- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർഭയ ഹോമുകൾ പൂട്ടുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതം; നിർഭയ ഹോമുകളിലെ താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്യുന്നത്; തൃശൂരിൽ 200 പേർക്ക് താമസിക്കാൻ കഴിയുന്ന മാതൃകാ ഹോമാണ് തയ്യാറാക്കിയിട്ടുള്ളത്; തൃശ്ശൂരിലെ ഷെർട്ടൽഹോമിൽ താമസിച്ചു പഠിക്കാൻ സൗകര്യം ഒരുക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ നിർഭയ ഹോമുകൾ പൂട്ടുന്നുവെന്ന വാർത്ത തള്ളി ആരോഗ്യ-സാമൂഹ്യ ക്ഷേമ വകുപ്പു മന്ത്രി കെ കെ ശൈലജ. നിർഭയ ഹോമുകളിലെ താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്യുന്നത്. തൃശൂരിൽ 200 പേർക്ക് താമസിക്കാൻ കഴിയുന്ന മാതൃകാ ഹോമാണ് തയ്യാറായി വരികയാണെന്നും അദ്ദേഹം പറഞ്ഞു. നിർഭയ ഷെൽട്ടർ ഹോമുകളിൽ താമസിക്കുന്ന പഠിക്കാൻ താത്പര്യമുള്ള കുട്ടികൾക്ക് വേണ്ടി മികച്ച ശാസ്ത്രീയമായ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് തൃശൂരിൽ പുതിയ മാതൃക ഹോം സ്ഥാപിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ നിർഭയ ഹോമുകളെല്ലാം എൻ.ജി.ഒ.കളുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. കുട്ടികളും മുതിർന്നവരും ഒപ്പം 350 ഓളം താമസക്കാരാണ് നിർഭയ ഹോമുകളിലുള്ളത്. ഈ ഹോമുകൾ പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. ജനസാന്ദ്രതയുള്ള പ്രദേശത്താണ് ഈ ഹോമുകളുള്ളത് എന്ന കാരണം കൊണ്ട് കുട്ടികളെ അപായപ്പെടുത്താനോ വശീകരിച്ച് പ്രതികൾക്ക് അനുകൂലമാക്കാനോയുള്ള ശ്രമങ്ങൾ നടക്കാറുണ്ട്. ഈ കുട്ടികൾക്ക് ആ കെട്ടിടത്തിനുള്ളിൽ ഒതുങ്ങിക്കഴിയേണ്ട സാഹചര്യമാണുള്ളതെന്നും കെ കെ ശൈലജ വിശദീകരിച്ചു
ഒരു മുറിയിൽ പല തരത്തിലുള്ള ആൾക്കാർക്കാണ് കഴിയേണ്ടി വരുന്നത്. കുട്ടികളും മുതിർന്നവരും (18 വയസിൽ പ്രായമുള്ളവർ) ഉൾപ്പെടെ വിവിധ പ്രായത്തിലുള്ളവർ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ എന്നിവർ ഒരുമിച്ചാണ് കഴിയേണ്ടി വരുന്നത്. ഇവരെ ശാസ്ത്രീയമായി മാറ്റി പുനരധിവസിപ്പിക്കുകയാണ് വനിത ശിശുവികസന വകുപ്പ് ലക്ഷ്യമിടുന്നത്. വിദഗ്ധരുടെ നിർദേശമനുസരിച്ചാണ് 5 കോടി രൂപ മുടക്കി തൃശൂരിൽ മാതൃക ഹോം ഉണ്ടാക്കിയത്. ബാലാവകാശ കമ്മീഷനും ഇത്തരമൊരു ഹോം ശുപാർശ ചെയ്തിട്ടുണ്ട്. 16 വയസിന് മുകളിലുള്ളവരെ തേജോമയ ഹോമിലേക്കാണ് മാറ്റുക. അവർക്ക് മികച്ച പരിശീലനം നൽകി ജീവിക്കാനാവശ്യമായ ചുറ്റുപാടിലെത്തിച്ച് സ്വന്തം കാലിൽ നിർത്തുന്നു.
ഒരു കുട്ടിയെ സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്ഥാപനത്തിലേക്ക് മാറ്റുക എന്ന് പറയുന്നത് ഏറ്റവും അവസാനത്തെ ശ്രമമായി മാത്രമേ ചെയ്യാൻ പാടുകയുള്ളൂവെന്നാണ് ജെ.ജെ. ആക്ട് നിഷ്കർഷിച്ചിട്ടുള്ളത്. ഒരു കുട്ടി പീഡനത്തിനിരയായെങ്കിലും അല്ലെങ്കിലും സി.ഡബ്ല്യു.സി.യുടെ മുമ്പിൽ ഹാജരാക്കി കഴിഞ്ഞാൽ ആ കുട്ടിയെ സ്വന്തം വീട്ടിലേക്ക് മാറ്റാനാണ് സി.ഡബ്ല്യു.സി. ശ്രമിക്കാറുള്ളത്. ഏതെങ്കിലും സാഹചര്യത്തിൽ സുരക്ഷ ഭീഷണി കാരണം അതിന് സാധിക്കുന്നില്ലെങ്കിലാണ് ഹോമുകളിലേക്ക് മാറ്റുന്നത്. എങ്കിൽ തന്നെയും എത്രയും വേഗം അവരുടെ വീടുകളിലോ അല്ലെങ്കിൽ സമൂഹത്തിന്റെ മുഖ്യധാരയിലേക്കോ മാറ്റുകയാണ് ചെയ്യുന്നത്.
വിവിധ ഹോമുകളിലെ നിലവിലെ 350 ഓളം താമസക്കാരിൽ 200 ഓളം പേരെ തൃശൂരിലേക്കും കുറച്ച് പേരെ തേജോമയ ഹോമിലേക്കും മാറിക്കഴിഞ്ഞാൽ മിക്കവാറും ജില്ലകളിൽ ആളില്ലാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. അവർ നിലവിലുള്ള നിർഭയ ഹോമുകളിൽ തുടരും.
പലരുടേയും വിചാരണ നീണ്ടു പോകുന്നതിനാലാണ് ഹോമുകളിൽ കഴിയേണ്ടി വരുന്നത്. ആവശ്യത്തിന് പ്രത്യേക പോക്സോ കോടതികൾ ഇല്ലാത്തതായിരുന്നു ഇതിന് കാരണം. ഇപ്പോൾ 22 പോക്സോ കോടതികളാണ് സ്ഥാപിച്ചത്. 56 ഓളം പോക്സോ കോടതികൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. അങ്ങനെ വരുമ്പോൾ ഒരാൾക്ക് പോലും ഒരുവർഷത്തിൽ കൂടുതൽ താമസിക്കേണ്ടി വരുന്നില്ല. ഇങ്ങനെ വിചാരണ കാലയളവിൽ മികച്ച പരിചരണം നൽകാനുദ്ദേശിച്ചാണ് ശാസ്ത്രീയമായ ഹോമുകൾ തയ്യാറാക്കുന്നത്.
നിർഭയ ഹോമിലെ പഠിക്കുന്ന കുട്ടികൾക്കായാണ് ഏകീകൃതമായൊരു ഹോമിന് രൂപം നൽകിയത്. ഇതിന്റെ അറ്റകുറ്റ പണികൾ അന്തിമ ഘട്ടത്തിലാണ്. വിവിധ പ്രായത്തിലുള്ള കുട്ടികളെ പല സെഷനുകളിലായാണ് തൃശൂരിലെ ഹോമുകളിൽ താമസിപ്പിക്കുന്നത്. ജില്ലകളിലെ ഹോമുകളിൽ ചെറിയ കാലയളവിൽ ഷോർട്ട് ടേം ആയിട്ടാണ് കുട്ടികളെ താമസിപ്പിക്കുന്നത്. ദീർഘകാലയളവിൽ മികച്ച പരിചരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് തൃശൂരിലെ ഹോം സജ്ജമാക്കിയത്. ഇവിടെയുള്ള സൈക്കോ സോഷ്യൽ കൗൺസിലർമാർക്കും മേട്രന്മാർക്കും രാത്രി കാലങ്ങളിൽ പോലും ഇടപെടാനാകും. കൂടാതെ ഇതിനടുത്തുള്ള മെന്റൽ ഹെൽത്ത് ഹോമിലെ ഡോക്ടർമാർക്കും സൈക്യാർട്രിസ്റ്റുകൾക്കും ഇവിടെ സേവനം നൽകാനും സാധിക്കും. കുടുംബാന്തരീക്ഷം നിലനിർത്തുന്ന തരത്തിലും ശാരീരികവും മാനസികവുമായ വികാസത്തിന് ഉതകുന്ന തരത്തിലും ആയിരിക്കും ഹോം പ്രവർത്തിക്കുക. മികച്ച വിദ്യാഭ്യാസം, ചികിത്സ, കൗൺസിലിങ്, വൊക്കേഷണൽ ട്രെയിനിങ് എന്നിവ നൽകി സ്വയം പര്യാപ്തരാക്കി ഇവരെ വീടുകളിലെത്തിക്കുകയാണ് ലക്ഷ്യം.
നിർഭയ ഹോം വളരെ നല്ലരീതിയിലാണ് പ്രവർത്തിക്കുന്നത്. 16 വയസിന് മുകളിലുള്ളവർക്ക് തേജോമയ, 12 വയസിന് താഴെയുള്ളവർക്ക് എസ്.ഒ.എസ്., പഠിക്കുന്ന കുട്ടികൾക്ക് തൃശൂർ ഹോം എന്നിങ്ങനെ വിവിധ ഹോമുകളാണ് പ്രവർത്തിക്കുന്നത്. ഇതുകൂടാതെ വീടുകളിലേക്ക് തിരിച്ചു പോകുന്ന കുട്ടികൾക്കായി നിർഭയ മുഖേന സാമൂഹ്യാധിഷ്ഠിത പുനരധിവാസം നിംഹാൻസ് തയ്യാറാക്കിയ പ്രോട്ടോകോൾ അനുസരിച്ചു ആരംഭിക്കാൻ അനുമതി ലഭിച്ചു. അതിന്റെ ആദ്യഘട്ട പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ സാമൂഹ്യാധിഷ്ഠിത പോസ്കോ പുനരധിവാസമാണ് ഇതിലൂടെ സാധ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു.
മറുനാടന് ഡെസ്ക്