- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർമ്മൽ കൃഷ്ണ നിക്ഷേപ തട്ടിപ്പ്; 592 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ട് മൂന്നര വർഷം; നിയമ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധ ധർണ നടത്തി നിക്ഷേപക സംരക്ഷണ സമിതി; നിർമ്മലന്റെയും കൂട്ടാളികളുടെയും വിദേശ നിക്ഷേപങ്ങളും, ഹവാല ഇടപാടുകളും സിബിഐ അന്വേഷിക്കണമെന്നും ആവശ്യം
തിരുവനന്തപുരം: 592 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ നിർമ്മൽ ചിട്ടി തട്ടിപ്പ് കേസിൽ നീതി നടപ്പാക്കാത്തതിൽ വൻ പ്രതിഷേധവുമായി നിക്ഷേപകർ. നിർമ്മലന്റെയും ബന്ധുക്കളുടെയും ബിനാമികളുടെയും കേരളത്തിലെ വസ്തു വകകൾ കണ്ടുകെട്ടാത്തതിൽ കടുത്ത പ്രതിഷേധമാണ് നിക്ഷേപക സംരക്ഷണ സമിതിയുടെ ധർണയിൽ ഉയർന്നത്. 2017 സെപ്റ്റംബറിൽ നടന്ന നിക്ഷേപ തട്ടിപ്പിൽ മൂന്നര വർഷം പിന്നിട്ടിട്ടും നീതി ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് നിക്ഷേപകർ ധർണ നടത്തിയത്.
പ്രതികളുടെ ഉടമസ്ഥയിലുള്ള മേനംകുളം കിൻഫ്ര അപാരൽ പാർക്കിലെ കന്യാകുമാരി എക്‌സ്‌പോർട്ട്‌സ് എന്ന സ്ഥാപനം ജ്യാമ്യത്തിൽ കഴിയുന്ന പ്രതികൾ കൈമാറ്റം നടത്തിയത് രേഖാ മൂലം പരാതിപ്പെട്ടിട്ടും യാതൊരു നിയമ നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് നിക്ഷേപക സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. രാവിലെ 10 മണിക്ക് നടന്ന ധർണ പത്മനാഭപുരം എംഎൽഎ മനോ തങ്കരാജ് ഉദ്ഘാടനം ചെയ്തു തുടർന്ന് സമര സമിതി പ്രവർത്തകരായ രാജേന്ദ്രൻ, എസ് എം നായർ, ശ്രീകുമാർ, പ്രകാശ് ചന്ദ്രൻ, അരുൾ ജോർജ്, ബിജു തുടങ്ങിയവർ സംസാരിച്ചു.
നിർമ്മലന്റെയും കൂട്ടാളികളുടെയും വിദേശ നിക്ഷേപങ്ങളും, ഹവാല ഇടപാടുകളും സിബിഐ അന്വേഷിക്കണമെന്ന് നിക്ഷേപക സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഇരകളായ നിക്ഷേപകർക്ക് നീതി ലഭിക്കുന്നതിന് വേണ്ടി രാഷ്ട്രീയ നേതാക്കൾ ഇടപെടാത്തതിനാൽ നിക്ഷേപകർ സ്വന്തം നിലയിൽ രാഷ്ട്രീയ സംഘടന രൂപീകരിക്കും എന്നും യോഗത്തിൽ മുന്നറിയിപ്പ് നൽകി.
സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ടു. അധികാരത്തിൽ വന്നാൽ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും കേരളത്തിലെയും തമിഴ്‌നാട്ടിലേയും അധികാരികളുമായി ബന്ധപ്പെടാമെന്നും നിക്ഷേപകർക്ക് മനോ തങ്കരാജ് എംഎൽഎ ഉറപ്പു നൽകി.
മറുനാടന് മലയാളി ബ്യൂറോ