തൃശൂർ: ചന്ദ്രബോസ് കൊലപാതകത്തിലെ പ്രതി നിസാമിനെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നവെന്ന് പരാതിയുമായി സിബഐ അന്വേഷണമെന്ന ആവശ്യമുന്നയിക്കാൻ നീക്കം. മരിച്ച ചന്ദ്രബോസിന്റെ കുടുംബമാകും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകുക. കേസിൽ വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനുള്ള പൊലീസിന്റെ നീക്കം പോലും സിബിഐ അന്വേഷണത്തെ അട്ടിമറിക്കാനാണെന്നാണ് വിവരം. നിസാമിനെതിരെ സിബിഐ അന്വേഷണം വന്നാൽ അയാളുടെ സാമ്പത്തിക സ്രോതസ് അടക്കമുള്ളവ പുറത്തുവരും. അത് കൂടുതൽ നിയമപ്രശ്‌നങ്ങളുമുണ്ടാക്കും. മയക്കുമരുന്ന്-കഞ്ചാവ് മാഫിയയും പ്രതിക്കൂട്ടിലെത്തും. ഇതെല്ലാം കണക്കിലെടുത്താണ് മാർച്ച് 15ന് മുമ്പ് കുറ്റപത്രം നൽകാനുള്ള നീക്കം.

ഒരു കേസിൽ കുറ്റപത്രം നൽകി കഴിഞ്ഞാൽ സിബിഐ അന്വേഷണമെന്ന ആവശ്യത്തെ നിരാകരിക്കാൻ കോടതികൾ തയ്യാറാവുകയാണ് പതിവ്. ഇതു മനസ്സിലാക്കിയാണ് വേഗത്തിൽ കുറ്റപത്രം നൽകാൻ പൊലീസ് ശ്രമിക്കുന്നതെന്നാണ് സൂചന. അതിലൂടെ പ്രോസിക്യൂഷൻ നടപടികളിൽ ഇടപെടലുകൾ സാധ്യമാകും. മികച്ച അഭിഭാഷകരുടെ സഹായത്തോടെ ചന്ദ്രബോസിന്റെ മരണം വാഹനാപകടമാക്കാനും കഴിയും. മറിച്ച് കേസ് സിബിഐയ്ക്ക് വിട്ടാൽ കാര്യങ്ങൾ മാറി മറിയും. നിസാമിനെതിരെ കുറ്റപത്രം നൽകിയാൽ സിബിഐ അഭിഭാഷകരാകും കേസ് വാദിക്കുക. അവരെ സ്വാധീനിച്ച് കേസിൽ നിന്ന് ഊരിപോവുക അസാധ്യവുമാകും. ഇതിനായുള്ള ഗൂഢാലോചന അണിയറയിൽ സജീവമാകും.

അന്വേഷണ സംഘത്തിലെ ചിലർ നിസാമിനെ വി.ഐ.പിയെ പോലെ പരിഗണിക്കുന്നതായാണ് പരാതി. നിഷാം ദൂതൻ വഴി സ്വാധീനിക്കാൻ ശ്രമിച്ചതായും ബന്ധുക്കൾ അവർ വെളിപ്പെടുത്തി. നിസാം അറസ്റ്റിലായ ആദ്യദിവസം മുതൽ അന്വേഷണ സംഘത്തിലെ ചിലർ സഹായിക്കുന്നൂവെന്നാണ് ബന്ധുക്കളുടെ പരാതി. പൊലീസ് സ്റ്റേഷനിലും തെളിവെടുപ്പിനിടയിലും നിസാമിനെ വി.ഐ.പിയെ പോലെയാണ് പരിഗണിച്ചത്. ഇതിനെതിരെ തുടക്കത്തിലെ പരാതി പറഞ്ഞെങ്കിലും ആരും കാര്യമായെടുത്തില്ല. തെളിവെടുപ്പിനിടെ നിസാമിന്റെ ബന്ധുക്കളുടെ മുന്നിൽ തങ്ങളെ അപമാനിച്ചതായും പരാതിപ്പെടുന്നു. ഈ സാഹചര്യത്തിൽ നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. നിസാമിന്റെ ജീവനക്കാരൻ ആശുപത്രിയിലെത്തി സ്വാധീനിക്കാൻ ശ്രമിച്ചെന്നും ചികിത്സ ചെലവ് വാഗ്ദാനം ചെയ്‌തെന്നും ബന്ധുക്കൾ വെളിപ്പെടുത്തി. ചന്ദ്രബോസ് ആക്രമിക്കപ്പെട്ടതിന്റെ മൂന്നാം ദിവസമായിരുന്നു ഈ നീക്കം.

അതിനിടെ പൊലീസിൽ നിസാമിനായി ഒത്തുകളി വ്യാപകമാണെന്ന ആക്ഷേപവുമായി നിസാമിന്റെ ബന്ധുക്കൾ രംഗത്ത് എത്തി. അന്വേഷണത്തിൽ ചന്ദ്രബോസിന്റെ കുടുംബത്തിന്റെ വിശ്വാസം നേടാൻ നിസാമിനെ മർദ്ധിക്കുന്നതു പോലെ പൊലീസുകാർ അഭിനയിച്ചു എന്നാണ് പരാതി. ബിനൻ എന്ന പൊലീസുകാരനാണ് ഇതിന് പിന്നിലെന്നും പറയുന്നു. പേരാമംഗലം പൊലീസ് സ്‌റ്റേഷനു സമീപമുള്ള വാഴത്തോട്ടത്തിൽ വിളിച്ച് വരുത്തിയാണ് നിസാമിനെ ഇടിക്കുന്ന ശബ്ദം കേൾപ്പിച്ചതെന്നാണ് ചന്ദ്രബോസിന്റെ അനുജന്റെ വെളിപ്പെടുത്തൽ. നിസാമിനെ രക്ഷിക്കാൻ പൊലീസിലെ ചിലർ ശ്രമിക്കുന്നുണ്ടെന്ന് മുൻ കമ്മീഷണർ ജേക്കബ് ജോബ് പറഞ്ഞിരുന്നു. തുടർന്ന് ചില ചാനലുകൾ ഈ പൊലീസുകാരുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു. ഇതോടെയാണ് നിസാമിനെ മർദ്ധിച്ചതിലെ ചതി ചന്ദ്രബോസിന്റെ ബന്ധുക്കൾ തിരിച്ചറിഞ്ഞത്.

ചന്ദ്രബോസിന് പരിക്കേറ്റ ദിവസം വീട്ടുകാരെ ഭീഷണിപ്പെടുത്തുന്ന തരത്തിലാണ് ബിനൻ പെരുമാറിയത്. എന്നാൽ സംഭവം മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ കാര്യങ്ങൾ മാറി. നേരത്തെ ഭീഷണിപ്പെടുത്തിയ പൊലീസുകാരൻ ചന്ദ്രബോസിന്റെ അനുജനെ വിളിച്ചു വരുത്തി. പേരാമംഗലം പൊലീസ് സ്‌റ്റേഷനിലെ പിറകിലെ വാഴത്തോട്ടത്തിൽ നിറുത്തി. തുടർന്ന് ഒരു പൊലീസുകാരൻ നിസാമിനെ മർദ്ധിക്കുന്ന ശബ്ദമുണ്ടാക്കി. ഈ സമയം മറ്റൊരു പൊലീസുകാരൻ ഇടികൊണ്ട് നിസാം കരയുന്ന ശബ്ദവും അഭിനയിച്ചു. ഈ കളി പൊളിഞ്ഞതോടെയാണ് സിബിആ അന്വേഷണമെന്ന ആവശ്യത്തിലേക്ക് ചന്ദ്രബോസിന്റെ കുടുംബ മാറിയത്. പൊലീസ് കുറ്റപത്രം തയ്യാറാക്കിയാലും നിസാമിന് രക്ഷപ്പെടാൻ വേണ്ട പഴുതുകൾ ഉണ്ടാകുമെന്നാണ് അവരുടെ വിലയിരുത്തൽ.

അതിനിടെ ചന്ദ്രബോസ് വധക്കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവാൻ നിസ്സാമിന്റെ ഭാര്യ അമലിന് നോട്ടീസയച്ചു. മൂന്നുദിവസത്തിനുള്ളിൽ ഹാജരാകാനാണ് നോട്ടീസ്. നിസ്സാം ചന്ദ്രബോസിനെ മർദ്ദിച്ചശേഷം ആഡംബര വാഹനത്തിൽ കയറ്റുമ്പോൾ അമലും ഒപ്പമുണ്ടായിരുന്നെന്ന് സാക്ഷികളുടെ മൊഴിയുണ്ടായിരുന്നു. അമൽ, കൊച്ചിയിലെ ബന്ധുവിന്റെ ഫ്ളാറ്റിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. അതേസമയം അനൂപ് ഉൾപ്പടെയുള്ള ദൃക്‌സാക്ഷികളുടെ മൊഴി തൃശൂർ മജിസ്‌ട്രേറ്റ് രേഖപ്പെടുത്താൻ തുടങ്ങി.