിൻ ഷാ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. ലിനയുടെ നിര്യാണത്തിൽ കുടുംബത്തിന്റെ അനുശോചനം രേഖപ്പെടുത്തുന്നതായും ജാസ്മിൻ പറഞ്ഞു.

എല്ലാവരോടും അനുകമ്പയോടും സ്‌നേഹത്തോടെയും പെരുമാറുന്ന വ്യക്തിയായിരുന്നു ലിനിയെന്നാണ് സഹപ്രവർത്തകരും പറയുന്നത്. ലിനിയുടെ വിയോഗത്തിന്റെ ആഘാതത്തിലാണ് ഇവർ. അതേസമയം വൈറസ് ബാധ കൂടുതൽ ആളുകളിലേക്ക് പടർന്നിട്ടുണ്ടോ എന്ന ആശങ്കയും പേരാമ്പ്ര താലൂക്ക് ആശുപത്രിയെ ചുറ്റിപ്പറ്റി നിലനിൽക്കുന്നുണ്ട്. ലിനയുടെ ബന്ധുക്കളെയും നിരീക്ഷണത്തിലാണ്. അടുത്തിടപഴകിയവരുടെ രക്തസാമ്പിൾ അടക്കം ശേഖരിച്ച് പരിശോധന നടത്താനും രോഗം പടരുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും ആരോഗ്യ വകുപ്പ് അധികൃതർ നടപടി സ്വീകരിച്ചു.

നിപ്പ വൈറസിന്റെ ഉറവിടം കിണറിലെ വെള്ളമാകാമെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ് എത്തിയിട്ടുണ്ട്. പേരാമ്പ്രയിൽ മരിച്ചയാളുടെ വീട്ടിലെ കിണറ്റിൽ വവ്വാലുകളെ കണ്ടെത്തിയിരുന്നു. വവ്വാലുകൾ പുറത്ത് പോകാതിരിക്കാൻ കിണറ് മൂടിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. വൈറസ് പകരുന്നത് വവ്വാലുകളിലൂടെയാണോയെന്ന് വ്യക്തമാകാൻ കൂടുതൽ പരിശോധനകൾ നടത്തും. വായുവിലൂടെ വൈറസ് പകരുമെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആശുപത്രി ജീവനക്കാരുടെ സുരക്ഷയ്ക്ക് നടപടി എടുത്തെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

നിപാ വൈറസ് ബാധിച്ചവർ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടുന്നതെങ്കിൽ ചികിത്സാ ചെലവിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും, പണമില്ലെന്ന കാരണത്താൽ ആരുടെയും ചികിത്സ മുടങ്ങരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മൂന്നിടത്ത് ആരോഗ്യ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. നിപാ വൈറസ് മൂലമുള്ള പനി റിപ്പോർട്ട് ചെയ്തിട്ടുള്ള പേരാമ്പ്രയ്ക്ക് സമീപം പന്തിരിക്കര, ചെറുവണ്ണൂർ, ചെമ്പനോട എന്നിവിടങ്ങളിലാണ്ആരോഗ്യ വകുപ്പിന്റെ ക്യാമ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസം മരിച്ച മൂന്ന് പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ച ശേഷം വന്ന റിപ്പോർട്ടിലാണ് പനിക്ക് കാരണം നിപാവൈറസാണെന്ന് സ്ഥിരീകരിച്ചത്. പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറ് പേർ കൂടി ഇന്നലെ രാത്രിയോടെ മരിച്ചു.

പനി നേരിടാൻ സംസ്ഥാനതലത്തിൽ കൺട്രോൾ റൂം തുറന്നു. കോഴിക്കോട്ടെ പനിമരണങ്ങളെക്കുറിച്ച് പഠിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനതിന്റെ അഭ്യർത്ഥന പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ ആണ് മെഡിക്കൽ ടീമിനെ അയക്കാൻ തീരുമാനിച്ചത്. ഒപ്പം ആരോഗ്യമന്ത്രി കെകെ ശൈലജയും ഇന്ന് പനിബാധിത പ്രദേശം സന്ദർശിക്കും. ആദ്യമരണങ്ങൾ നടന്ന സ്ഥലങ്ങളിൽ നിന്നും വളരെ ദൂരെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോൾ മരിച്ചവർ ഏറെയും. അതുകൊണ്ട് തന്നെ വൈറസ് കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നുവെന്ന ആശങ്കയുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കഴിഞ്ഞദിവസം ആരോഗ്യ അധികൃതർ നൽകിയ ജാഗ്രാതാനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ യുവി ജോസ് അറിയിച്ചു.