ഇരിങ്ങാലക്കുട: ഓട്ടിസം ബോധവൽകരണ മാസാചരണത്തിന്റെ ഭാഗമായി കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷന്റെ (നിപ്മർ) ആഭിമുഖ്യത്തിൽ ഈ മാസം 10, 11 തീയതികളിൽ ഓട്ടിസം ബോധവൽകരണ പരിപാടി 'സ്പെക്ട്രം 2021' സംഘടിപ്പിക്കുന്നു. വെബിനാറുകൾ, പ്രദർശനബോധന പരിപാടികൾ, മത്സരങ്ങൾ എന്നിവയാണ് പരിപാടിയുടെ ഭാഗമായി നടക്കുക. 10-ാം തീയതി രാവിലെ 10 മണിക്ക് നിപ്മർ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ഭിന്നശേഷിയും ചലന വൈകല്യവുമുള്ളവരുടെ ചികിത്സയ്ക്കായി നിപ്മറിൽ ഒരുക്കിയിട്ടുള്ള ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ നേരിട്ട് കാണുന്നതിനുള്ള അപൂർവ അവസരമാണ് ഈ പ്രദർശന പരിപാടിയെന്ന് നിപ്മർ അധികൃതർ അറിയിച്ചു.

11-ാം തീയതി വൈകീട്ട് 3-ന് നടക്കുന്ന സമാപന ചടങ്ങിൽ തൃശൂർ ജില്ലാ കളക്ടർ എസ്. ഷാനവാസ് ഐഎഎസ് മുഖ്യാതിഥിയായിരിക്കും. പൂർണമായി കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനായി 7510870111, 9288008988 എന്നീ നമ്പറുകളിൽ രാവിലെ 9-നും വൈകീട്ട് 4-നും ഇടയിൽ ബന്ധപ്പെടേണ്ടതാണ്.