ന്യൂഡൽഹി: കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തിനെ 'തെരുവു ഗുണ്ട' യെന്നു വിശേഷിപ്പിച്ച കോൺഗ്രസ് നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ നിലപാടുമായി കേന്ദ്രസർക്കാർ രംഗത്ത്. മുതിർന്ന കോൺഗ്രസ് നേതാവ് ഷീലാ ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിതിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.

സംഭവത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മാപ്പു പറയണമെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടു. കോൺഗ്രസ് നിരന്തരം സൈന്യത്തെ പരിഹസിക്കുകയും മനോവീര്യം കെടുത്താൻ ശ്രമിക്കുകയുമാണെന്നും മന്ത്രി ആരോപിച്ചു.

സംഭവത്തെ ഞങ്ങൾ അപലപിക്കുകയാണ്. കോൺഗ്രസ് നേതൃത്വം, സോണിയാ ഗാന്ധി തന്നെ ഇക്കാര്യത്തിൽ പ്രതികരിക്കുകയും സൈന്യത്തെ അപമാനിക്കുന്ന നേതാക്കളെ തള്ളിപ്പറയുകയും വേണം. സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുന്ന വാക്കുകൾ നാണം കെടുത്തുന്നതാണ്. സൈനിക മേധാവിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ എന്നെയും എന്റെ പാർട്ടിയെയും ഞെട്ടിച്ചു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ നിന്നാണ് ഇവ വരുന്നത്. അറുപത് വർഷം രാജ്യത്തെ ഭരിച്ച പാർട്ടിയാണ് കോൺഗ്രസ് -നിർമല സീതാരാമൻ പറഞ്ഞു.

കരസേനാ മേധാവി തെരുവു ഗുണ്ടകളെപ്പോലെ പ്രസ്താവനകൾ നടത്തുന്നതു ശരിയല്ലെന്നായിരുന്നു സന്ദീപിന്റെ പ്രസ്താവന. സന്ദീപിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമർശനം ഉയർന്നതോടെ കോൺഗ്രസ് ഇതിനെ അപലപിച്ച് രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് സന്ദീപ് ദീക്ഷിത് പിന്നീടു ക്ഷമാപണം നടത്തി.