ജ്രവ്യാപാര കുടുംബത്തിൽ ജനിച്ച നീരവ് മോദി 19-ാം വയസ്സിലാണ് പെൻസിൽ വാനിയയിലെ വാർട്ടൺ സ്‌കൂളിൽനിന്ന് പഠനം ഉപേക്ഷിച്ച് വജ്ര വ്യാപാരത്തിലേക്ക് കാലെടുത്തു വെയ്ക്കുന്നത്. അമ്മാവനും ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ ചെയർമാനുമായ മെഹുൽ ചോക്സിക്കൊപ്പമായിരുന്നു വജ്രലോകത്തേക്കുള്ള നീരവിന്റെ ചുവടു വെയ്‌പ്പ്. അമ്മാവൻ പഠിപ്പച്ചു കൊടുത്ത പാഠങ്ങൾ ഒന്നും വെറുതെയായില്ല. പതുക്കെ പതുക്കെ വജ്ര ലോകത്തെ ഇഷ്ടപ്പെട്ട കളക്ഷനായി മാറാൻ നീരവിന് കഴിഞ്ഞു.

2010ഓടെയാണ് നീരിവിന്റെ ശുക്രൻ ഉദിക്കുന്നത്. ഒരു സുഹൃത്തിന് ഒരു ജോഡി കമ്മലുകൾ സ്വന്തം കൈകൊണ്ട് നിർമ്മിച്ച് നൽകിയായിരുന്നു വജ്രലോകത്ത് നീരവ് തന്റെ ആധിപത്യം അരക്കിട്ട് ഉറപ്പിച്ചത്. ഇതോടെ ബോളിവുഡിലും നീരവ് തന്റെ സാന്നിധ്യം ഉറപ്പിച്ചു. അതേവർഷം 'നീരവ് മോദി കളക്ഷൻസ്' എന്നപേരിൽ തുടങ്ങിയ ഓൺലൈൻ ആഭരണശൃംഖലയാണ് വൻവ്യാപാരമായി വളർന്നത്. ചുരുങ്ങിയ കാലംകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും ഷോറൂമുകൾ തുറന്ന് ഈ ബ്രാൻഡ് വിപണി പിടിച്ചെടുത്തു.

2013ൽ ഫോബ്‌സ് മാസിക ഇന്ത്യയുടെ വജ്ര രാജാവെന്ന വിശേഷണവും ചാർത്തി നൽകിയതോടെ നീരവ് ഇന്ത്യൻ വജ്ര വ്യാപാര മേഖലയിലെ കിരീടം വെയ്ക്കാത്ത രാജാവായി അവരോധിക്കപ്പെട്ടു. ഇതേവർഷം തന്നെ ഡൽഹിയിൽ ഇംപീരിയൽ ഹോട്ടലിൽ നീരവിന്റെ ബ്രൈഡൽ ഷോ ഉദ്ഘാടനം ചെയ്തത് രാഹുൽ ഗാന്ധിയായിരുന്നു.

രാഷ്ട്രീയക്കാരും സിനിമാക്കാർക്കും പുറമേ ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നുള്ളവർ വരെ മോദിയുടെ ആഭരണങ്ങളെ ഇഷ്ടപ്പെടുന്നവരാണ്. ഉപഭോക്താക്കളെ ഒപ്പം നിർത്താനുള്ള മോദിയുടെ പ്രത്യേക കഴിവും കൂടിയായതോടെ മോദിയുടെ ആസ്തി കുതിച്ചുയർന്നു. ഇതോടെ ന്യൂയോർക്കിലെ മാഡിസൺ അവന്യൂവിലും ലണ്ടൻ വെസ്റ്റ് ഇൻഡിലെ ബോണ്ട് സ്ട്രീറ്റിലും ഷോറൂമുകൾ തുറന്നു. മൊത്തം ആസ്തി 173 കോടി ഡോളറിലേക്ക് കുതിച്ചു. ഇന്ത്യയിലെ അതിസമ്പന്നരിൽ 85-ാം സ്ഥാനവും മോദിക്കായി, ലോകസമ്പന്നരിൽ 1234-ാം സ്ഥാനവും.

ബോളിവുഡിൽ നിന്നും നീരവിന്റെ പ്രശസ്തി പതുക്കേ ഹോളിവുഡിലും എത്തി. ഹോളിവുഡ് താരങ്ങളും മോദിയുടെ വജ്രാഭരണങ്ങൾ അണിഞ്ഞതോടെ ലോകവിപണിയിലും സ്ഥാപനം പേരെടുത്തു. ഫാഷൻ ആഭരണവ്യാപാരരംഗത്ത് കുത്തകാവകാശവും ഇതോടെ മോദിക്ക് സ്വന്തം. ബോളിവുഡിലേക്കാളും മോദിക്ക് ആരാധകർ കൂടുതലുള്ളതും ഹോളിവുഡിൽ തന്നെ.

2011ൽ യുപുഎ സർക്കാരിന്റെ കാലത്താണ് നീരവിന്റെ തട്ടിപ്പുകൾക്ക് തുടക്കമാകുന്നത്. എന്നാൽ 2018 ൽ നിയമത്തിനു മുന്നിലെത്തിയതെന്ന് മാത്രം. എന്നാൽ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ നീരവിന്റെ തട്ടിപ്പ് പുറത്തുവരികയായിരുന്നില്ല. ഫോബ്സ് മാസികയുടെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടതിന് ഒരു വർഷത്തിനു ശേഷം, 2014 മുതൽ നീരവ് മോദി വിവിധ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിനു കീഴിലായിരുന്നു.

സി ബി ഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നികുതി വകുപ്പും അനധികൃത ക്രയവിക്രയങ്ങളുടെയും മറ്റ് നടപടികളുടെയും അടിസ്ഥാനത്തിൽ ഇദ്ദേഹത്തെ നിരീക്ഷിച്ചിരുന്നു. നികുതി അടയ്ക്കാതെ കട്ട് ആൻഡ് പോളിഷ്ഡ് ഡയമണ്ടും മുത്തുകളും ആഭ്യന്തര വിപണിയിലേക്ക് അനധികൃതമായി ഇറക്കുമതി ചെയ്തതിന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നീരവിനെതിരെ അന്വേഷണം നടത്തിയിരുന്നു.

ബാങ്ക് ഗ്യാരന്റിയുടെ ഉറപ്പിൽ കോടികളുടെ ഇടപാട് സാധ്യമാക്കുന്ന ബയേഴ്സ് ക്രഡിറ്റ് ലെറ്റർ ഓഫ് കംഫർട്ട് ഉപയോഗിച്ചാണ് നീരവ് മോദി തട്ടിപ്പ് നടത്തിയിരിക്കുന്നത്. പി എൻ ബിയുടെ ജാമ്യത്തിൽ വിദേശബാങ്കുകളിൽനിന്ന് വൻതോതിൽ പണം പിൻവലിക്കുകയും തിരിച്ചടയ്ക്കാതെ മുങ്ങുകയുമാണ് നീരവ് ചെയ്തത്. ഈ വർഷം ജനുവരി ഒടുവിൽ ബാങ്ക് ഈ തട്ടിപ്പ് വിവരം സിബിഐയെ അറിയിക്കുകയും ജനുവരി 31 ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. എന്നാൽ കൃത്യം ജനുവരി ഒന്നിന് തന്നെ നീരവ് രാജ്യം വിട്ടു പിന്നാലെ ജനുവരി ആദ്യവാരത്തിൽ തന്നെ ഭാര്യയും സഹോദരനും കൂട്ടാളിയും രാജ്യം വിട്ടു.

പഞ്ചാബ് നാഷണൽ ബാങ്കിലെ ഗോകുൽ നാഥ് ഷെട്ടിയെന്ന ഉദ്യോഗസ്ഥനായിരുന്നു നീരവിന് തട്ടിപ്പിന് ആവശ്യമായ സഹായങ്ങൾ നൽകി വന്നിരുന്നത്. 2010 മുതൽ ഫോറിൻ എക്സ്ചേഞ്ച് വിഭാഗത്തിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഗോകുൽനാഥ് 2017 ൽ വിരമിച്ചു. ഇയാൾക്ക് പകരമെത്തിയ ഉദ്യോഗസ്ഥൻ തട്ടിപ്പ് തിരിച്ചറിയുകയും മേലുദ്യോഗസ്ഥർക്ക് പരാതി നൽകുകയും ചെയ്തു. തുടർന്ന് ബാങ്ക് അധികൃതർ പരാതി സി ബി ഐക്ക് കൈമാറുകയായിരുന്നു.

ഗുജറാത്തിൽ വജ്രവ്യാപാരികളുടെ കുടുംബത്തിൽ ജനിച്ച്, വജ്രങ്ങളുടെ നാടായ ബെൽജിയത്തിലെ ആൻഡ്വെർപിലാണ് നീരവ് വളർന്നത്. 47 വയസ്സിനുള്ളിൽ ഡൽഹി,മുംബൈ, ന്യൂയോർക്ക്, ലണ്ടൻ, ഹോങ്കോങ്, മക്കാവു എന്നിവിടങ്ങളിൽ വജ്രാഭരണ വിൽപന ശാലകൾ. അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധമായ ധനകാര്യ പ്രസിദ്ധീകരണങ്ങളിലും ഫാഷൻ മാസികകളിലും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന മുഖവുമാണ് നീരവിന്റേത്.

2017-ൽ മുംബൈയിലെ പ്രസിദ്ധമായ റിഥം ഹൗസ് 32 കോടി രൂപയ്ക്കാണ് വാങ്ങിയത്. ഇവിടെ ഷോറൂം തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു മോദി. മുംബൈ കേന്ദ്രമാക്കി ഫയർ സ്റ്റാർ ഇന്റർനാഷണൽ എന്ന സ്ഥാപനവും മോദി ആരംഭിച്ചിരുന്നു. ആമിയാണ് ഭാര്യ. മൂന്ന് മക്കളും ഉണ്ട്.