ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 11400 കോടി രൂപ തട്ടിയെടുത്ത് രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദി ആദ്യത്തെ കൃത്രിമ ഹ്രസ്വകാല ജാമ്യച്ചീട്ട് (ലെറ്റർ ഓഫ് അണ്ടർ ടേക്കിങ്) കൈക്കലാക്കിയത് 2011 മാർച്ച് പത്തിനെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി വിശദീകരിച്ചു. അതിനിടെ ഇറക്കുമതി ആവശ്യങ്ങൾക്കു വേണ്ടി ബാങ്കുകൾ ലെറ്റർ ഓഫ് അണ്ടർടേക്കിങ് (ഹ്രസ്വകാല ജാമ്യച്ചീട്ട്) നൽകുന്ന രീതി ആർ ബി ഐ നിർത്തലാക്കി. 11,400 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് ആർ ബി ഐയുടെ നടപടി.

പി എൻ ബിയുടെ ബ്രാഡി ഹൗസ് ശാഖയിൽനിന്നാണ് നീരവ് ആദ്യമായി എൽ ഒ യു സ്വീകരിച്ചത്. തുടർന്നുള്ള 74 മാസത്തിനിടെ 1212 കൃത്രിമ എ ഒ യു കൾ കൂടി നീരവ് മോദി തരപ്പെടുത്തിയതായും ജെയ്റ്റ്ലി കൂട്ടിച്ചേർത്തിരുന്നു. ഒരു ദിവസം അഞ്ച് എൽ ഒ യുകൾ വരെ വാങ്ങിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ആറുവർഷത്തിനിടെ ശരിയായ നടപടിക്രമം പാലിച്ച് 53 എൽ ഒ യുകളാണ് നിരവ് മോദി ഗ്രൂപ്പ് കരസ്ഥമാക്കിയിട്ടുള്ളതെന്നും ജെയ്റ്റ്ലി പറഞ്ഞു. ഒരു ബാങ്ക് തന്റെ ഉപഭോക്താവിന്റെ ഇറക്കുമതി ആവശ്യത്തിനു വേണ്ടി മറ്റൊരു ഇന്ത്യൻ ബാങ്കിന്റെ വിദേശത്തുള്ള ശാഖയിൽനിന്ന് ഹ്രസ്വകാല ആവശ്യത്തിന്(ഇറക്കുമതി)പണം സമാഹരിക്കാൻ ജാമ്യം നിൽക്കുകയാണ് എൽ ഒ യുവിലൂടെ ചെയ്യുന്നത്.

എൽ ഒ യുവിലൂടെ ഉപഭോക്താവിന് ലഭിക്കുന്ന പണം വിദേശ കറൻസിയായിരിക്കും. ഇത് ഉപയോഗിച്ച് ഉപഭോക്താവിന് ഇടപാടുകാരുമായി വിനിമയം നടത്തുകയുമാകാം. ഈ സംവിധാനം ഉപയോഗിച്ചാണ് മോദി ശതകോടികൾ തട്ടിച്ചത്. പി എൻ ബി നൽകിയ എൽ ഒ യു ഉപയോഗിച്ചാണ് ഇന്ത്യൻ ബാങ്കുകളുടെ വിദേശത്തുള്ള ശാഖയിൽനിന്ന് നീരവ് മോദിയും മെഹുൽ ചോക്സിയും പണം കൈപ്പറ്റി തട്ടിപ്പ് നടത്തിയത്. ശേഷം ഇവർ നാടുവിടുകയും ചെയ്തതോടെ തുകയുടെ മുഴുവൻ ബാധ്യതയും പി എൻ ബിയുടെ മേൽ വരികയായിരുന്നു. ഇതേ തുടർന്നാണ് എൽ ഒ യു നൽകുന്നത് നിർത്തലാക്കാൻ ആർ ബി ഐ തീരുമാനിച്ചത്.

നേരത്തെ ആയിരക്കണക്കിന് കോടി രൂപയുടെ വായ്പ എടുത്ത ശേഷം വിദേശത്തേക്ക് കടന്ന് കളഞ്ഞ വിവാദ വ്ജ്രവ്യാപാരി നീരവ് മോദിയോട് പണം തിരിച്ചടയ്ക്കാൻ പഞ്ചാബ് നാഷണൽ ബാങ്ക് ആവശ്യപ്പെട്ടു. 12,?000 കോടിയുടെ വായ്പ എടുത്ത ശേഷമാണ് നീരവ് ബാങ്കിനെ കബളിപ്പിച്ച് വിദേശ രാജ്യത്തേക്ക് കടന്നുകളഞ്ഞത്. പണം തിരിച്ചടയ്ക്കുന്നതിനായി നീരവ് മോദി മുന്നോട്ട് വച്ച ഉപാധികൾ ബാങ്ക് തള്ളുകയും ചെയ്തു. നിങ്ങൾ നടത്തിയ വായ്പാ തട്ടിപ്പിനെ കുറിച്ച് ബോദ്ധ്യമുണ്ടാവുമല്ലോ. എത്രയും വേഗം തുക തിരിച്ചടയ്ക്കുകയാണ് ചെയ്യേണ്ടത്. നിങ്ങളുടെ ബ്രാൻഡ് വളർന്നത് ഞങ്ങളുടെ പണം മൂലമാണെന്ന കാര്യം മറക്കരുത്. നിങ്ങൾ മുന്നോട്ട് വച്ച ഒത്തുതീർപ്പ് ഫോർമുല വ്യക്തതയില്ലാത്തതും കൗശലക്കാരന്റേതുമാണ്- ബാങ്ക് ജനറൽ മാനേജർ അശ്വനി വാറ്റ്‌സ് നീരവിന് നൽകിയ മറുപടിയിൽ പറയുന്നു.

കടം തീർക്കുന്നതിന്റെ ഭാഗമായി 2000 കോടിയുടെ സ്വർണാഭരണങ്ങളും 200 കോടിയുടെ നിക്ഷേപങ്ങളും 50 കോടിയുടെ ജംഗമ വസ്തുക്കളും നൽകാമെന്ന് മോദി ബാങ്കിനെ ഇ - മെയിൽവഴി അറിയിച്ചിരുന്നു. എന്നാലിത് ബാങ്ക് തള്ളുകയായിരുന്നു. തനിക്കെതിരെ പരാതി നൽകിയത് തന്റെ വജ്ര ബ്രാൻഡന്റെ മൂല്യം ഇടിച്ചെന്ന മോദിയുടെ വാദവും ബാങ്ക് തള്ളി. നിയമവിരുദ്ധമായി നീരവ് നടത്തിയ ഇടപാടുകളാണ് ഈ അവസ്ഥയിൽ കാര്യങ്ങൾ എത്തിച്ചത്. അതിന്റെ ഉത്തരവാദിത്തം നീരവിന് മാത്രമാണ്. വ്യാജ ലെറ്റർ ഒഫ് അണ്ടർടേക്കിങ് ഉണ്ടാക്കിയത് ഗുരുതര കുറ്റമാണ്.

ഇത്തരം തരംതാഴ്ന്ന നടപടികളിലൂടെ സ്വന്തം സ്ഥാപനങ്ങളുടെ വില ഇടിക്കുകയാണ് നീരവ് ചെയ്തതെന്നും ബാങ്ക് വ്യക്തമാക്കി. നീരവിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്‌സ്‌മെന്റും സിബിഐയും തുടരുകയാണ്. ഇതുവരെ 5870 കോടിയിലേറെ രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്.