തൃശൂർ: സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ ഏതുവിധേനയും ജയിലിന് പുറത്തുകൊണ്ടു വരാൻ ബന്ധുക്കൾ സജീവമായി രംഗത്ത്. നിസാമിന്റെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതിയുടെ പരിഗണനയിലിരിക്കവേ പ്രതിയുടെ പിതൃസഹോദരൻ ജില്ലാ പബ്ലിക് പ്രൊസിക്യൂട്ടറുടെ ഓഫിസിലെത്തി സർക്കാർ അഭിഭാഷകനെ സ്വാധീനിക്കാൻ ശ്രമിച്ചു. ഇക്കാര്യം ജില്ലാ പബ്ലിക് പ്രൊസിക്യൂട്ടർ കെ.ബി. രണേന്ദ്രനാഥ് സ്ഥിരീകരിക്കുകയും ചെയ്തു.

നിസാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ദിവസം സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസ് മരിച്ചതോടെ കേസിൽ വിധി പറയുന്നതു കോടതി മാറ്റിവയ്ക്കുകയായിരുന്നു. കേസിൽ നിസാമിനു ജാമ്യം അനുവദിക്കാതിരിക്കാൻ പബ്ലിക് പ്രൊസിക്യൂട്ടർ കോടതിയിൽ ശക്തമായി വാദിക്കുകയും ചെയ്തു. കോടതിയിലേക്കിറങ്ങുന്നതിനു മുൻപു സ്വയം പരിചയപ്പെടുത്താൻ ശ്രമിച്ചു നിസാമിന്റെ പിതൃസഹോദരൻ എത്തിയതായാണ് ജില്ലാ പബ്ലിക് പ്രൊസിക്യൂട്ടർ കെ.ബി. രണേന്ദ്രനാഥ് പറയുന്നത്. പക്ഷേ താൻ സംസാരിച്ചില്ല. ഇതിനു കേസ് അന്വേഷിക്കുന്ന പേരാമംഗലം സിഐ പി.സി. ബിജുകുമാർ അടക്കമുള്ളവർ സാക്ഷികളാണെന്നും രണേന്ദ്രനാഥ് പറഞ്ഞു.

അതേസമയം, പൊലീസ് കസ്റ്റഡിയിലായ നിസാമിനെ തൃശൂർ മുൻ പൊലീസ് കമ്മിഷണർ രഹസ്യമായി സന്ദർശിച്ച് ചർച്ച നടത്തിയതും വിവാദമായി. ഈ മാസം പത്തിന് വൈകിട്ട് മൂന്നാണ് അടച്ചിട്ട മുറിയിൽ ചർച്ച നടന്നത്. ഒന്നര മണിക്കൂറോളം ഇരുവരും ചർച്ച നടത്തി. അന്വേഷണ ഉദ്യോഗസ്ഥരെ മുഴുവൻ മാറ്റിനിർത്തിയ ശേഷമായിരുന്നു കൂടിക്കാഴ്ച. നിസാം ചില നിർദ്ദേശങ്ങൾ കമ്മിഷണർക്കു മുമ്പാകെ വച്ചുവെന്നും റിപ്പോർട്ടുണ്ട്. തന്റെ ഭാര്യ അമലിനെതിരെ കേസെടുക്കരുത്, തന്റെ കൈവശമുള്ള തോക്ക് പിടിച്ചെടുക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളാണ് മുന്നോട്ടുവച്ചതെന്ന് സൂചനയുണ്ട്. കാപ്പ അടക്കമുള്ള നിയമങ്ങൾ നിസാമിന് മേൽ ചുമത്താത്തതും ഇതുകൊണ്ടാണെന്നാണ് വിമർശനം

എന്നാൽ കേസിന്റെ അന്വേഷണം നേരായ ദിശയിലാണെന്നും ഇടപെടാൻ ആരെയും അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചൂ. പൊലീസല്ല, പട്ടാളം വന്നാലും അന്വേഷണത്തിൽ ഇടപെടാൻ പറ്റില്ല. പഴുതടച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. നിസാമുമായി പൊലീസ് രഹസ്യ കൂടിക്കാഴ്ച നടത്തിയോ എന്നതും അന്വേഷണത്തിൽ ഉൾപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു. അതിനിടെ നിസാനിനെ കണ്ടത് മുൻ കമ്മീഷണർ ജേക്കബ് ജോബും ശരിവച്ചു. എന്നാൽ കേസന്വേഷണത്തിനിടെ നിസാമിനെ ഗോവിയിൽ കൊണ്ടു പോയിരുന്നു. പൊലീസ് സുഖവാസ സൗകര്യം ഒരുക്കിയെന്നും പരാതി വന്നു. ഇതേ പറ്റി തിരക്കാനാണ് നിസാമിനെ കണ്ടതെന്നാണ് ജേക്കബ് ജോബിന്റെ വിശദീകരണം.

നിസാമിനെതിരായ മുൻകാല കേസുകൾ കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കിയതിൽ വിശദീകരണവുമായി പ്രോസിക്യുഷൻ ഡയറക്ടർ ജനറൽ ടി.ആസിഫലിയും രംഗത്ത് വന്നു. കേസുകൾ ഒത്തുതീർപ്പാക്കിയതിൽ പ്രോസിക്യുഷന് വീഴ്ച വന്നിട്ടില്ല. വാദിയും പ്രതിയും ഒത്തുതീർപ്പിലെത്തിയാൽ കേസ് റദ്ദാക്കാമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. ഇതുപ്രകാരമാണ് കേസുകൾ ഒത്തുതീർപ്പിൽ എത്തിയത്. പരാതിയില്ലെന്ന് കാണിച്ച് വാദി തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഒരു കേസ് മാത്രമാണ് ഇത്തരത്തിൽ അവസാനിച്ചത്. വ്യക്തികൾ തമ്മിലുള്ള പ്രശ്‌നമായ കേസുകളാണ് ഇത്തരത്തിൽ ഒത്തുതീർപ്പിന് പരിഗണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.