കോട്ടയം: പുറമ്പോക്ക് ഭൂമി കൈയേറിയെന്ന് ആരോപിച്ച് കുമരകത്തെ സ്വകാര്യ റിസോർട്ടിൽ ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം നടത്തിയ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ രണ്ട് പദ്ധതിയിലായി 200 കോടിയുടെ നിക്ഷേപം നടത്താനുള്ള തീരുമാനം പിൻവലിച്ചതായി നിരാമയ റിട്രീറ്റ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ മനു റിഷി ഗുപ്ത അറിയിച്ചു. റിസോർട്ടിൽ അതിക്രമിച്ചുകടന്ന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നടപടിയുമായി മുന്നോട്ടുപോകും. നഷ്ടപരിഹാരം ഈടാക്കാൻ നടപടി സ്വീകരിക്കുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

അതിനിടെ കുമരകം റിസോർട്ട് ആക്രമണത്തിലെ പ്രധാനപ്രതി എസ് ഐ യുടെ തൊപ്പി തലയിൽ വെച്ച് സെൽഫിയെടുത്ത അമ്പിളിയാണെന്ന ആരോപണവും സജീവമാണ്. സംഭവത്തിൽ പൊലീസ് ചാർജ് ചെയ്യുന്നത് ദുർബല വകുപ്പാണെന്നും മാനേജ്‌മെന്റ് ആരോപിക്കുന്നു. എട്ടു കോടിയോളം രൂപയുടെ നാശനഷ്ടവും മോഷണവും ആണ് അവിടെ നടന്നിരിക്കുന്നത് എന്ന് റിസോർട്ട് അധികൃതർ പറയുന്നിടത്ത് സ്റ്റേഷൻ ജാമ്യം മാത്രം നൽകി പ്രതികളെ പോകാനനുവദിച്ചത് പ്രതികളും പൊലീസും തമ്മിലുള്ള ഒത്തുകളിയാണ്. ഇതിൽ പ്രധാനപ്രതി സ്ഥാനത്തു നിൽക്കുന്നത് കുറച്ചു മാസങ്ങൾക്കു മുൻപ് പൊലീസ് സ്റ്റേഷനിൽ കയറി എസ് ഐ യുടെ തൊപ്പി വെച്ച് സെൽഫി എടുത്ത് 'പിണറായി പൊലീസ്' എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിലിട്ട അമ്പിളി എന്നു വിളിക്കുന്ന ഡി വൈ എഫ് ഐ നേതാവാണെന്നും ആരോപണമുണ്ട്.

ഗുരുതരമായ കുറ്റം ചെയ്ത് സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് തന്നെ കളങ്കം വരുത്തിയ കേസിലെ പ്രതികളെ ഇത്രയും ലാഘവത്തോടെ വിട്ടത് സി പി എം സർക്കാരും റിസോർട്ട് ആക്രമിച്ച ഗുണ്ടകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ പ്രതിഫലനമാണ്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലെ ഇത്തരം തുച്ഛമായ രാഷ്ട്രീയ കളികൾ സർക്കാരിന്റെ ഭാഗത്തു നിന്ന് നേരിട്ടുണ്ടാകുന്നത് കേരള ടൂറിസത്തിനു ആഗോള തലത്തിൽ തന്നെ ക്ഷീണമാകുമെന്നും മാനേജ്‌മെന്റ് വിലയിരുത്തുന്നു. ഇതിന് പിന്നാലെയാണ് നിക്ഷേപം വേണ്ടെന്ന് വച്ച തീരുമാനം പ്രഖ്യാപിക്കുന്നത്. തങ്ങളുടേതല്ലാത്ത കുറ്റത്തിന്റെ പേരിൽ കുറ്റവാളികളാക്കുന്നത് അംഗീകരിക്കാനാവില്ല. ഒരുസംഘം സ്ഥാപനത്തിൽ കയറി അഴിഞ്ഞാടിയപ്പോൾ സംസ്ഥാനത്തെ ഭരണസംവിധാനവും പൊലീസും നോക്കുകുത്തികളായി നിന്നുവെന്നും ആരോപിക്കുന്നു.

എങ്കിലും കേരളത്തിന്റെ ടൂറിസം വികസന രംഗത്തെ പങ്കാളികൾ എന്ന നിലയിൽ മുമ്പത്തെക്കാൾ ശക്തമായി സ്ഥാപനവുമായി മുന്നോട്ടുപോകും. ഈ സംഭവം പദ്ധതികളുടെ വേഗം കുറക്കുമെങ്കിലും പദ്ധതികൾ നിർത്തില്ലെന്നും സിഇഒ വ്യക്തമാക്കി. തീർത്തും അപലപനീയവും പ്രാകൃതവുമായ അക്രമങ്ങളാണ് സ്ഥാപനത്തിനും ജീവനക്കാർക്കും നേരെ ഡിവൈഎഫ്ഐയിൽനിന്നുണ്ടായത്. മാരകായുധങ്ങളുമായി ഇരച്ചുകയറിയവരെ കണ്ട് ജീവനക്കാർ സ്തംഭിച്ചുനിന്നു. ജീവനക്കാരെ കൊല്ലാനുള്ള ലക്ഷ്യത്തോടെയായിരുന്നു കല്ലും വടിയും ഹോക്കി സ്റ്റിക്കും വടിവാളും ഉൾപ്പെടെ ആയുധങ്ങളുമായി അക്രമി സംഘം ഇരച്ചുകയറിയത്. 20 അംഗ സംഘം സ്ഥാപനത്തിൽ കയറി ക്രമസമാധാനം തകരുന്ന രീതിയിൽ ആക്രമണം നടത്തുമ്പോൾ പൊലീസ് കാഴ്ചക്കാരായെന്നും കമ്പനി ആരോപിച്ചു.

അതിനിടെ രാജീവ് ചന്ദ്രശേഖർ എംപിയുടെ കുമരകത്തെ റിസോർട്ടുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാൽ പൊലീസ് കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഡിവൈഎഫ്ഐ നേതൃത്വത്തിൽ എംപിയുടെ നിരാമയ റിട്രീറ്റ് റിസോർട്ട് അടിച്ചു പൊളിച്ചെന്നാരോപിച്ച് പൊലീസ് സംരക്ഷണം തേടി നൽകിയ ഹരജിയിലാണ് ഉത്തരവ്. റിസോർട്ടുമായി ബന്ധപ്പെട്ട നിർമ്മാണത്തൊഴിലാളികളെ തടയുകയും അക്രമം നടത്തുകയും ചെയ്യുന്നതായും ഹരജിയിൽ പറയുന്നു.

കേസിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി, ആർട്ടിസാൻസ് യൂനിയൻ (സിഐടി.യു), കുമരകം ജനസമ്പർക്ക സമിതി തുടങ്ങിയ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. കേസ് 28ന് പരിഗണിക്കാൻ മാറ്റി.