കൊച്ചി: നിറപറ ഉൽപ്പന്നങ്ങളിൽ വീണ്ടും മായം കണ്ടെത്തിയിട്ടിട്ടും നിരോധിക്കാനാവാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്. കുറച്ചു കാലത്തെ നിരോധനത്തിനു ശേഷം നിറപറ വിപണിയിലെത്തിച്ച ഉൽപ്പന്നങ്ങളിലാണ് വീണ്ടും മായം കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പല പൊടികളിലും സ്റ്റാർച്ചി(അന്നജം)ന്റെ അംശം 60 ശതമാനത്തിലേറെയുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. എല്ലാ ഉൽപ്പന്നങ്ങളിലും 30 ശതമാനത്തിൽ കുറയാത്ത സ്റ്റാർച്ചുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്.

നിരോധനത്തിനു ശേഷം നിറപറ ഇറക്കിയ ഉൽപ്പന്നങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിവിധ കാലയളവിൽ ശേഖരിച്ചാണ് പരിശോധന നടത്തിയത്. എറണാകുളം റീജണൽ അനലറ്റിക്കൽ ലബോറട്ടറിയിലും കൊൽക്കത്തയിലും മൈസൂരിലുമുള്ള ലബോറട്ടറികളിലും പരിശോധിച്ചപ്പോഴാണ് അന്നജത്തിന്റെ അളവ് അമിതമായുണ്ടെന്നു കണ്ടെത്തിയിത്. നിരോധനത്തിന് മുമ്പും ഇതുപോലെയാണ് ഉൽപ്പന്നങ്ങളിൽ പരിശോധന നടത്തിയിരുന്നത്. എന്നാലിത് മായം അല്ലെന്നും ഭക്ഷ്യവസ്തുവാണെന്നുമാണ് ഇപ്പോഴും നിറപറയുടെ വാദം. ഇതു സംബന്ധിച്ച് കേസ് ഹൈക്കോടതിയിൽ തുടരുന്നതിനാൽ ഇതിന്റെ പേരിൽ നിരോധനം ഏർപ്പെടുത്താൻ കഴിയില്ലെന്നാണ് വാദം.

എന്നാൽ ഹൈക്കോടതിയിൽ നടക്കുന്നത് ഇതിനു മുമ്പ് പിടിച്ചെടുത്ത ഉൽപ്പന്നങ്ങളിലെ മായം സംബന്ധിച്ച കേസായതിനാൽ പുതുതായി കണ്ടുപിടിച്ച മായത്തിന്റെ പേരിൽ പുതിയ നിരോധനം ഏർപ്പെടുത്താൻ കഴിയുമെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്. എന്നാൽ പല സാങ്കേതിക കാരണങ്ങളാലും അത്തരം കാര്യങ്ങളിലേക്ക് കടക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് കഴിഞ്ഞിട്ടില്ല. ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണർ അനുപമയുടെ ധീരമായ നിലപാട് മൂലമാണ് മാസങ്ങൾക്ക് മുമ്പ് നിറപറക്കെതിരെ നിരോധനം ഏർപ്പെടുത്താൻ കഴിഞ്ഞത്. തുടർന്നു നടന്ന കാര്യങ്ങളിൽ സർക്കാറിന്റെ പൂർണപിന്തുണ ഭക്ഷ്യസുരക്ഷാ വകുപ്പിനു ലഭിച്ചിരുന്നില്ല.

നിറപറയുടെ മഞ്ഞൾ, മല്ലി, മുളക് എന്നിവയിലാണ് വീണ്ടും മായം കണ്ടെത്തിയിട്ടുള്ളത്. മായം കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ നേരത്തെ ഇവ നിരോധിച്ചിരുന്നതാണെങ്കിലും ഇതിനെതിരെ നിറപറ ഉൽപ്പാദകരായ കെ.ആർ.ഫുഡ് പ്രൊഡക്റ്റ്‌സ് ഹൈക്കോടതിയെ സമീപിച്ച് നിരോധനം റദ്ദാക്കി. തുടർന്നാണ് വീണ്ടും വിപണിയിൽ നിറപറ സജീവമായത്.

എന്നാൽ വിധിക്കെതിരെ സർക്കാർ നല്കിയ അപ്പീൽ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചതിനെ തുടർന്നാണ് ഇവ വീണ്ടും പരിശോധിച്ചത്. നേരത്തെ നിരോധനം ഏർപ്പെടുത്തുമ്പോൾ 20 ശതമാനം മുതലായിരുന്നു മായത്തിന്റെ അളവ് കണ്ടെത്തിയതെങ്കിൽ നിറപറയുടെ പുതിയ ഉൽപ്പന്നങ്ങളിൽ മായത്തിന്റെ അളവ് തുടങ്ങുന്നതു തന്നെ 30 ശതമാനത്തിൽ നിന്നാണ്. മഞ്ഞൾ, മല്ലി, മുളകുപൊടികൾ എന്നിവ പൂർണമായും പൊടിച്ചതായിരിക്കണം, മറ്റൊന്നും അതിൽ കലർത്താൻ പാടുള്ളതല്ല. അങ്ങനെ അവകാശപ്പെട്ടാണ് ഇവയുടെ വിൽപ്പനയും മറ്റും നടത്തുന്നത്.

എന്നാൽ ഈ പൊടികളിൽ നടത്തിയ പരിശോധനയിൽ സ്റ്റാർച്ചിലെ പ്രോട്ടോൺ മിശ്രിതത്തിന്റെ സാന്നിദ്ധ്യമാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു. എന്നാൽ പൊടികളിൽ ഉള്ളത് ആരോഗ്യത്തിന് ഹാനികരമല്ലാത്ത അന്നജമാണെന്ന് നിറപറ പറയുന്നു. പൂർണമായും മുളകിന്റേയും മല്ലിയുടേയും മഞ്ഞളിന്റേയും പൊടിയാണെന്നു പറഞ്ഞുവിൽക്കുന്ന പാക്കറ്റുകളിൽ സ്റ്റാർച്ച് ചേർത്തതായി നിറപറയും സമ്മതിക്കുന്നുണ്ട്. അത് ശരീരത്തിന് ഹാനികരമല്ലെന്നാണ് അവർ കോടതിയിൽ വാദിക്കുന്നത്.

പൂർണമായും മുളകിന്റേയും മല്ലിയുടേയും മഞ്ഞളിന്റേയും പൊടിയാണെന്നു പറഞ്ഞു വിൽക്കുന്ന ഉൽപന്നത്തിൽ സ്റ്റാർച്ച് ചേർക്കുന്നതു തന്നെ ഉപഭോക്താക്കളോടുള്ള വഞ്ചനയും കബളിപ്പിക്കലും ആണെന്നും വാദമുണ്ട്. നേരത്തെ നിരവധി തവണ മായം ചേർത്തതിന് പിഴയൊടുക്കിയ കമ്പനിയാണ് നിറപറ. വിപണിയിലേക്ക് മായം ചേർത്ത ഉൽപ്പന്നങ്ങൾ ഇറക്കി വിറ്റഴിച്ച് കോടികൾ ലാഭം ഉണ്ടാക്കുകയും പിടിക്കപ്പെടുമ്പോൾ നിസ്സാരതുക പിഴയൊടുക്കി വരുകയും ചെയ്തിരുന്ന ഏർപ്പാടാണ് മാസങ്ങൾക്ക് മുമ്പ് നടന്ന നിരോധനത്തിലൂടെ ഇല്ലാതായത്.

ഇപ്പോൾ മായം ചേർത്താലും നിരോധിക്കരുത്, ആരോഗ്യത്തിന് ഹാനികരമായ മായം ചേർത്താൽ മാത്രമേ കുറ്റകരമാകു എന്ന വാദവുമായാണ് നിറപറ കോടതിയിലുള്ളതെന്ന് ബന്ധപ്പെട്ടവർ പറയുന്നു.