തിരുവനന്തപുരം: കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ചിട്ടി തട്ടിപ്പാണ് പാറശാലയിൽ നിർമ്മലൻ മുതലാളി നടത്തിയത്. എന്നാൽ ഉന്നത രാഷ്ട്രീയ ബന്ധങ്ങളും നിക്ഷേപകരായി മുന്നണി ഭേദമില്ലാതെ രാഷ്ട്രീയക്കാരുമുള്ളതിനാൽ നിർമ്മൽ കൃഷ്ണ ചിറ്റ്സ് നടത്തിയ 600 കോടിയോളം രൂപയുടെ തട്ടിപ്പിനെതിരെ ഒരു രാഷ്ട്രീയ പാർട്ടിയും രംഗത്തില്ല. മുഖം രക്ഷിക്കാൻ ചില സമര പരിപാടികളിൽ നേതാക്കൾ പങ്കെടുക്കുന്നതല്ലാതെ പണം നഷ്ടപ്പെട്ട സാധാരണക്കാരെ സഹായിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്.

കോടതിയിൽ സമർപ്പിച്ച പണം മടക്കി നൽകാനുള്ളവരുടെ പട്ടികയിൽ സ്വന്തം ഭാര്യയുടെയും ബന്ധുക്കളുടെയും പേര് ഉൾപ്പെടുത്തി നിർമ്മലനും സംഘവും നടത്തുന്ന തട്ടിപ്പ് 'മറുനാടൻ മലയാളി' പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കോടതിയിൽ നിർമ്മnൻ സമർപ്പിച്ച ഡി ബുക്കിലെ ഭൂരിഭാഗം പേരും ഇയാളുടെ ബന്ധുക്കളും സ്ഥാപനത്തിലെ ജീവനക്കാരുമാണെന്ന് വ്യക്തമായത്.

നിർമ്മൽ ചിറ്റ്സിൽ പണം തിരിച്ച് നൽകാനുള്ളവരുടെ പട്ടികയിൽ മരിച്ചവരും നാട്ടിലില്ലാത്തവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് തട്ടിപ്പിന് ഇരയായവർ പറയുന്നത്. പട്ടികയിൽ 140-ാം ക്രമ നമ്പറിൽ ഉൾപ്പെടുത്തിയിരിക്കുന്നത് മൃണാളിനി അമ്മ എന്ന ഒരു പേരാണ്. ഇവർ നിർമ്മലന്റെ മാതൃസഹോദരിയാണ്. ഇവരുടെ സഹോദരന്റെ മകളുടെ വിവാഹ ക്ഷണക്കത്തിൽ പറഞ്ഞിരിക്കുന്ന അതേ മേൽവിലാസത്തിലാണ് പണം നൽകാനുള്ളവരുടെ പട്ടികയിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിവാഹ ക്ഷണക്കത്തിൽ ഉപചാരമർപ്പിക്കുന്നവരുടെ പട്ടികയിൽ നിർമ്മലന്റെ പേരുമുണ്ട്. അതേസമയം പണം നൽകേണ്ടവരുടെ പട്ടികയിലുള്ള മൃണാളിനി അമ്മ മൂന്നു വർഷം മുൻപ് മരിച്ചെന്നാണ് ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. കൂടാതെ പട്ടികയിൽ നൽകിയിരിക്കുന്ന മേൽവിലാസത്തിൽ നിന്ന് അവർ താമസം മാറിയിട്ടു തന്നെ ആറു വർഷത്തിലധികമായെന്നും പ്രദേശവാസികൾ പറയുന്നു.

ബാങ്കിൽ ജോലി ചെയ്യുന്ന അടുത്ത ബന്ധുക്കളുടെ പേരിലും നിർമ്മലൻ പണം നിക്ഷേപിച്ചിട്ടുണ്ട്. പട്ടികയിൽ. 83 ാം സ്ഥാനത്തുള്ള പരമേശ്വരൻ നായർ റിട്ടയേഡ് സി.ഐയാണ്. നിർമ്മലന്റെ അടുത്ത ബന്ധുവായ ഇയാളും ആറ് മാസം മുമ്പ് മരിച്ചു. നിർമ്മൽ ചിറ്റ്സിലെ മുൻ കാഷ്യറായ ചന്ദ്രശേഖരനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ശേഖരൻ, രവീന്ദ്രൻ, അജി, അനിൽകുമാർ എന്നീ നാലു പേരാണ് നിർമ്മലന്റെ പ്രധാന ബിനാമികളെന്നാണ് മുൻ ജീവനക്കാരനും തന്നെ പറയുന്നത്.

പണം മടക്കി നൽകാനുള്ളവരുടെ പട്ടികയിൽ സ്വന്തം ഭാര്യയെയും ഉൾപ്പെടുത്തിയ നിർമ്മലൻ ജഗതി കൊച്ചാർ റോഡിലുള്ള ആഡംബര വസതിക്ക് ഒരു കോടി പത്ത് ലക്ഷം രൂപ കടമുണ്ടെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. ഇത്തരത്തിൽ അടുത്ത ബന്ധുക്കളേയും സുഹൃത്തുകളേയും ബിനാമികളെയും പട്ടികയിൽ ഉൾപ്പെടുത്തി, വിതരണം ചെയ്യുന്ന പണം സ്വന്തം അക്കൗണ്ടിലേക്കു തന്നെ തിരികെ എത്തിക്കാനുള്ള ശ്രമമാണ് പുതിയ തട്ടിപ്പിലൂടെ നിർമ്മലൻ നടത്തുന്നതെന്നാണ് നിയമ വിദഗ്ദർ പറയുന്നത്.

പണം ലഭിക്കാനുള്ള രണ്ട് പേരും ഇൻസോൾവൻസി പെറ്റീഷൻ സമർപ്പിച്ചു. ഒപി ഇൻസോൾവൻസി 4/2017 5/2017 എന്നീ നമ്പറുകളിലാണ് ഈ ഹർജി. നിർമ്മലൻ നൽകിയിരിക്കുന്ന പെറ്റീഷൻ തള്ളിപ്പോയാൽപിടിച്ച് നിൽക്കുന്നതിന് വേണ്ടിയാണ് ബിനാമികളോ അടുപ്പക്കാരോ ആയ രണ്ട് പേരെക്കൊണ്ട് ഇൻസോൾവെൻസി ഫയൽ ചെയ്തിരിക്കുന്നത്. 102 കോടിയുടെ സ്വത്ത് കൈവശമുണ്ടെന്നാണ് നിർമ്മലൻ കോടതിയെ അറിയിച്ചിരിക്കുന്നത്. നിർമ്മലന്റെ ഇടപാടുകളിൽ ഏറെയും ബിനാമി പേരിലാണെന്നതിന് തെളിവാണ് ഈ വെളിപ്പെടുത്തൽ. അങ്ങനെയെങ്കിൽ 600 കോടിയുടെ തട്ടിപ്പിന് ഇരയായവർക്ക് ഇതിന്റെ ആറിലൊന്ന് തുക പോലും മടക്കി ലഭിക്കില്ലെന്നതാണ് യാഥാർഥ്യം.

600 കോടി മാത്രം രേഖകളിൽ കാണിക്കുന്ന നിർമ്മൽ കൃഷ്ണ നിധി ലിമിറ്റഡ് എന്ന കമ്പനിയിൽ നിർമ്മലൻ ഡയറക്ടർമാരിൽ ഒരാൾ മാത്രമാണ്. മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ ആരൊക്കെയെന്നും ഇവരുടേതും ചേർത്ത് എത്ര തുകയാണ് കണക്കുകളിൽ കാണിക്കാത്തതെന്നും പൊലീസ് പരിശോധിക്കും. ഭാര്യയ്ക്ക് ഒരു കോടി പത്ത് ലക്ഷം രൂപ നൽകാനുണ്ടെന്നാണ് പറയുന്നത്. നിർമ്മലന്റെയും ബന്ധുക്കളുടേയും കുടുംബാംഗങ്ങളുടേയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കാനാണ് രഹസ്യാഷണ സംഘത്തിന്റെ നീക്കം.