തൃശൂർ: ചന്ദ്രബോസ് കൊലക്കേസിലെ കുറ്റപത്രം ഈമാസം തന്നെ സമർപ്പിക്കും. അതിനിടെ കേസിലെ പ്രതിയായ വിവാദ വ്യവസായി മുഹമ്മദ് നിസാമിനെ വിയ്യൂർ ജയിലിൽ നിന്ന് കണ്ണൂർ സെന്റട്രൽ ജയിലിലേക്ക് മാറ്റി. കാപ്പ ചുമത്തിയ സാഹചര്യത്തിലാണ് ഇത്. ഞായറാഴ്ച വൈകിട്ട് മൂന്നേകാലോടെയാണ് കണ്ണൂരിലെത്തിച്ചത്. വധശിക്ഷ കാത്തുകിടക്കുന്ന ഗോവിന്ദച്ചാമിയുടെ സെല്ലിലാണ് നിസാമിനെ അടച്ചത്. ഗോവിന്ദച്ചാമിയെ മറ്റൊരു സെല്ലിലേക്ക് മാറ്റി.

കുറ്റപത്രം നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ മേൽനോട്ടത്തിനായി സ്‌പെഷൽ പ്രോസിക്യൂട്ടർ സി.പി. ഉദയഭാനു തൃശൂരിലെത്തി. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലായി കേസ് ഡയറി പരിശോധിക്കുമെന്നും ഇതിനായി അന്വേഷണ ഉദ്യോഗസ്ഥരെ കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണ സംഘത്തിലെ എല്ലാവരുമായും ചർച്ച നടത്തുകയും രേഖകൾ പരിശോധിക്കുകയും ചെയ്തു. കൃത്യം നടന്ന ശോഭാ സിറ്റിയും പേരാമംഗലം പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച അക്രമത്തിനുപയോഗിച്ച ജീപ്പും പരിശോധിച്ചു.

പിന്നീട് മണലൂരിലെ കാരമുക്കിൽ ചന്ദ്രബോസിന്റെ വസതിയിലത്തെി കുടുംബാംഗങ്ങളെയും കണ്ടു. അന്വേഷണത്തെ ബാധിക്കുന്ന രീതിയിൽ ഉദ്യോഗസ്ഥൻ പ്രവർത്തിച്ചത് കണ്ടുപിടിക്കൽ പ്രോസിക്യൂട്ടറുടെ ചുമതലയല്ലെന്നും അത്തരം സംശയം സമൂഹത്തിലുണ്ടാവാനിടയാക്കിയ സാഹചര്യം പരിശോധിക്കപ്പെടേണ്ടതാണെന്നും ഉദയഭാനു പറഞ്ഞു. ശക്തമായ സാഹചര്യ തെളിവുകൾ ഉണ്ടെന്നിരിക്കെ മരണമൊഴി ഇല്ലാത്തത് കേസിനെ ബാധിക്കണമെന്നില്ല. സാഹചര്യ തെളിവുകൾ ഇല്ലെങ്കിലാണ് മരണമൊഴി നിർണായകമാവുന്നത്. ചന്ദ്രബോസ് കേസിന്റെ രേഖകൾ പ്രാഥമികമായി പരിശോധിച്ചപ്പോൾ മനസ്സിലായത് മരണമൊഴി നിർണായകമായി മാറാനിടയില്ലെന്നാണ്. ആക്രമണസമയത്ത് ധരിച്ച വസ്ത്രം നിർണായക തെളിവാണോ എന്നും മറ്റുതെളിവുകൾ പരിശോധിച്ചേ പറയാനാവൂവെന്നും അദ്ദേഹം പറഞ്ഞു.

കാപ്പാ നിയമം ചുമത്തിയതു കൊണ്ട് സ്വന്തം ജില്ലയിലെ ജയിലിൽ നിസാമിനെ പാർപ്പിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് കണ്ണൂരിലേക്ക് മാറ്റിയത്. പത്താം ബ്ലോക്കിലെ ആദ്യകെട്ടിടത്തിലെ ഒന്നാംനമ്പർ സെല്ലിലാണ് നിസാമിനെ അടച്ചിട്ടുള്ളത്. പ്രത്യേക നിരീക്ഷണം ആവശ്യമുള്ള തടവുകാരെയാണ് ഇവിടെ താമസിപ്പിക്കുക. സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ ഇതേ ബ്ലോക്കിലെ രണ്ടാംനമ്പർ സെല്ലിലേക്കാണ് മാറ്റിയത്. ചന്ദ്രബോസ് വധക്കേസ് അടക്കം മൂന്നു കേസുകളാണ് നിസാമിന്റെ പേരിലുള്ളത്. വനിതാ എസ്.ഐ.യെ ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ തൃശ്ശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്), അപകടകരമായ വിധം വാഹനം ഓടിച്ചതിനും പൊലീസുകാരെ ഭീഷണിപ്പെടുത്തിയതിനും ബെംഗളൂരു കബൻ പാർക്ക് അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് കോടതി എന്നിവയുടെ വാറൻഡും കാപ്പ ചുമത്തിയതിന്റെ വിവരങ്ങളും ജയിലധികൃർക്ക് കൈമാറി.

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഇയാളെ മാറ്റാനുള്ള സർക്കാർ ഉത്തരവും തൃശ്ശൂർ മജിസ്‌ട്രേറ്റിന്റെ ഉത്തരവും ജയിലധികൃതർക്ക് കൈമാറിയിട്ടുണ്ട്. പത്താം ബ്ലോക്കിൽ നാലുകെട്ടിടങ്ങളിലായി 68 സെല്ലുകളാണുള്ളത്. ഇതിൽ ജയിൽ ഓഫീസിനടുത്തുള്ള കെട്ടിടത്തിലെ ആദ്യസെല്ലിലാണ് നിഷാമുള്ളത്. കണിച്ചുകുളങ്ങര വധക്കേസിലെ പ്രതി ഉണ്ണി, ഗോവിന്ദച്ചാമി എന്നിവരാണ് ഈ ബ്ലോക്കിലെ മറ്റുള്ളവർ. ഒപ്പം, വിവിധ ജയലിൽനിന്ന് തടവുചാടി പിടിക്കപ്പെട്ട എഴുപേരും ഗുണ്ടാനിയമപ്രകാരം അറസ്റ്റിലായ നാലുപേരും ഈ ബ്ലോക്കിലാണുള്ളത്.

രാവിലെ പത്തുമണിയോടെയാണ് വിയ്യൂർ ജയിലിൽ നിന്ന് നിസാമിനെ കൊണ്ടുപോയത്. എആർ ക്യാംപിൽ നിന്നും പൊലീസ് വാനും 14 പൊലീസുകാരെയും ഇതിനായി വിട്ടുകൊടുത്തിരുന്നു. എസ്‌ഐ, എഎസ്‌ഐ, മൂന്ന് സീനിയർ പൊലീസ് ഓഫിസർമാരടക്കമായിരുന്നു 14 പൊലീസുകാർ. കാപ്പ സ്റ്റേറ്റ് അഡ്വൈസറി ബോർഡ് അധികൃതരിൽ നിന്നും ലഭ്യമായ വിവരമനുസരിച്ചു കാപ്പ ആക്റ്റിൽ സ്വന്തം ജില്ലയിൽ നിന്നു പ്രതിയെ മാറ്റണമെന്നു പറയുന്നില്ല. എന്നാൽ, സർക്കാർ നയത്തിന്റെ ഭാഗമായി കാപ്പ കുറ്റവാളികളെ സ്വന്തം ജില്ലയിൽ നിന്നും തൊട്ടടുത്ത ജില്ലയിലെ സെൻട്രൽ ജയിലിലേക്കു മാറ്റുന്നുണ്ട്. ഇതനുസരിച്ചാണ് നിസാമിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റിയത്.

വിചാരണ തുടങ്ങിക്കഴിഞ്ഞാൽ കണ്ണൂരിൽ നിന്നുള്ള യാത്രയും സുരക്ഷാ സംബന്ധമായ പ്രശ്‌നങ്ങളും സംബന്ധിച്ച് ജയിലധികൃതർ അപ്പോൾ നടപടി കൈക്കൊള്ളുമെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. നിശാന്തിനി പറഞ്ഞു.