തിരുവനന്തപുരം: ബംഗാളിലെ ശരാദാ ചിട്ടിതട്ടിപ്പിന് സമാനമാണ് പാറശ്ശാലയിലെ നിർമ്മലന്റെ ചതിയെന്നാണ് വിലയിരുത്തൽ. കോൺഗ്രസിലെ മുൻ മന്ത്രിക്ക് അടക്കം നിർമ്മലിനുമായി ബന്ധമുണ്ട്. സിപിഎമ്മിലെ ചിലരും നിർമ്മലിന്റെ അടുപ്പക്കാരൻ. ഇതോടെ അന്വേഷണം വഴിമുട്ടി. ഇതിനിടെയാണ് തമിഴ്‌നാട് പൊലീസ് കർശന നടപടികളുമായി മുന്നോട്ട് പോയത്. നിർമ്മൽ ചിട്ടി തട്ടിപ്പ് കേസിൽ മൂന്ന് പേർ അറസ്റ്റിലാവുകയും ചെയ്തു. ഡയറക്ടർ അജിത്, ജീവനക്കാരായ അനിൽ, മഹേഷ് എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് ക്യൂ ബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിർമ്മൽ കൃഷ്ണയുടെ ബിസിനസ് ഇടപാടുകളിൽ ബിനാമികളായി പ്രവർത്തിച്ചിരുന്നവരാണ് ഇവർ.

തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ നിർമ്മൽ കൃഷ്ണയുടെയും പാർട്ണർമാരുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും പരിശോധനകൾ ഇപ്പോഴും തുടരുകയാണ്. നിർമ്മൽ വിദേശത്തേക്ക് കടന്നതായ അഭ്യൂഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അതിനിടെയാണ് കർണ്ണാടകത്തിൽ നിർമ്മൽ കൃഷ്ണയുണ്ടെന്ന വിവരം പുറത്തു വരുന്നത്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ നിർദ്ദേശം അനുസരിച്ചാണ് ഇയാളെ കർണ്ണാടകയിൽ ഒളിവിൽ താമസിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. ഇക്കാര്യം തമിഴ്‌നാട് പൊലീസ് പരിശോധിക്കുന്നുണ്ട്. കോൺഗ്രസിലെ മുൻ മന്ത്രിമാരടക്കമുള്ളവരുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. ഹൈക്കോടതിയിലെ പാപ്പർ ഹർജിയിൽ തീരുമാനം വരും വരെ ഒളിവിൽ കഴിയാനാണ് നിർമ്മൽ കൃഷ്ണയുടെ തീരുമാനം. ആയിരം കോടി രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. അതിനിടെ ഏറ്റവുംകൂടുതൽ മലയാളികൾ തട്ടിപ്പിനിരയായ സാഹചര്യത്തിലും നിർമ്മലിന് കേരളത്തിലും ബിസിനസ് ഇടപാടുകളും സമ്പാദ്യങ്ങളുമുള്ളതിനാലും ഡി.ജി.പി ലോക്നാഥ് ബെഹ്‌റയുടെ നിർദ്ദേശാനുസരണം ക്രൈംബ്രാഞ്ച് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതിനിടെ ഈ തട്ടിപ്പ് കോൺഗ്രസിൽ വിലയ ചർച്ചയ്ക്ക് വിഷയമാവുകയാണ്. ഒരു എംഎൽഎയുടെ ബിനാമിയാണ് നിർമ്മൽ കൃഷ്ണയെന്ന് ആക്ഷേപമുണ്ട്. അതിനിടെയാണ് ചില പരാമർശങ്ങളുമായി കോൺഗ്രസ് നേതാവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് എത്തുന്നത്. ഈ തട്ടിപ്പിനെ ബംഗാളിലെ ശാരധാ ചിട്ടി തട്ടിപ്പിനോടാണ് യുവ നേതാവ് ഡി വി വിനോദ് കൃഷ്ണ താരതമ്യം ചെയ്യുന്നത്. നേതാക്കളുടെ പേരും പാർട്ടിയുമൊന്നുമില്ലെങ്കിലും കോൺഗ്രസിലെ നേതാക്കൾക്കെതിരായ ഒളിയമ്പാണ് വിനോദ് കൃഷ്ണയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. നിർമ്മൽ ചിട്ടി തട്ടിപ്പിന്റെ കൂടുതൽ കഥകൾ പുറത്ത് വരുന്നതിന് മുൻപ് തന്നെ കേരളത്തിലെ വിവിധ പാർട്ടികൾ പാർട്ടിതലത്തിൽ അന്വേഷണം നടത്തണം. ഏതെല്ലാം നേതാക്കളുടെ പിന്തുണയിലാണ് കോടികളുമായി മുങ്ങിയത് ? ആരാണ് ഒളിവിൽ പോകാൻ സഹായിച്ചത് ?-എന്നീ സംശയങ്ങളാണ് വിനോദ് കൃഷ്ണ ഉയർത്തുന്നത്.

കഴിഞ്ഞ 20 വർഷമായി ആരൊക്കെയാണ് ഇതിന്റെ ഉടമസ്ഥനുമായി ഭക്തിയാത്രയും, കുടുംബയാത്രയും, നടത്തിയിട്ടുള്ളത് എന്നൊക്കെ പരിശോധിക്കണം. അല്ലെങ്കിൽ പാർട്ടികൾ ജനമധ്യത്തിൽ വിചാരണ ചെയപ്പെടും. ഇവരുടെയൊക്കെ ഫോൺ വിശദാംശങ്ങളും മറ്റും പരിശോധിക്കണം . നിർമൽ ചിട്ടി ഉടമ ആരുടെ സംരക്ഷണയിലാണ് ഇപ്പോഴും ഉള്ളത് എന്നും പരിശോധിക്കണം . കൊള്ളമുതൽ പങ്കിട്ടവരേയും ജനം തിരിച്ചറിയണം ഇപ്പോഴുള്ള അടക്കിപ്പിടിച്ച വർത്തമാനം സമരങ്ങളായി മാറുന്നതിന് മുന്നേ പാർട്ടികൾ നടപടികൾ സ്വീകരിക്കണം . പല എം എൽ എ മാരുടെയും പേരുകൾ അന്തരീക്ഷത്തിൽ കിടന്ന് തത്തി കളിക്കുന്നു. സർക്കാരിന്റെ മൗനം പ്രതിഷേധാർഹവും സംശയാസ്പദവും. ബംഗാളിലെ ചിട്ടി തട്ടിപ്പ് കേസ് ഓർക്കുന്നത് നന്നായിരിക്കുമെന്നും വിനോദ് കൃഷ്ണ ഓർമ്മപ്പെടുത്തുന്നു. എന്നാൽ ആരെക്കുറിച്ചാണ് വിശദീകരിക്കുന്നതെന്ന് മറുനാടനോട് വെളിപ്പെടുത്താൻ വിനോദ് കൃഷ്ണ തയ്യാറായില്ല. അന്വേഷിച്ചാൽ സത്യം പുറത്തുവരുമെന്നാണ് വിനോദ് കൃഷ്ണയുടെ പ്രതികരണം.

അതിനിടെ നിർമ്മൽകൃഷ്ണ നിധി ലിമിറ്റഡ് നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച് ഉന്നതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകുകയും ചെയ്തു. തിരുവനന്തപുരം തമിഴ്‌നാട് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം ചിട്ടിയിലും നിക്ഷേപങ്ങളിലുമായി ആയിരംകോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക നികമനം. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപകർ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ വീഴ്ചയുള്ളതായി നാട്ടുകാർ പറയുന്നു. സാധാരണക്കാരായ നിരവധിപേരുടെ തുകയാണ് ഇതുവഴി നഷ്ടപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ അടിയന്തരമായി പൊലീസിലെ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ച്, പ്രതികൾക്കെതിരെ ശക്തമായ നടപടിയെടുക്കണം. മാത്രമല്ല, നിക്ഷേപകർക്ക് തുക തിരികെ ലഭിക്കുന്നതിനുള്ള സാഹചര്യമൊരുക്കണമെന്നും ചെന്നിത്തല ഡി.ജി.പി.ക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. കോൺഗ്രസിലെ ചിലർ ആരോപണങ്ങളിൽ കുടുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ചെന്നിത്തലയുടെ ഈ നീക്കം. എന്നാൽ പ്രതി ആരെന്ന് കോൺഗ്രസിലുള്ളവർക്ക് തന്നെ അറിയാമെന്നും അതുകൊണ്ട് തന്നെ പ്രതിപക്ഷ നേതാവിന്റെ ആവശ്യം അപഹാസ്യമാണെന്നും കോൺഗ്രസിനുള്ളിൽ തന്നെ അഭിപ്രായമുണ്ട്. ചെന്നിത്തലയുടെ വിശ്വസ്തരും ചിട്ടി ഇടപാടിൽ കുടുങ്ങുമെന്നാണ് ഇവർ പറയുന്നത്.

തലസ്ഥാനത്തെ വ്യവസായിയായ നിർമ്മലൻ ചിട്ടികമ്പനി നടത്തി ആയിരം കോടി തട്ടിയെടുത്തെന്ന് പരാതി പ്രളയമുണ്ടായിട്ടും കേരളത്തിലെ പൊലീസ് കേസെടുക്കാതെ ഒത്താശ ചെയ്യുന്നതായി ആരോപണം ഉയരുന്നുണ്ട്. സംസ്ഥാന അതിർത്തിയിൽ പളുകലിലാണ് നിർമ്മലന്റെ ചിട്ടിഫണ്ട് പ്രവർത്തിച്ചിരുന്നത്. അതിന്റെ രജിസ്ട്രേഷൻ തമിഴ്‌നാട്ടിലായതിനാൽ ഇവിടെ കേസെടുക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്.അതേസമയം ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ സംരക്ഷണയിൽ നിർമ്മലൻ ഒളിവിൽ കഴിയുന്നതായാണ് വിവരം. വ്യാജപാസ്പോർട്ടിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുമെന്ന് തമിഴ്‌നാട് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടും ഇവിടെ പൊലീസ് അനങ്ങുന്നില്ല. സെക്രട്ടേറിയേറ്റിനു മുന്നിൽ വ്യാപാരസ്ഥാപനവും തിരുവനന്തപുരത്തും അതിർത്തിക്കപ്പുറത്തും നിരവധി സ്ഥാപനങ്ങളുമുള്ള ജഗതി സ്വദേശിയായ നിർമ്മലന്റെ തട്ടിപ്പിനിരയായ 13,000പേരിൽ 90ശതമാനവും തിരുവനന്തപുരത്തുകാരാണ്.

പൊലീസ് അനങ്ങാത്ത തക്കത്തിന് തമിഴ്‌നാട്ടിലെ സ്ഥാപനങ്ങളിലെ പണവും വാഹനങ്ങളും നിർമ്മലൻ തിരുവനന്തപുരത്തേക്ക് കടത്തി. ബിസിനസ് തകർന്നെന്നും തന്നെ പാപ്പരായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ ഹർജിയും നൽകി.ബംഗാളിലെ ശാരദാചിട്ടി തട്ടിപ്പിനേക്കാൾ വലിയ തട്ടിപ്പാണിതെന്ന് നിക്ഷേപകർ പറയുന്നു. രാഷ്ട്രീയക്കാരുടെയും പൊലീസുകാരുടെയും ബിനാമി നിക്ഷേപമായിരുന്നു നിർമ്മലന്റെ ചിട്ടിഫണ്ടിലേറെയും. ഒരു ഡിവൈ.എസ്‌പിക്കു മാത്രം ഒരുകോടിയുടെ നിക്ഷേപമാണുള്ളത്. കോടികൾ നിക്ഷേപിച്ചവർ അക്കാര്യം തുറന്നുപറയുന്നില്ല. ഉന്നതരുടെ നിക്ഷേപം തിരികെ നൽകാമെന്ന വ്യവസ്ഥയുണ്ടെന്നും രാഷ്ട്രീയക്കാരുടെ കോടികളുടെ കള്ളപ്പണം ചിട്ടിയിലൂടെ വെളുപ്പിച്ചിട്ടുണ്ടെന്നും ഇവർ നി;ർമ്മലനെ രക്ഷപ്പെടാൻ സഹായിക്കുന്നതായും ആക്ഷേപമുണ്ട്. ഇത്തരത്തിലൊരു നേതാവാണ് നിർമ്മലനെ കർണ്ണാടകത്തിൽ ഒളിവ് ജീവിതം സാധ്യമാക്കിയതെന്നാണ് തമിഴ്‌നാട് പൊലീസിന്റെ കണ്ടെത്തൽ.

നിർമ്മലന്റെ ബാങ്കിൽ ഒരുലക്ഷം മുതൽ പത്തുലക്ഷംവരെ നിക്ഷേപിച്ചവരുണ്ട്. പെൻഷൻ ആനുകൂല്യങ്ങൾ നിക്ഷേപിച്ചവരുമുണ്ട്. പെൺമക്കളുടെ വിവാഹത്തിനായി നിക്ഷേപം നടത്തിയ നൂറുകണക്കിനാളുകളും വഞ്ചിക്കപ്പെട്ടു. കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്കും മുഖ്യമന്ത്രി പിണറായി വിജയനും നിക്ഷേപകർ പരാതി നൽകിയിട്ടുണ്ട്. ചിട്ടിഫണ്ടുടമ കെ.നിർമ്മലൻ, നിർമ്മൽ കൃഷ്ണാ ബാങ്കിന്റെ മാനേജർമാരായ പളുകൽ നാഗക്കോട് സ്വദേശി രവീന്ദ്രൻ, പളുകൽ കുഴിവിളാകം സ്വദേശി ശേഖരൻ, പളുകൽ മൂലച്ചൽ സ്വദേശി അനിൽകുമാർ, പളുകൽ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന ദിനേശ്, മത്തംപാല സ്വദേശി അനി, പത്മനാഭപുരം സ്വദേശി അജി എന്നിവരാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.

ഇവർ രാജ്യംവിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ തമിഴ്‌നാട് പൊലീസ് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. പക്ഷേ, തിരച്ചിൽ നോട്ടീസ് പുറത്തിറക്കിയിട്ടില്ല. നിർമ്മലന്റെ ആസ്തികൾ ലേലംചെയ്ത് പണം നൽകണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. എന്നാൽ കോടതിയിൽ 90 കോടിയുടെ ആസ്തിയുണ്ടെന്നും അത് വിറ്റ് കോടതി തന്നെ കടം തീർക്കണമെന്നുമാണ് നിർമ്മലൻ ആവശ്യപ്പെടിട്ടുള്ളത്. എന്നാൽ കണക്കിൽ തന്നെ 600 കോടിയുടെ ഇടപടാണ് നിർമ്മലൻ നടത്തിയിട്ടുള്ളത്. രാഷ്ട്രീയ പാർട്ടികളാരും പാവപ്പെട്ട ജനങ്ങളുടെ പ്രതിഷേധം ഏറ്റെടുത്തിട്ടില്ല. ഇതും സംശയങ്ങൾക്ക് ഇടനൽകുന്നു. വിഷയത്തിൽ സിബിഐ അന്വേഷണത്തിനും ചിലർ ശ്രമം തുടങ്ങിയിട്ടുണ്ട്.