കോഴിക്കോട്: സംസ്ഥാനത്തെയാകെ ഭീതിയിലാഴ്‌ത്തിയ നിപ്പ വൈറസ് നിയന്ത്രണ വിധേയം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒമ്പത് പേരിൽ അസുഖം സ്ഥിതീകരിച്ചത് ഒരാൾക്ക് മാത്രം. രോഗലക്ഷണവുമായി ചികിത്സക്കെത്തിയ എട്ടുപേരെ ഇന്നലെ വൈറസ് ബാധയേറ്റിട്ടില്ലെന്ന് കണ്ടെത്തി വീട്ടിലേക്കയച്ചു. പുതുതായി ആർക്കും രോഗം സ്ഥിതീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ആശങ്ക ഒഴിവാക്കാമെന്നാണ് ആരോഗ്യമേഖലയിലുള്ളവരുടെ വിലയിരുത്തൽ.

നിലവിൽ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ള ഒമ്പത് പേരിൽ മലപ്പുറത്തുള്ള ഒരാൾക്ക് മാത്രമാണ് അസുഖം സ്ഥിതീകരിച്ചിട്ടുള്ളത്. ഇപ്പോൾ നിരീക്ഷണത്തിലുള്ള രോഗം ഉണ്ടെന്ന് സംശയിക്കുന്നവരിൽ രണ്ട് പേർ കുട്ടികളാണ്. ഇവരെ മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ വിഭാഗത്തിൽ പ്രത്യേക വാർഡ് സജ്ജീകരിച്ചും മറ്റുള്ളവരെ ഐസോലേഷൻ വാർഡുകളിലും കിടത്തിയിരിക്കുകയാണ്. കല്ലായിയലിൽ നിന്നുള്ള ഒമ്പതു വയസ്സുകാരിയും കൂത്താളിയിൽ നിന്നുള്ള ആറുവയസ്സുകാരിയുമാണ് ചികിത്സയിലുള്ള അസുഖം സംശയിക്കപ്പെടുന്ന കുട്ടികൾ. ഇവരുടെ രംക്തസാമ്പിളുകൾ പരിശേധനക്കയച്ചതിന്റെ റിസൽട്ടുകൂടിയാണ് ഇനി വരാനുള്ളത്.

പനി, ന്യൂമോണിയ, എൻസഫലൈറ്റിസ് തുടങ്ങിയ അസുഖങ്ങളോടെയാണ് ഇവർ ആശുപത്രിയിലെത്തിയത്. അതേ സമയം നിപ്പ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്രയിലെ സഹോദരങ്ങളുടെ പിതാവ് മൂസ്സകൂടി ഇന്ന് കാലത്ത് മരിച്ചതോടെ സംസ്ഥാനത്ത് നിപ്പ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 12 ആയി. ആദ്യം മരിച്ച സാബിത്തിന്റെ രക്തസാമ്പിളുകൾ പരിശോധിച്ചിട്ടില്ലാത്തിനാൽ സാബിത്തിന്റെ മരണം ആരോഗ്യവകുപ്പിന്റെ പക്കലുള്ള നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുടെ ലിസ്റ്റിലില്ല. അതുകൊണ്ട് തന്നെ സർക്കാർ കണക്കുകളിൽ നിപ്പ ബൈധിച്ച് മരിച്ചവരുടെ എണ്ണം ഇന്ന് മരിച്ച മൂസയുടേതടക്കം പതിനൊന്നാണ്.

സാബിത്തിന്റെ സഹോദരൻ സാലിഹിന്റെ ചികിത്സക്കിടെയാണ് നിപ്പവൈറസിന്റെ സാന്നിദ്ധ്യം സംസ്ഥാനത്ത് ആദ്യമായി കണ്ടെത്തിയത്. അതിനാൽ തന്നെ സാലിഹ് മുതലുള്ളവരെയാണ് സർക്കാർ കണക്കുകളിൽ നിപ്പാവൈറസ് മരണങ്ങളിൽ ഉൾപെട്ടിട്ടുള്ളത്. ഇതിനാൽ സബിത്തിന്റെ മരണത്തിന് സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഇതോടെ സംസ്ഥാത്ത് നിപ്പാ ബാധിച്ചെന്ന് ഔദ്യോഗികമായി സ്ഥിതീകരിച്ച 12 പേർ മരണത്തിന് കീഴടങ്ങി.

ഇന്നലെ ഏഴണ്ണമടക്കം സംസ്ഥാനത്ത് നിന്ന് ആകെ രക്തസാമ്പിളുകളാണ് പരിശോധനക്കായി മണിപ്പാലിലെ ലാബിലേക്കയച്ചത്. ഇതിനിടെ ചികിത്സക്കാവശ്യമായ റിപാവൈറിൻ മരുന്ന് ആവശ്യത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ സറ്റോക്കുള്ളത് സഹായകമായി. വടകര താലൂക്ക് ആശുപത്രിയിൽ നിപ്പാവൈറസ് ബാധയേറ്റ് ഒരാൾ ചികിത്സയിലുണ്ടെന്ന വാർത്ത ആശുപത്രി അധികൃതർ നിശേധിച്ചു. നേരത്തെ മരണത്തിന് കീഴടങ്ങിയ നാദാപുരം സ്വദേശിയെ ആദ്യം ചികിത്സിച്ചിരുന്നതിനാൽ ഇത്തരം വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇയാൾക്ക് അസുഖം ബാധിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ മാഹിയെ നിപ്പാവൈറസ് ജാഗ്രതാ മേഖലയായി പോണ്ടിച്ചേരി സർക്കാർ പ്രഖ്യാപിച്ചു. മാഹിക്കടുത്ത് കേരളത്തിലെ പ്രദേശങ്ങളിൽ നിപ്പാവൈറസ് സ്ഥിതീകരിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. കേരളത്തിന്റെ ആര്യോഗ്യ സുരക്ഷാ സംവിധാനങ്ങളുടെ ക്രിയാത്മക ഇടപെടലുകളെ കേന്ദ്ര സംഘവും പോണ്ടിച്ചരി സർക്കാറും പ്രശംസിച്ചു.