മുംബൈ: ആഗോള സമ്പദ്‌വ്യവസ്ഥയിലെ തിളങ്ങുന്ന നക്ഷത്രമായി വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജന് അതിൽ അത്ര വിശ്വാസമില്ല. കാഴ്ചയില്ലാത്തവരുടെ നാട്ടിൽ ഒറ്റക്കണ്ണൻ രാജാവാകുന്നതുപോലെയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കിട്ടുന്ന സ്വീകാര്യതയെന്ന് അദ്ദേഹം പറയുന്നു. ഏതായാലും ഈ ഒറ്റ പ്രസ്താവനയോടെ കേന്ദ്ര സർക്കാരിന്റെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ് റിസർവ് ബാങ്ക് ഗവർണർ.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റിസർവ് ബാങ്ക് ഗവർണർ ആയി ചുമതലയേറ്റ രഘുറാം രാജൻ ഇപ്പോഴും തൽസ്ഥാനത്ത് തുടരുകയാണ്. എന്നാൽ ഏറ്റവും പുതിയ വിവാദത്തോടെ ആ സ്ഥാനത്തിന് ഇളക്കം തട്ടിത്തുടങ്ങിയതായാണ് സൂചന. ഒറ്റക്കണ്ണൻ പ്രയോഗം അനുചിതമെന്ന വാദവുമായി കേന്ദ്ര മന്ത്രി നിർമല സീതാരാമൻ രംഗത്തെത്തി.

ആഗോള തലത്തിലുള്ള സാമ്പത്തിക മാന്ദ്യത്തിന്റെ അലയൊലികൾ ഏൽക്കാതെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്നതിൽ രഘുറാം രാജൻ സ്വീകരിച്ച നടപടികൾ വൻതോതിൽ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. ലോകബാങ്കുൾപ്പെടെയുള്ള ഏജൻസികൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്.

എന്നാൽ പൂർണമായും തൃപ്തി ലഭിക്കുന്ന തരത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഇനിയും വളർന്നിട്ടില്ലെന്ന് രഘുറാം രാജൻ പറയുന്നു. കണ്ണില്ലാത്തവരുടെ നാട്ടിൽ ഒറ്റക്കണ്ണൻ രാജാവാകുന്നതുപോലെയാണ് ഇന്ത്യയുടെ അവസ്ഥ. ചില ആഘാതങ്ങൾ അറിയാതിരിക്കാനുള്ള ശേഷിയുണ്ടെങ്കിലും സാമ്പത്തിക മാന്ദ്യത്തിന്റെ എല്ലാ പ്രത്യാഘാതങ്ങളും നേരിടാൻ നാം സജ്ജരായിട്ടില്ല.

അന്താരാഷ്ട്ര നാണ്യനിധിയിലെ സാമ്പത്തിക വിദഗ്ധനായിരുന്ന രഘുറാം രാജന്റെ പ്രസ്താവനയെ തെറ്റായ വാക്കുകളുടെ പ്രയോഗമെന്നാണ് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ വിശേഷിപ്പിച്ചത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ശ്രദ്ധേയമായ പദ്ധതികളാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവ് നൽകിയത്. വിദേശ നിക്ഷേപം ഉയരുകയും നിർമ്മാണ മേഖലയിൽ ഉണർവ് പ്രകടമാവുകയും ചെയ്തു. ഇതൊന്നും പരിഗണിക്കാതെ അനുചിതമായ വാക്കുകൾ പ്രയോഗിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.