തൃശൂർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്തുവിചാരിച്ചാലും അപ്പോൾ നടക്കും. ഇമേജ് ഉണ്ടാക്കലിന്റെ ഭാഗമാണ് ഇതൊക്കെ എന്ന് വിമർശനങ്ങളുണ്ടെങ്കിലും പ്രതീക്ഷയോടെയാണ് മലയാളി ചെന്നിത്തലയുടെ പ്രവർത്തികളെ കണ്ടത്. അഴിമതിക്കാരനായ ടിഒസൂരജിനെതിരായ വിജിലൻസ് അന്വേഷണവും പത്തനംതിട്ട എസ് പിയായിരുന്ന രാഹുൽ ആർ നായർക്കെതിരായ സസ്‌പെൻഷനുമെല്ലാം ഗ്ലാമർ ഉയർത്തി. അങ്ങനെയുള്ള ആഭ്യന്തരമന്ത്രിക്ക് ചന്ദ്രബോസ് വധക്കേസിൽ പിഴയക്കുകയാണ്. പറയുന്നത് ഒന്നും ഇവിടെ നടക്കുന്നില്ല.

നിസാമിനെതിരെ കാപ്പ ചുമത്തുമെന്ന് പറഞ്ഞിട്ട് ഒന്നുമായില്ല. കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ നിയമനവും എങ്ങുമെത്തിയില്ല. ഇതിനൊപ്പമാണ് മറ്റൊരു പ്രഖ്യാപനവും പാഴ് വാക്കാകുന്നത്. മുഹമ്മദ് നിസാമിനെതിരെ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം ഇനിയും ആരംഭിച്ചില്ല. നിസാമിനെതിരെ നേരത്തെയുണ്ടായിരുന്ന കേസുകൾ ഒതുക്കിത്തീർത്ത സംഭവത്തിലായിരുന്നു അന്വേഷണം പ്രഖ്യാപിച്ചിരുന്നത്. കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ കാരമുക്കിലെ വീട് ഫെബ്രുവരി 23നു സന്ദർശിച്ച ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണു പ്രഖ്യാപനം നടത്തിയത്.

പേരാമംഗലം പൊലീസ് സ്‌റ്റേഷനിലെ റൈറ്റർ മുഹമ്മദ് നിസാമിനോട് അഞ്ചു ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണവും വിജിലൻസ് അന്വേഷിക്കുമെന്നു പറഞ്ഞിരുന്നു. നിസാമിനെതിരെ 16 കേസുകൾ ഉണ്ടായിരുന്നു. ഇതെല്ലാം എഴുതി തള്ളി. അതിന് പിന്നിൽ കോഴയുണ്ടെന്നായിരുന്നു ആക്ഷേപം. പൊലീസിലെ ഉന്നതരുടെ ഇടപെടലും സംശയത്തിലായി. പാര്ട്ടി ഭേദമന്യേ നേതാക്കളും കാശ് വാങ്ങി കൂട്ടുനിന്നു. അതുകൊണ്ട് തന്നെ ചന്ദ്രബോസിനെതിരായ വിജിലൻസ് അന്വേഷണം പല വമ്പന്മാരേയും കുടുക്കും. അതുകൊണ്ട് തന്നെ പ്രഖ്യാപനം വാക്കുകളിൽ മാത്രം ഒതുങ്ങി.

അന്വേഷണം സംബന്ധിച്ചു രേഖാമൂലമുള്ള ഉത്തരവിറങ്ങിയിട്ടില്ലാത്തതിനാൽ വിജിലൻസ് സംഘത്തിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനും കഴിയില്ല. പതിനാറോളം കേസുകൾ പ്രോസിക്യൂഷൻ എതിർക്കാതെയും പരാതിക്കാരെ പണം നൽകി സ്വാധീനിച്ചും ഒതുക്കിത്തീർത്തെന്ന പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിക്കുന്നതെന്നായിരുന്നു മന്ത്രി അന്നു പറഞ്ഞത്. കാപ്പയുടെ ഗതി തന്നെയാണ് അതിനും വന്നത്. ഉത്തരവ് ഇന്ന് ഇറങ്ങും നാളെ ഇറങ്ങും എന്ന പ്രതീക്ഷ മാത്രമാണ് അവശേഷിക്കുന്നത്.

ഇതിനിടെ നിസാമിനെതിരെ കാപ്പാ ചുമത്തുന്ന കാര്യത്തിൽ ഇന്നു തീരുമാനമുണ്ടാകുമെന്നു കരുതുന്നു. നിസാം ഒതുക്കിത്തീർത്ത കേസുകളും ഉൾപ്പെടുത്തിയാണു സിറ്റി പൊലീസ് കമ്മിഷണർ ആർ. നിശാന്തിനി കാപ്പാ ചുമത്തുന്നതിനുള്ള അപേക്ഷ നൽകിയിരിക്കുന്നത്. എന്നാൽ ഇതു പരിഗണിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ കലക്ടർ നിയമോപദേശം തേടിയിരിക്കുകയാണ്. കാപ്പാ വിഷയത്തിൽ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി കലക്ടർ മൂന്നു മണിക്കൂറോളം കമ്മിഷണറുമായി ചർച്ച നടത്തിയിരുന്നു.

ഒതുക്കിത്തീർത്ത കേസുകൾ കാപ്പാ ചുമത്തുന്നതിനായി ഉൾപ്പെടുത്താൻ കഴിയില്ല എന്നാണു നിയമോപദേശമെങ്കിൽ പുതിയ റിപ്പോർട്ട് ആവശ്യപ്പെടാനാണു സാധ്യത. അനുകൂലമാണു നിയമോപദേശമെങ്കിൽ കാപ്പാ ചുമത്തിയുള്ള കലക്ടറുടെ ഉത്തരവ് ചൊവ്വാഴ്ചയ്ക്കപ്പുറം നീളില്ലെന്നും കരുതുന്നു.