ന്യൂഡൽഹി: റഷ്യൻ നിർമ്മിത യുദ്ധ വിമാനമായ സുഖോയ് വിമാനത്തിൽ പറന്നുയർന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ. സുഖോയ് 30 വിമാനത്തിലാണ് കേന്ദ്രമന്ത്രി പറന്നത്. ജോധ്പൂരിലെ വ്യോമസേനാ കേന്ദ്രത്തിൽ നിന്നായിരുന്നു നിർമലയുടെ പറക്കൽ. 45 മിനിട്ട് പറന്നതിന് ശേഷം തിരികെ ഇറങ്ങി.

മുൻ രാഷ്ട്രപതിമാരായ പ്രതിഭാ പാട്ടീൽ, ഡോ.എ.പി.ജെ.അബ്ദുൾ കലാം എന്നിവരും സുഖോയ് വിമാനത്തിൽ യാത്ര നടത്തിയിരുന്നു്. 2003ൽ പ്രതിരോധ മന്ത്രിയായിരിക്കെ ജോർജ് ഫെർണാണ്ടസാണ് ആദ്യമായി സുഖോയ് വിമാനത്തിൽ പറന്ന വി.ഐ.പി. 2016 മേയിൽ കേന്ദ്ര മന്ത്രി കിരൺ റിജിജുവും സുഖോയിൽ യാത്ര ചെയ്തു.

ഇന്ത്യയുടെ പ്രഥമ വനിതാ പ്രതിരോധ മന്ത്രിയെന്ന നിലയിൽ നിർമ്മല സീതാരാമൻ സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങൾക്കൊപ്പവും സമയം ചെലവിടുന്നുണ്ട്. ഇവയുടെ പ്രവർത്തന രീതികളും മറ്റും മനസിലാക്കുന്നതിന് കൂടിയായിരുന്നു ഇത്. അടുത്തിടെ മിഗ് 29 വിമാനങ്ങളുടെ അഭ്യാസം അറബിക്കടലിൽ ഐ.എൻ.എസ് വിക്രമാദിത്യ എന്ന കപ്പലിൽ നിന്ന് നിർമല വീക്ഷിച്ചിരുന്നു.