തിരുവനന്തപുരം: പച്ചവെള്ളം പോലും ശുദ്ധ ഔഷധമെന്ന് പറഞ്ഞ് വിറ്റ് പണം ഉണ്ടാക്കുന്നവരുടെ നാടാണ് കേരളമെന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. ആയുർവേദത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ കൊള്ളയടിക്കുന്ന ആയുർവേദ ഔഷധ കമ്പനികളുടെ കള്ളക്കളികളെ കുറിച്ച് മറുനാടൻ മലയാളിയുടെ അന്വേഷണ പരമ്പരയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാജ പരസ്യങ്ങളിലൂടെ ആളുകളെ കബളിപ്പിച്ച് വിപണി പിടിച്ച ഇവർ വ്യാജന്മാരെ വീണ്ടും വിപണിയിൽ ഇറക്കുന്നത് തടയാൻ മാർഗ്ഗമില്ലെന്നതാണ് പ്രധാന പ്രശ്‌നം. വ്യാജ ഉൽപ്പന്നങ്ങൾ വിപണിയിയിൽ ഇറക്കിയാലും പിഴ അടച്ച ശേഷം വീണ്ടും വിപണിയിൽ ഇറക്കാം എന്നതാണ് നമ്മുടെ നിയമങ്ങളുടെ പോരായ്മ്മ വ്യക്തമാക്കുന്ന കാര്യം. ഈ നിയമത്തിലെ പോരായ്മയെ തന്നെയാണ് കേരളത്തിലെ പ്രമുഖ ഭക്ഷ്യ ബ്രാൻഡായ നിറപറയും ഉപയോഗപ്പെടുത്തിയത്.

ജനങ്ങളെ വഞ്ചിച്ചു കൊണ്ടുള്ള പരസ്യങ്ങളിലൂടെ മായം ചേർത്ത കറിപൗഡറുകൾ വിപണിയിലെത്തിക്കുന്നത് നിറപറയുടെ സ്ഥിരം പരിപാടിയാണെന്ന് അടിവരയിട്ടു പറഞ്ഞാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ ടി.വി.അനുപമ നിറപറ കറിപൗഡറുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. നിറപറ കറിപൗഡറുകൾ ഗുണമേന്മയേറിയതാണെന്ന് അവകാശപ്പെട്ടു കൊണ്ട് പുറത്തിറക്കിയ പരസ്യങ്ങളിലൂടെ ജനങ്ങളെ വഞ്ചിക്കുന്നതിനെതിരെ പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും അവയെല്ലാം അവഗണിച്ച് വീണ്ടും വീണ്ടും ഒരേതെറ്റ് ആവർത്തിക്കാൻ തുടങ്ങിയതോടെയാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണറെ കടുത്ത നടപടിയെടുക്കാൻ പ്രേരിപ്പിച്ചത്. നിറപറയെ കുറിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷറുടെ റിപ്പോർട്ടിൽ പറയുന്നതിങ്ങനെ:

' The offender repeatedly adulterating his products with cheaper substances - starch, for the purpose of making huge profit which amounts to cheating of consumser'.

വർഷങ്ങളായി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുന്ന കറിപൗഡർ കമ്പനികളുടെ യഥാർഥ മുഖമാണ് ടി.വി അനുപമ വെളിച്ചത്തുകൊണ്ടു വന്നത്. ഭക്ഷ്യസാധനങ്ങളോ, അവയുടെ ചേരുവകളോ നിർമ്മിച്ചു നൽകുന്ന കമ്പനികൾ പാലിക്കേണ്ടതായ നിയമവ്യവസ്ഥകളും ഉത്തരവിൽ എടുത്ത് പരാമർശിക്കുന്നുണ്ട്. ജനങ്ങളുടെ ജീവൻ,ആരോഗ്യം, ജനങ്ങളുടെ താൽപര്യം എന്നിവയാക്ക് മുൻഗണന നൽകിവേണം ഇത്തരം ഉൽപന്നങ്ങൾ നിർമ്മിക്കേണ്ടത്. എന്നാൽ കേരളത്തിൽ ഇത്തരത്തിലുള്ള ഉൽപന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികളുടെ വിശ്വാസ്യതയാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.

റീജിയണൽ അനലറ്റിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടും ഉത്തരവിൽ വ്യക്തമായി പരാമർശിക്കുന്നുണ്ട്. ' കാലടി ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.കെ.ആർ പ്രോഡക്ട്‌സ് എന്ന കമ്പനി വിപണിയിലിറക്കുന്ന നിറപറ ബ്രാൻഡഡ് കറിപൗഡറുകളിൽ നിലവാരം കുറഞ്ഞ സ്റ്റാർച്ചിന്റെ അംശം കൂടുതലായി അടങ്ങിയിട്ടുണ്ടെന്ന് സുവ്യക്തമാണ്. ' ഈ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിറപറ ബ്രാൻഡിന്റെ തട്ടിപ്പിനെതിരെ കമ്മീഷണർ ഉത്തരവിറക്കിയത്.

'ഈ സാഹചര്യത്തിൽ നിറപറ ബ്രാൻഡിൽ പുറത്തിറക്കുന്ന മുളക് പൊടി, മല്ലി പൊടി, മഞ്ഞൾ പൊടി എന്നിവയുടെ വിൽപന അടിയന്തരമായി തടയാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൂടാതെ നിലവിൽ വിപണയിലെത്തിച്ചിട്ടുള്ള ഉൽപന്നങ്ങൾ പിൻവലിക്കാനും നിറപറയ്ക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഉൽപന്നങ്ങൾ വിപണിയിൽ നിന്ന് അടിയന്തരമായി പിൻവലിച്ചെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നൽകണമെന്നും കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്. മായം കണ്ടെത്തിയ ഉൽപന്നങ്ങളായ മുളക് പൊടി, മല്ലിപൊടി, മഞ്ഞൾ പൊടികൾക്ക് ഏർപ്പെടുത്തിയ നിരോധനം മാറ്റുന്നത് പിന്നീട് നടത്തുന്ന പരിശോധനകൾക്ക് ശേഷമായിരിക്കുമെന്നും ടി.വി അനുപമയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മായം കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ മറ്റു കറിപൗഡറുകളും മസാലപ്പൊടികളും പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിറപറയുടെ ഉൽപന്നങ്ങളിൽ മുമ്പും മായം കണ്ടെത്തിയതിനെ തുടർന്ന് പിഴ അടപ്പിച്ചിരുന്നു. കറിപൗഡറുകളിൽ മായംകലർത്തി കോടികൾ ലാഭമുണ്ടാക്കിയ ശേഷം ഫൈൻ അടച്ച് വീണ്ടും തട്ടിപ്പു നടത്തുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ് ഇത്. ഏപ്രിൽ മാസത്തിൽ കണ്ണൂരിൽ മാത്രം രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽ നിറപറ അടച്ചത് 10 ലക്ഷം രൂപ ഫൈനാണ്. ഒരു മാസം ഒരു ജില്ലയിലെ കേസുകളിൽ മാത്രം പത്തും ഇരുപതും ലക്ഷം രൂപ ഫൈൻ അടയ്ക്കുന്ന കമ്പനിയുടെ കൊള്ളലാഭവും തട്ടിപ്പും ഊഹിക്കാവുന്നതിനപ്പുറമാണ്.

കോടികളുടെ ഉൽപ്പന്നങ്ങൾ രാജ്യ വ്യാപകമായി വിറ്റഴിക്കുമ്പോഴും ലക്ഷങ്ങൾ മാത്രം ഫൈനായി അടയ്ക്കാമെന്നതാണ് പ്രത്യേകത. ഇങ്ങനെ നിറപറ കോടികൾ സമ്പാദിക്കുമ്പോൾ അതിൽ ഒരു പങ്ക് മാദ്ധ്യമങ്ങൾക്കും കൊടുക്കുകയാണ് പതിവ്. പത്രങ്ങളിലും ചാനലുകളിലും പരസ്യം നൽകുന്നതോടെ മായംകലർന്ന കറിപ്പൊടികളെ കുറിച്ച് വാർത്ത പുറത്തുവരാതിരിക്കുകയാണ് പതിവ്. നേരത്തെ ഈസ്റ്റേൺ കറിപൗഡറിലും മായം കണ്ടെത്തിയ വിവരം പുറത്തുവന്നിരുന്നു.

നിറപറയ്‌ക്കെതിരെ 34 കേസുകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നിറപറയ്‌ക്കെതിരെ കോടതിയിൽ ഫയൽ ചെയ്തിട്ടുള്ളത്. നടി കാവ്യാ മാധവൻ, പാചക വിദഗ്ധയും ടെലിവിഷൻ അവതാരകയുമായ ലക്ഷ്മി നായർ, നടി ഖുശ്‌ബു, ശോഭന തുടങ്ങിയവരാണ് നിറപറ ഉത്പന്നങ്ങളുടെ ബ്രാൻഡ് അംബാസിഡർമാർ. ഇതിൽ കറിപ്പൊടികളുടെ പരസ്യത്തിൽ കാവ്യ മാധവനാണ് രംഗത്തെത്താറുള്ളത്. വ്യാജ കറിപ്പൗഡർ വിൽക്കുന്നുവെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ തന്നെ പ്രതികരിച്ച സാഹചര്യത്തിൽ കാവ്യാ മാധവൻ അടക്കമുള്ളവർ ബ്രാൻഡ് അംബാസിഡർമാർ ഈ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ല.