തിരുവനന്തപുരം: 1200 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ നിർമ്മൽ കൃഷ്ണ ചിറ്റ്സിന്റെ ഉടമസ്ഥൻ നിർമ്മലനെതിരെയുള്ള തമിഴ്‌നാട് അന്വേഷണ സംഘത്തിന്റെ തിരച്ചിലും അന്വേഷണങ്ങളും ഇപ്പോൾ ചെന്ന് നിൽക്കുന്നത് കഴിഞ്ഞ മന്ത്രിസഭയിലെ ദേവസ്വം മന്ത്രിയായിരുന്ന വി എസ് ശിവകുമാറിനെതിരെയാണ്. ഈ സാഹചര്യത്തിൽ ശിവകുമാറിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ചിട്ടിക്കമ്പനിയിൽ പണം നഷ്ടപ്പെട്ടവരുടെ സമരസമിതി. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പാറശ്ശാല ഹൈവേയിൽ ശിവകുമാറിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് സമര സമിതി കൺവീനർ ഭാസി കല്ലറത്തല മറുനാടൻ മലയാളിയോട് പറഞ്ഞു.

നിർമ്മലനും മന്ത്രിയുമായുള്ള ബന്ധം എല്ലാവർക്കും അറിയുന്നതാണെന്നും എന്നാൽ തമിഴ്‌നാട്ടിൽ നിന്നുള്ള അന്വേഷണ സംഘത്തിൽ നിന്നും വ്യക്തമായ തെളിവുകൾ ലഭിക്കാതിരുന്നതുകൊണ്ടാണ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ മന്ത്രിയുട പേര് പറയാതിരുന്നത്. എന്നാൽ ഇപ്പോൾ ശിവകുമാറിലേക്ക് അന്വേഷണമെത്തുന്ന ഒരു അവസ്ഥയാണ്. എല്ലാ മാധ്യമങ്ങളും ഇപ്പോൾ തെളിവ് ലഭിച്ചതോടെ ശിവകുമാറിന്റെ പേര് പറയുന്നുണ്ട്. അപ്പോൾ പിന്നെ പ്രക്ഷോഭവുമായി രംഗതെത്തി ഞങ്ങൾക്ക് നഷ്ടമായ പൈസ തിരിച്ച് കിട്ടുക എന്നതിനാണ് പ്രാധാന്യം. സാധാരണക്കാരന്റെ പണം കൊണ്ടല്ല രാഷ്ട്രീയക്കാർ വിലസേണ്ടതെന്നും സമരസമിതി അംഗങ്ങൾ പറയുന്നു.

ഇപ്പോൾ ഒരാളുടെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. മകളുടെ വിവാഹം സമയത്ത് നടക്കുമോ എന്ന ആശങ്കയാണ് ഇവിടെ പണം നിക്ഷേപിച്ചിരുന്ന ഒരാളുടെ മരണത്തിലേക്ക് എത്തിച്ചത്. എന്നിട്ട് പോലും തങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കാൻ ഒരു അധികാരികളും മുന്നോട്ട് വന്നിട്ടില്ല. കേരള പൊലീസ് ആദ്യ ഘട്ടത്തിൽ കേസെടുക്കാൻ പോലും തയ്യാറായില്ല. പണം നഷ്ടപ്പെട്ടവരിൽ 80 ശതമാനവും മലയാളികളായിരുന്നിട്ടും സംഭവം നടന്നത് തമിഴ്‌നാട്ടിലാണെന്ന് പറഞ്ഞ് കേരളാ പൊലീസ് ഇടപെട്ടിരുന്നില്ല. അതിനിടയിലാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്ന നിർമ്മലന്റെ ഭാര്യ ജാമ്യപേക്ഷ പിൻവലിച്ചതും. ജാമ്യം കിട്ടില്ലെന്ന ഉറപ്പുള്ളതു കൊണ്ടാണ് ഇതെന്ന് വാദിഭാഗത്തിന് വേണ്ടി ഹാജരാകുന്ന അഡ്വക്കേറ്റ് അഫ്സൽ ഖാൻ മറുനാടനോട് പറഞ്ഞു. ശാസ്തമംഗലം അജിത്കുമാർ ആൻഡ് അസോസിയേറ്റ്സാണ് കേസിൽ വാദി ഭാഗം അഭിഭാഷകർ.

ഒരാഴ്ചയ്ക്ക് മുമ്പ് ഉദിയൻകുളങ്ങര സ്വദേശിയായ വേണുഗോപാൽ എന്ന നിക്ഷേപകൻ ആത്മഹത്യ ചെയ്തിരുന്നു. കേരള പൊലീസിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണം നിലച്ചമട്ടാണ്. തമിഴ്‌നാട് പൊലീസ് നിർമലനെ പിടികൂടുന്നതിനുവേണ്ടി അന്വേഷണം നടത്തുന്നുവെങ്കിലും കേരള പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിക്കുന്നില്ലായെന്നാണ് തമിഴ്‌നാട് പൊലീസ് ആരോപിക്കുന്നത്. ഇതിനിടെയാണ് കേസിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർ നിർമലനെ കൊന്നു കളയാനുള്ള സാധ്യത തമിഴ്‌നാട് പൊലീസ് സംശയിക്കുന്നത്. നിർമലനേയും കുടുംബത്തേയും കുറിച്ച് ആർക്കും ഒരു അറിവില്ലാത്തതാണ് ഇതിന് കാരണം. കേരളത്തിലെ രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട ബിനാമി ഭൂമി ഇടപാടു കേസുകളിലെ അന്വേഷണത്തിൽ കേരളാ പൊലീസിന്റെ സഹകരണം ഇല്ലെന്നും തമിഴ്‌നാട്ടിലെ അന്വേഷണ സംഘത്തിന് പരാതിയുണ്ട്.

ആധാരമെഴുത്തുകാരനും കോൺഗ്രസ് നേതാവുമായ അനന്തപുരി മണികണ്ഠനെ തമിഴ്‌നാട് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് ഉന്നത രാഷ്ട്രീയ ബന്ധങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ കിട്ടിയത്. ഈ തെളിവുകൾ സ്ഥിരീകരിക്കാൻ നിർമ്മലിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. എന്നാൽ നിർമ്മലിനും കുടുംബവും കൂട്ടാളികളും മുങ്ങിയിട്ട് അറുപതുനാൾ തികയുന്നു. എന്നാൽ അന്വേഷണം എങ്ങുമെത്താതെ പാതിവഴിയിൽ നിലച്ച മട്ടിലാണ്. ഒരു സൂചനയും നിർമ്മലനെ കുറിച്ച് കിട്ടിതയുമില്ല. ഇതിനിടെയാണ് നിർമ്മലനെ വകവരുത്താനുള്ള സാധ്യത പൊലീസ് കാണുന്നത്. പാപ്പർ സ്യൂട്ടോടെ എല്ലാം അവസാനിക്കുമെന്ന് കരുതിയ നിർമ്മലൻ രാജ്യം വിട്ടിരുന്നില്ല. രാജ്യത്ത് തന്നെയാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ഒരു സൂചനയും ഇല്ല.

കക്ഷഭേദമില്ലാതെ നിർമ്മലന്റെ ചിട്ടികമ്പനിയിൽ ഇടത് വലത് നേതാക്കളും ചില ബിജെപി നേതാക്കളും പണം നിക്ഷേപിച്ചിരുന്നു. പിന്നീട് ഇതിൽ ചില നേതാക്കൾക്ക് പണം നഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അനധികൃതമായി സമ്പാദിച്ച പണമായതുകൊണ്ട് തന്നെ പല നേതാക്കളും ഇതിനെതിരെ രംഗതെത്തിയില്ല. മാത്രമല്ല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു രാഷ്ട്രീയപാർട്ടിയും സജീവമായി മുന്നോട്ട് വന്നില്ല.എന്തായാലും നാളെ ശിവകുമാറിനെതിരെയുള്ള പ്രക്ഷോഭം നടക്കുന്നതോടെ സംഭവത്തിൽ പുതിയ വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമരക്കാർ.