തൃശൂർ: ഗേറ്റ് തുറക്കാൻ വൈകി എന്ന കാരണത്താൽ സെക്യൂരിറ്റി ജീവനക്കാരനെ കാർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച നിസാം ചില്ലറക്കാരനല്ല. തമിഴ്‌നാട്ടിലെ ബീഡി വ്യവസായി ആണ്. എല്ലാവർക്കും അറിയാവുന്ന കിങ്‌സ് ബിഡി ഗ്രൂപ്പിന്റെ ഉടമ. വിവാദങ്ങൾ നിസാമിന് പുത്തരിയല്ല. ആരേയും വിലക്ക് വങ്ങി എന്തും സാധിക്കാൻ കഴിവുള്ള ഉന്നത ബന്ധങ്ങളുള്ള വ്യവസായി. ഇതൊക്കെ തന്നെയാണ് സെക്യൂരിറ്റിക്കാരനെതിരായ ആക്രമത്തിന് പിന്നിലെ മാനസികാവസ്ഥയ്ക്കും കാരണം. കാറുകളോടാണ് പ്രിയം. 26 ആഡംബരക്കാറുകൾ ഉള്ള മുതലാളി.

പണവും സ്വാധീനവുമുണ്ടെന്ന ഹുങ്കിൽ മറ്റുള്ളവരോട് എന്തുമാകാമെന്ന തരത്തിൽ ജീവിക്കുന്ന വ്യക്തിയാണ് മുഹമ്മദ് നിസാമെന്ന് ഇയാൾക്കെതിരെ മുമ്പുണ്ടായിട്ടുള്ള കേസുകൾ വ്യക്തമാക്കുന്നുണ്ട്. ഏഴ് വയസുകാരനായ മകനെ ആഡംബർ കാർ ഓടിപ്പിച്ചതിന് ഇയാൾക്കെതിരെ നേരത്തെ കേസെടുത്തിട്ടുണ്ട്. മകനെക്കൊണ്ടു കാറോടിപ്പിച്ച് ആ ദൃശ്യങ്ങൾ ഇയാൾ ഫേസ്‌ബുക്കിലിട്ടിരുന്നു.

വാഹനപരിശോധന നടത്തിയ വനിതാ പൊലീസുകാരിയെ തെറി വിളിച്ച കേസും ഇയാൾക്കെതിരെയുണ്ട്. വനിതാ പൊലീസുകാരി വാഹന പരിശോധനയ്‌ക്കെത്തിയപ്പോൾ ജീപ്പിനുള്ളിൽ പൂട്ടിയിട്ടാണ് ഇയാൾ തെറിവിളിച്ചത്. ഇത്തരത്തിൽ പത്തിലധികം കേസുകളാണ് നിസാമിനെതിരെയുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യ വിരുദ്ധ പ്രവൃത്തിയിൽ ഏർപ്പെടുന്നവർക്കെതിരെയുള്ള കാപ്പാ നിയമം ചുമത്തിയതെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ഇതിൽ നിന്നും നിസാം ഊരുമെന്ന് ഏല്ലാവർക്കും അറിയാം. കാപ്പയല്ല എന്തുണ്ടെങ്കിലും ഈ ഉന്നതനെ രക്ഷിക്കാൻ ഉന്നതതല ഇടപെടലുകൾ ഉടൻ എത്തുമെന്നാണ് ചരിത്രം നൽകുന്ന പാഠം.

കിങ്‌സ് ഗ്രൂപ്പ് എംഡിയായ മുഹമ്മദ് നിസാമിന്റെ ആക്രമണത്തിന് ഇരയായത് തൃശൂരിലെ പ്രമുഖ ഫഌറ്റ് സമുച്ചയമായ ശോഭ സിറ്റിയുടെ സെക്യൂരിറ്റി ജീവനക്കാരൻ കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസാണ്. ഏഴു കോടിയോളം രൂപ വിലവരുന്ന ഹമ്മർ ജീപ്പിലാണ് ഇയാൾ ശോഭാ സിറ്റിയുടെ പ്രധാന കവാടത്തിലെത്തിയത്. ഹോൺ അടിച്ചയുടനെ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് തുറന്നില്ലെന്നു പറഞ്ഞ് തട്ടിക്കയറി. ഗേറ്റ് തുറക്കാൻ വൈകിയതിൽ ക്ഷുഭിതനായി ചന്ദ്രബോസിനെ ആദ്യം നിലത്തിട്ട് തല്ലിച്ചതയ്ക്കുകയായിരുന്നു നിസാം.മറുത്തൊന്നും പറയാനോ ചെയ്യാനോ ആകാതെ ജീവനക്കാരൻ ഓടി രക്ഷപെടാൻ ശ്രമിച്ചു. ഇയാളെ ആഡംബരകാർ കൊണ്ട് ഇടിച്ചുവീഴ്‌ത്തി. മതിലിനോടു ചേർത്തിടിച്ചു.

ഇടിയേറ്റു അവശനായി നിലത്തുവീണ ചന്ദ്രബോസിനെ ഇയാൾ വലിച്ചിഴച്ചു കാറിൽ കയറ്റി. തുടർന്ന് പാർക്കിങ് ഏരിയയിൽ എത്തിച്ച് കമ്പുകൊണ്ട് ക്രൂരമായി മർദ്ദിച്ചു. വീട്ടിൽ ഭാര്യയോടു തോക്കെടുത്തുവരാനും ഇതിനിടെ ഇയാൾ നിർദ്ദേശം നൽകി. പുലർച്ചെ മൂന്നരയോടെ നിസാം ഫഌറ്റിലെത്തിയപ്പോഴായിരുന്നു സംഭവം. നട്ടെല്ലിനും തലക്കും ഗുരുതര പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തൃശൂർ പുഴയ്ക്കൽ പാടത്തെ ശോഭാ സിറ്റിയിലെ വില്ലയിൽ താമസിക്കുന്ന മുഹമ്മദ് നിസാമിന് ഒഡിയും ബിഎംഡബ്ല്യൂവും അടക്കം 26 ആഡംബരക്കാറുകളാണ് ഉള്ളത്. കിങ്‌സ് ബിഡി കമ്പനിക്ക് അപ്പുറം വിദേശത്തും സ്ഥാപനങ്ങളുണ്ട്. കാറുകൾ വാങ്ങിക്കൂട്ടുന്നതിനിടെ മകനെ ഡ്രൈവിങ്ങും പഠിപ്പിച്ചു. സാഹസികമായി എട്ടുവയസ്സുകാരന്റെ കാറോടിക്കൽ എങ്ങനെയോ യൂ ട്യൂബിലെത്തി. ലൈസൻസില്ലാത്ത കുട്ടിയെക്കൊണ്ട് വാഹനം ഓടിപ്പിച്ചതിന് പൊലീസ് കേസെടുത്തു. ഇടിക്കട്ട കൊണ്ട് ഒരാളെ മുഖത്തടിച്ച കേസിലും പ്രതിയാണ്. അറസ്റ്റ് ചെയ്താലും പൊലീസിനെ വെല്ലുവിളിക്കുന്നതു പതിവാണ്. ഇന്നലെ പൊലീസ് സ്‌റ്റേഷനിൽ എത്തിയ ഫോട്ടോഗ്രാഫർമാരോടും നിസാം തട്ടിക്കയറി.

അതിനിടെ സെക്യൂരിറ്റിക്കാരനെ കൊല്ലാൻ ശ്രമിച്ച കേസ് ഒത്തുതീർക്കാൻ മുസ്ലിംലീഗ് നേതാക്കളും ഒരു എംപിയും മന്ത്രിയും അടക്കമുള്ളവർ ഇടപെട്ടതായി ആരോപണമുണ്ട്. ചികിത്സയിലായിരുന്ന ചന്ദ്രബോസിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുവാൻ ചില പൊലീസുകാരുടെ ഒത്താശയോടെ നീക്കം നടത്തിയെങ്കിലും ബന്ധുക്കൾ വിസമ്മതിച്ചു. രോഗിയെ തൃശൂരിൽ നിന്നു മാറ്റിയ ശേഷം പ്രശ്‌നം ഒതുക്കിത്തീർക്കാനായിരുന്നു ശ്രമം.

നിയമവ്യവസ്ഥയെ നിരന്തരം വെല്ലുവിളിക്കുന്ന പ്രകൃതക്കാരനാണ് നിസാം. പൊലീസ് രേഖകൾ പ്രകാരം ഇയാൾ പത്തോളം കേസുകളിൽ പ്രതിയാണ്. രണ്ടു വർഷം മുമ്പ് നഗരമധ്യത്തിൽ വാഹനപരിശോധനയ്ക്കിടെ വനിതാ എസ്.ഐയെ ഇയാൾ വിദേശകാറിൽ ബന്ദിയാക്കിയത് വൻ വാർത്താപ്രാധാന്യം നേടിയിരുന്നു. രാത്രി സ്വകാര്യ ചടങ്ങിൽ പങ്കെടുത്തു മദ്യപിച്ച നിസാമിന്റെ വാഹനം തടഞ്ഞു പരിശോധിച്ചതായിരുന്നു പ്രകോപനം. മദ്യപിച്ചാണു വാഹനമോടിച്ചതെന്നു കണ്ടെത്തി നിയമനടപടിക്കു തുനിഞ്ഞ എസ്.ഐയോടു നിസാം ആക്രോശിച്ചു. തുടർന്ന് എസ്.ഐയെ വാഹനത്തിൽ കയറ്റിയ ശേഷം ഡോർ ലോക്ക് ചെയ്ുകയയായിരുന്നു. തുറക്കാൻ തയാറാകാതെ പൊലീസിനെ അസഭ്യം പറയുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്തതിന് നിസാമിനെതിരേ കേസുണ്ട്.

പത്തു മിനിറ്റോളം സിനിമാസ്‌റ്റൈലിൽ വെല്ലുവിളിച്ച ശേഷമാണ് ഇയാൾ പൊലീസ് ഉദ്യോഗസ്ഥയെ മോചിപ്പിച്ചത്. ഇതിനിടെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പിന്നീട് കാർ ടൗൺ ഈസ്റ്റ് സ്‌റ്റേഷനിലേക്ക് എത്തിച്ചപ്പോൾ ഇത്ര വിലകൂടിയ വാഹനം ഇവിടെയിടാനാകുമോ എന്നും വെല്ലുവിളിച്ചു.