തിരുവനന്തപുരം: നിക്ഷേപകരിൽ നിന്നും കോടികൾ തട്ടി മുങ്ങിയ നിർമ്മൽ കൃഷ്ണ ചിറ്റ്സ് ഉടമ കെ നിർമ്മലന്റെ സ്വത്തുക്കൾ വീതിച്ച് തട്ടിപ്പിനിരയായവർക്ക് നൽകാൻ റിസീവറെ ചുമതലപ്പെടുത്താൻ കോടതി ഉത്തരവ്. തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഒരു മുതിർന്ന സിവിൽ അഭിഭാഷകനെയോ അല്ലെങ്കിൽ ഒരു റിട്ടയേഡ് ജുഡീഷ്യൽ ഓഫീസറെയായിരിക്കും റിസീവറായി നിയമിക്കുകയെന്ന് വാദികൾക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകനായ അഫ്സൽ ഖാൻ മറുനാടൻ മലയോളിയോട് പറഞ്ഞു. അതേ സമയം കേസ് ഇന്ന് വിളിച്ചപ്പോഴും നിർമ്മലൻ ഹാജരായില്ല. ഇയാൾ വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതായി സൂചനയുണ്ട്. നിർമ്മലന്റെ പാസ്പോർട് ഉൾപ്പെടെയുള്ള രേഖകൾ ഇനിയും കോടതിയിൽ ഹാജരാക്കിയിട്ടുമില്ല.

പണം തിരികെ നൽകാനുള്ളവരുടെ പട്ടികയിൽ നിർമ്മലൻ സ്വന്തം ഭാര്യയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ജഗതി കൊച്ചാർ റോഡിൽ താമസിക്കുന്ന രേഖയ്ക്ക് ഒരു കോടി പത്ത് ലക്ഷം രൂപ നൽകാനുള്ളതായിട്ടാണ് പറയുന്നത്.ഇത് പോലെ നിർമ്മലന്റെ വളരെ അടുത്ത ബന്ധുക്കളേയും സുഹൃത്തുകളേയും പട്ടികയിൽ ഉൾപ്പെടുത്തി വലിയ തുക തിരികെ സ്വന്തം അക്കൗണ്ടിൽ എത്തിക്കാനുള്ള ശ്രമമാണ് ഈ പുതിയ തട്ടിപ്പ് എന്നാണ് നിയമ വിദഗ്ദർ പറയുന്നത്. റിസീവർ ചുമതലയേറ്റെടുത്ത് കഴിഞ്ഞാൽ മൊത്തം സ്വത്തുക്കളുടെ കണക്കെടുത്ത് വിൽപ്പന നടത്തിയ ശേഷം പട്ടികയിലുള്ളവർക്കും കേസിൽ കക്ഷി ചേർന്നവർക്കുമാണ് നൽകുക.

അതോടൊപ്പം തന്നെ പണം ലഭിക്കാനുള്ള രണ്ട് പേർ ഇന്ന് ഇൻസോൾവൻസി പെറ്റീഷൻ സമർപ്പിച്ചിട്ടുണ്ട്. ഒപി ഇൻസോൾവൻസി 4/2017 5/2017 എന്നീ നമ്പറുകളിലാണ് പരാതി. നിർമ്മലൻ നൽകിയിരിക്കുന്ന പെറ്റീഷൻ തള്ളിപ്പോയാൽ തന്നെ വീണ്ടും പിടിച്ച് നിൽക്കുന്നതിന് വേണ്ടിയാണ് ബിനാമികളോ അടുപ്പക്കാരോ ആയ രണ്ട് പേരെ കൊണ്ട് കൂടി ഇൻസോൾവെൻസി ഫയൽ ചെയ്തിരിക്കുന്നത്. നിർമ്മലൻ കോടതിയിൽ പറഞ്ഞിരിക്കുന്നത് 102 കോടിയുടെ സ്വത്ത് കൈവശമുണ്ടെന്നാണ്. 600 കോടി രേഖകളിൽ വെട്ടിപ്പ് നടത്തിയിരിക്കുന്ന നിർമ്മലന്റെ ബാങ്കിൽ നിക്ഷേപം നടത്തിയതിൽ ഇപ്പോൾ കക്ഷി ചേർന്നവർക്ക് പോലും ആറിലൊന്ന് തുക മാത്രമാണ് ആദ്യം ലഭിക്കുക.

നിർമ്മലന്റെ ഇടപാടുകളിൽ ബിനാമി പേരിൽ കോടികളുടെ നിക്ഷേപങ്ങൾ വേറെയുമുണ്ടെന്നതിന്റെ തെളിവായി ഇതിനെ കാണാം. പല 600 കോടി മാത്രം രേഖകളിൽ കാണിക്കുന്ന നിർമ്മൽ കൃഷ്ണ നിധി ലിമിറ്റഡ് എന്ന കമ്പനിയിൽ നിർമ്മൽ കൃഷ്ണ ഡയറക്ടർമാരിൽ ഒരാൾ മാത്രമാണ്. മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ ആരൊക്കെയെന്നും ഇവരുടേതും ചേർത്ത് എത്ര തുകയാണ് കണക്കുകളിൽ കാണിക്കാത്തതെന്നും രഹസ്യാന്വേഷണ സംഘം പരിശോധിക്കും. ഭാര്യയുടെ പേരിൽ 1 കോടി പത്ത് ലക്ഷം രൂപ നൽകാനുണ്ട്. നിർമ്മലന്റെ ബന്ധുക്കളുടേയും കുടുംബാംഗങ്ങളുടേയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വേണ്ടി വന്നാൽ പരിശോധിക്കാനാണ് നീക്കം.

കൃത്യമായി പലിശ നൽകിയിരുന്ന നിർമ്മലന്റെ സ്ഥാപനത്തിൽ പക്ഷേ നോട്ട് നിരോധനത്തിന് ശേഷം പലിശ ഉൾപ്പടെ മുടങ്ങിയതായാണ് സൂചന. കഴിഞ്ഞ മാർച്ചിൽ കമ്പനിയുടെ പേര് മാറ്റുകയും ചെയ്തിരുന്നു നിർമ്മൽ കൃഷ്ണ ബെനഫിറ്റ് ലിമിറ്റഡ് എന്ന് പേരിട്ടിരുന്ന കമ്പനി മാർച്ചോടെ നിർമ്മൽ കൃഷ്ണ നിധി ലിമിറ്റഡ് എന്ന പേരിൽ രജിസ്ട്രർ ചെയ്ത് എംഡിയായി മറ്റൊരാളെ നിയമിക്കുകയും പിന്നീട് നിർമ്മലൻ ഡയറക്ടറായ് തുടരുകയുമായിരുന്നു. അതായത് ഇപ്പോൾ വെളിപ്പെടുത്തിയ സ്വത്തിൽ നിർമ്മലനെ കൂടാതെ കമ്പനിയിൽ വേറെ ആളുകളുടെ പേരിൽ ഷെയറുകൾ മാറ്റിയിട്ടുണ്ടൊ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

റിസീവറെ ചുമതലപ്പെടുത്തുന്നതിനായി 4 പേരെ നിർദ്ദേശിക്കാൻ ബാർ അസോസിയേഷനോട് കോടതി പറഞ്ഞു. നിർമ്മലൻ കോടതിയിൽ സമർപ്പിച്ചിരിക്കുന്ന സ്വത്തുക്കളുടെ കണക്കെടുത്ത ശേഷം ഇയാൾ വെളിപ്പെടുത്താത്ത സ്വത്തുക്കളുണ്ടോയെന്ന് പരിശോധിക്കും. പിന്നീട് സ്വത്തിന്റെ ലിസ്റ്റെടുത്ത ശേഷം ഇത് വിൽക്കുന്നതാണ് അടുത്ത നടപടി. പിന്നീട് പട്ടികയിൽ പറഞ്ഞിരിക്കുന്നവർക്കും കക്ഷി ചേർന്നവർക്കും പണം വീതിച്ച് നൽകും. നിർമ്മലൻ കോടതിയിൽ സമർപ്പിച്ചിട്ടുള്ള രേഖകളിൽ ഇല്ലാത്ത ഏതെങ്കിലും സ്വത്തിന്റെ വിവരം ലഭിച്ചാൽ അത് പരിശോധിച്ച ശേഷം ബോധ്യപ്പെട്ടാൽ അതും അറ്റാച്ച് ചെയ്ത് നിർമ്മലനെതിരെ കേസെടുക്കും.

തട്ടിപ്പിന് ഇരയായവരിൽ 80 ശതമാനവും മലയാളികളാണെങ്കിലും കേരള പൊലീസ് ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ല. സംസ്ഥാനത്തെ പല ഇടത് വലത് നേതാ്കകൾക്കും ഇവിടെ നിക്ഷേപമുണ്ടായത് തന്നെയാണ് ഇതിന് കാരണമെന്നും സൂചനയുണ്ട്. എന്നാൽ തമിഴ്‌നാട് പൊലീസിനെകൊണ ്ട് ഇത് അന്വേഷിപ്പിച്ച് കേരളത്തിലെ നേതാക്കളുടെ പേര് പുറത്ത്‌കൊണ്ട് വരാനാണ് ബിജെപി ഉദ്ദേശിക്കുന്നത്. സംഭവം നടന്ന കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനാണ് എംപി. ഇവർക്ക് ഇപ്പോൾ തമിഴ്‌നാട് ഭരിക്കുന്ന എഐഡിഎംകെയുമായുള്ള അടുത്ത ബന്ധവും അന്വേഷണത്തിൽ പ്രിതഫലിപ്പിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്.

തട്ടിപ്പ് കേസിൽ തമിഴ്‌നാട് പൊലീസിന്റെ ഇടപെടൽ ഭയന്ന് തന്നെയാണ് കേരളത്തിലെ മുൻ മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കൾ. മുന്നണി വ്യത്യാസമില്ലാതെ പല നേതാക്കളും ഇവിടെ പണം നിക്ഷേപിച്ചിരുന്നു. കോൺഗ്രസ് നേതാക്കൾ പണം പിൻവലിച്ചെങ്കിലും ജില്ലയിലെ പ്രമുഖ യുവ നേതാവിനും പാർട്ടി വിട്ട് ഒരു മുൻ എംഎൽഎയ്ക്കും കോടികൾ നഷ്ടമായിട്ടുണ്ട്.600 കോടി രൂപയോളം രൂപ നിക്ഷേപകരിൽ നിന്നും തട്ടിച്ചാണ് നിർമ്മൽ ചിറ്റ്സ് കമ്പനി മുതലാളി നിർമ്മലൻ മുങ്ങിയത്. കോടതിയിൽ പാപ്പർ സ്യൂട്ട് നൽകിയ നിർമ്മലൻ പറയുന്നതാകട്ടെ തനിക്ക് 90 കോടി രൂപയുടെ സ്വത്ത് മാത്രമെ കൈവശമുള്ളുവെന്നാണ്. അതായത്. ഈ പറഞ്ഞ 90 കോടി രൂപ നിക്ഷേപകർക്ക് കോടതി വഴി വീതിച്ച് നൽകേണ്ടി വരും അത് കഴിഞ്ഞാൽ പിന്നെ 500 രൂപയ്ക്ക് മുകളിൽ വിലയുള്ള ഒന്നും തന്നെ നിർമ്മലൻ മുതലാളിയുടെ കൈവശമില്ലെന്നാണ്. 500 കോടിയെന്നാണ് നിർമ്മലൻ പറയുന്നതെങ്കിലും യഥാർഥ തുക 1200 കോടിക്ക് മുകളിൽ വരുമെന്നാണ് രഹസ്യാന്വേഷണ സംഘച്ചിലെ ഒരു ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞത്.