കൊൽക്കത്ത:പശ്ചിമ ബംഗാളിലെ മുതിർന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായിരുന്ന നിർമൽ മുഖർജി (82) അന്തരിച്ചു. വാർധക്യസഹചമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി വിശ്രമ ജീവിതത്തിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.

രണ്ടു തവണ ബംഗാളിലെ ബെഹാല (വെസ്റ്റ്) മണ്ഡലത്തിൽ നിന്നും നിയമസഭാംഗമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1991, 2001 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലാണ് അദ്ദേഹം വിജയിച്ചത്. 1935-ൽ ജനിച്ച നിർമൽ മുഖർജി ആദ്യ കാലത്ത് സിപിഐയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് പാർട്ടി പിളർന്ന് സിപിഎം രൂപീകൃതമായപ്പോൾ മുഖർജിയും ചുവടുമാറ്റി. 1985-ൽ കോൽക്കത്ത മുൻസിപ്പൽ കോർപ്പറേഷൻ കൗണ്‌സിലറായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ബംഗാൾ ഇടത് സഖ്യത്തിന്റെ ചെയർമാൻ ബിമൻ ബോസും സിപിഎം ബംഗാൾ ഘടകം സംസ്ഥാന സെക്രട്ടറി സുർജയ കാന്ത് മിശ്രയും മരണത്തിൽ അനുശോചനം രേഖപ്പെടുത്തി