തിരുവല്ല: അസമയത്ത് കണ്ടതിനെ ചോദ്യംചെയ്തയാളോട് പകരംവീട്ടാനെത്തിയ ക്വട്ടേഷൻ സംഘത്തിന്റെ പ്രതികാരമാണ് നിരണത്ത് കഴിഞ്ഞദിവസം വ്യാപകമായ അക്രമസംഭവങ്ങൾക്ക് വഴിവച്ചതെന്ന് പൊലീസ്. നാട്ടുകാരനായ സജിത്തിനോട് ഒന്നാംപ്രതി വിനോദിനുണ്ടായ പകയാണ് വ്യാപക അക്രമത്തിലേക്ക് വഴിവച്ചത്. കഴിഞ്ഞമാസം 28നാണ് നിരണത്ത് വലിയതോതിൽ അക്രമം അരങ്ങേറിയത്. കാറിലെത്തിയ ഒരു സംഘം കണ്ണിൽക്കണ്ടവരെയെല്ലാം വെട്ടുകയും കടകളും സ്ഥാപനങ്ങളും ആക്രമിക്കുകയും വ്യാപകനാശം സൃഷ്ടിക്കുകയുമായിരുന്നു.

പക്ഷേ ഇതിന്റെ കാരണംതേടി ഇറങ്ങിയ പൊലീസിനും നാട്ടുകാർക്കും എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി യാതൊരു വിവരവും ഉണ്ടായില്ല. നിരണം പഞ്ചായത്തുമുക്കിൽ വിനോദിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. പക്ഷേ ആദ്യം അക്രമിസംഘം ഉന്നംവച്ചെത്തിയ സജിത് വെട്ടേറ്റതോടെ രക്ഷപ്പെട്ട് രഹസ്യമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. ഇയാളെ കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

നിരണെത്ത നടുക്കിയ ക്വട്ടേഷൻ ആക്രമണത്തിനു കാരണമായത് ഹരിപ്പാട് വലിയത്ത് കിഴക്കേതിൽ പുത്തൻകണ്ടത്തിൽ ബേബിയുടെ മകനും ഒന്നാം പ്രതിയുമായ വിനോദിന്റെ പ്രതികാരമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സദാചാരപ്പൊലീസ് ചമഞ്ഞ് ജനങ്ങൾക്കു മുന്നിൽ തന്നെ മർദിക്കുകയും അപമാനിക്കുകയും ചെയ്ത സജിത് എന്ന യുവാവിനോട് പ്രതികാരം ചെയ്യാൻ ക്വട്ടേഷൻ സംഘവുമായി എത്തി കഴിഞ്ഞ 28 ന് രാത്രി നിരണം പഞ്ചായത്തു മുക്കിൽ വിനോദിന്റെ നേതൃത്വത്തിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

സംഭവത്തെപ്പറ്റി പൊലീസ് ഭാഷ്യം ഇങ്ങനെ: പാലായിലെ നിർമ്മാണക്കമ്പനിയിൽ ഡ്രൈവറായ വിനോദ് കഴിഞ്ഞ 27ന് രാത്രി നിരണത്തുള്ള ഭാര്യവീട്ടിൽ രണ്ടു സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ വന്നിരുന്നു. പഞ്ചായത്ത് മുക്കിലെ കടയിൽനിന്നു സാധനം വാങ്ങി പുറത്തേക്കിറങ്ങിയ വിനോദിനെയും കൂട്ടുകാരെയും സ്ഥലവാസിയായ മുട്ടുങ്കേരിൽ സജിത് ചോദ്യം ചെയ്തു. രാത്രി ഇവിടെ എന്തിനു വന്നു എന്നതായിരുന്നു ചോദ്യം. പ്രതിരോധിച്ചു നിന്ന വിനോദിനെ സജിത് ആക്രമിച്ചു.

ഇതിനിടെ ആളും കൂടി. ഭാര്യാസഹോദരനെ കാണാൻ എത്തിയതാണെന്നു സ്ഥലവാസികളോട് വിനോദ് പറഞ്ഞു. പ്രശ്‌നം പരിഹരിച്ചെങ്കിലും വിനോദിന്റെ ദേഷ്യമടങ്ങിയില്ല. ഈ സംഭവത്തിനു ശേഷം ഭാര്യവീട്ടിൽ കയറാതെ വിനോദ് സുഹൃത്തുക്കൾക്കൊപ്പം പോയത് ജോലി ചെയ്യുന്ന സ്ഥലത്തെ വാടക വീട്ടിലേക്കാണ്. തുടർന്ന് ഭാര്യവീടിനു സമീപം തന്നെ ആക്രമിച്ച സജിത്തിനോട് പ്രതികാരം ചെയ്യാനുള്ള പദ്ധതി തയാറാക്കി.

സജിത് ചോദ്യംചെയ്തപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച് പാലായിലെ മറ്റൊരു സുഹൃത്തിന്റെ കാർ വിനോദ് സംഘടിപ്പിച്ചു. കാറിൽ നിരണം വഴി ഹരിപ്പാട്ടേക്കു പോയ ഇവർ നാലു പേരെക്കൂടി ഒപ്പംകൂട്ടി. മാരകായുധങ്ങളും കരുതിയിരുന്നു. നിരണം പഞ്ചായത്ത് മുക്കിൽ ഷെവർലെ എൻജോയ് കാറിലെത്തി. പഞ്ചായത്ത് മുക്കിൽ സജിത് വരുമെന്ന പ്രതീക്ഷയിൽ ഇവർ അയാളെത്തേടി വാഹനത്തിൽ റോന്ത് ചുറ്റിക്കൊണ്ടിരുന്നു. രാത്രി എട്ടുമണിയോടെ സജിത് പഞ്ചായത്ത് മുക്കിൽ എത്തി. കടയുടെ മുന്നിൽ നിന്ന സജിത്തിന്റെ മുന്നിൽ ചാടിവീണ് തലയിൽ ഇവർ വെട്ടിപ്പരുക്കേൽപ്പിച്ചു.

ആദ്യ വെട്ടുകൊണ്ടയുടൻ അപകടം മണത്ത സജിത് ഓടിരക്ഷപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ രഹസ്യമായി ചികിത്സ തേടി. സജിത് കടന്നുകളഞ്ഞതോടെ കലിതീരാതെ വിനോദും കൂട്ടുകാരും ഇതിനെ ചോദ്യംചെയ്ത നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. കാര്യമറിയാത ഇതുവഴിവന്ന യാത്രക്കാർക്കും നിരപരാധികൾക്കും നേരെ ആക്രമണം തുടർന്നു. നിരവധി കടകൾക്കും സ്ഥാപനങ്ങൾക്കും നേരെയും ആക്രമണം ഉണ്ടായി. കണ്ണിൽ കണ്ടവരെയെല്ലാം വെട്ടുകയും വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടിച്ചു തകർക്കുകയും ചെയ്തു.

ആക്രമണത്തിനു ശേഷം പ്രതികൾ ഹരിപ്പാട്ടേക്കു മടങ്ങി. ആറ് പ്രതികളും അവിടെയിറങ്ങി. ഒന്നാം പ്രതി പാലായിലെത്തി വാഹനം തിരികെ ഉടമസ്ഥന് കൈമാറി. വാഹനത്തിന്റെ സൈഡ് ഗ്ലാസ് തകർന്നിരുന്നു. ഇത് ടിപ്പറിൽ ഇടിച്ചതാണെന്ന് ഉടമയെ ബോധ്യപ്പെടുത്തി. നാല് പ്രതികളെയാണ് ഇതുവരെ പൊലീസ് തിരിച്ചറിഞ്ഞത്. രണ്ടു മുതൽ ഏഴു വരെയുള്ള പ്രതികൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നു പൊലീസ് പറഞ്ഞു. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ വഴിയാത്രക്കാരായ ചാക്കോച്ചനും വൈശാഖനും സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്.

സജിത് ഒളിവിൽ പോയതോടെ ക്വട്ടേഷൻ ആക്രമണത്തിനു കാരണമറിയാതെ പൊലീസും വലഞ്ഞു. സംഭവത്തിൽ നാലു പേരാണ് ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. പരുക്കേറ്റ അഞ്ചാമനായ സജിത് ഒരു ആശുപത്രിയിലും അഡ്‌മിറ്റ് ആകാതിരുന്നതും അന്വേഷണ സംഘത്തിനു തലവേദനയായി. ഒടുവിൽ സജിത്തിനെ കണ്ടെത്തിയ ശേഷമാണ് സംഭവത്തിന്റെ കാരണം പൊലീസ് മനസിലാക്കുന്നത്. ഒന്നാം പ്രതി ജോലി ചെയ്യുന്ന സ്ഥലം മനസിലാക്കിയ പൊലീസ് അവിടെ നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്. ബംഗളുരുവിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച വിനോദിനെ ഞായറാഴ്ച ഹരിപ്പാട് ബസ് സ്റ്റാൻഡിൽ നിന്നാണ് പിടികൂടിയത്. കൊലപാതക ശ്രമം, സംഘം ചേർന്ന് ആക്രമിക്കൽ, മാരകായുധം കൈവശം വയ്ക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അക്രമികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായില്ല. ബാക്കി പ്രതികളെ ഉടൻ പിടികൂടുമെന്ന് സി.ഐ: ടി. മനോജ് പറഞ്ഞു.