തൃശൂർ: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസ് ക്രൂരമർദ്ദനത്തിന് ഇരയായി തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളെജിൽ ആശുപത്രിയിൽ ചികിത്സ തേടിയത് 2015 ജനുവരി 29നായിരുന്നു.

അസമയത്ത് ഗേറ്റ് തുറക്കാത്തതിന്റെ പേരിൽ വിവാദ വ്യവസായി മുഹമ്മദ് നിസാം ക്രൂരമായി മർദ്ദിക്കുകയും ഹമ്മർ കാർ ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. പതിനഞ്ചിലധികം മുറിവുകൾ. ആറു വാരിയെല്ലുകൾക്ക് ക്ഷതം. അപ്പോഴും കേസിൽ നിന്ന് പുല്ലുപോലെ ഊരുമെന്ന ഭാവത്തിലായിരുന്നു നിസാം. കിങ് ബിഡി കമ്പനി ഉടമയുടെ സ്വാധീനം അത്രമേൽ ഉണ്ടായിരുന്നു. പണത്തിന് മേൽ പരുന്തും പറക്കില്ലെന്ന് ഉറപ്പിച്ചു. അപ്പോഴേക്കും കേരളത്തിലെ മാദ്ധ്യമ ലോകം ഒന്നാകെ ഉണർന്നു. ചന്ദ്രബോസിന്റെ ഘാതകനെതിരെ സന്ധിയില്ലാ സമരം നടത്തിയത് മറുനാടൻ മലയാളി അടക്കമുള്ള മാദ്ധ്യമങ്ങളായിരുന്നു. ഇതോടെ നെസ്റ്റ് ഗ്രൂപ്പ് ഉടമയുടെ മരുമകൻ കൂടിയായ നിസാമിനെ ആർക്കും രക്ഷിക്കാൻ പറ്റാതെയായി. ഈ ക്രൂരതയെ തുറന്നുകാട്ടാൻ കേരളത്തിലെ എല്ലാ മാദ്ധ്യമങ്ങളും ഒറ്റക്കെട്ടായി എന്നതും എടുത്തു പറയേണ്ടതാണ്.

ചന്ദ്രബോസ് വാഹനമിടിച്ച് ആശുപത്രിയിൽ ആയതിന്റെ തൊട്ടടുത്ത ദിവസം പേരാമംഗലം പൊലീസ് നിസാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആ ദിവസം തന്നെ ചന്ദ്രബോസിനെ ആശുപത്രിയിലെത്തി സന്ദർശിച്ച മുഖ്യമന്ത്രി ചികിത്സാ ചെലവു സർക്കാർ വഹിക്കുമെന്ന് ഉറപ്പുനൽകി. അപ്പോഴും നിസാമിനെ രക്ഷിക്കാനുള്ള നീക്കം സജീവമായിരുന്നു. ചന്ദ്രബോസിന്റെ ജീവന് ഒന്നും സംഭവിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു അതെല്ലാം. വെറുമൊരു വാഹനാപകടമാക്കി എല്ലാം മാറ്റാമെന്നും കരുതി. പക്ഷേ ജാഗ്രതയോടെ മാദ്ധ്യമങ്ങൾ ഇരുന്നതിനാൽ നിസാമിന്റെ അറസ്റ്റും റിമാൻഡുമെല്ലാം വേണ്ടി വന്നു. ഇതിനിടെയിൽ ചന്ദ്രബോസ് മരിക്കുന്നു. പ്രാഥമിക തെളിവുകൾ നശിപ്പിക്കപ്പെട്ടിട്ടും സാക്ഷി മൊഴിയുടെ കരുത്ത് നിസാമിനെ കുടുക്കി. അതു തന്നെയാണ് കേസിൽ നിർണ്ണായകമായതും.

പാതിരാത്രിയാണ് ഹമ്മറുമായി ശോഭ സിറ്റിയിൽ നിസാം എത്തിയത്. ഹോണടിച്ചപ്പോൾ ഡോർ തുറക്കാൻ വൈകി. ഉറക്കത്തിലായിരുന്ന ചന്ദ്രബോസ് വരാൻ വൈകിയതിൽ മുതലാളി പ്രകോപിതനായി. തുടർന്നായിരുന്നു ആക്രമണം. മുമ്പും ഇത്തരം ക്രിമിനൽ കേസുകൾ നിസാമിനെതിരെ ഉണ്ടായിരുന്നു. കാപ്പ ചുമത്താൻ പോന്ന കുറ്റങ്ങൾ. എന്നാൽ തൃശൂരിലെ രാഷ്ട്രീയക്കാരുടെ ഫണ്ട് മോഹം നിസാമിനെ രക്ഷിച്ചു. ആഡംബര കാറുകളിൽ അടിച്ചു പറത്തി നിസാം മുന്നേറി. ചന്ദ്രബോസ് വിവാദത്തിന് ശേഷം കൊച്ചിയിലെ കൊക്കൈൻ കേസിൽ നിസാമിന്റെ പങ്കും ചർച്ചയായി. ബീഡിക്കച്ചവടത്തിന് പുറത്ത് പലതും നിസാമിനുണ്ടെന്നും വ്യക്തമായി. ഇതോടെ മാദ്ധ്യമങ്ങൾ നിസാമിന് പിന്നാലെ നീങ്ങി. വിവാദങ്ങൾ പലതു വന്നപ്പോൾ വിവാദ വ്യവസായിയെ നേതാക്കൾ കൈവിട്ടു.

ചാവക്കാട് സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നിസാം അസുഖം നടിച്ച് മെഡിക്കൽ കോളെജിലെത്തിയതു ഫെബ്രുവരി രണ്ടിന്. വിശദ പരിശോധനയിൽ അസുഖമില്ലെന്ന് കണ്ടതിനാൽ തിരികെ ജയിലിലേക്ക്. ഫെബ്രുവരി മൂന്നിനു നിസാമിനെ വിയ്യൂർ ജയിലിലേക്ക് മാറ്റി. പി.എ. മാധവൻ എംഎൽഎയും തൃശൂർ ഡിസിസി അധ്യക്ഷൻ അബ്ദുറഹ്മാൻ കുട്ടിയും ജയിലിലെത്തി നിസാമിനെ സന്ദർശിച്ചെന്ന വിവാദമുണ്ടായതും അന്ന്. ഫെബ്രുവരി അഞ്ചിനു തെളിവെടുപ്പിന് പേരാമംഗലം പൊലീസ് നിസാമുമായി ബംഗലൂരുവിലേക്ക് പോയി. എട്ടിന് മടങ്ങിയെത്തി. ബംഗലൂരു സന്ദർശന വേളയിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നിസാം ഫോൺ ചെയ്യുന്ന ഫോട്ടോ പുറത്തുവന്നത് ഏറെ കോളിളക്കമുണ്ടാക്കി. പൊലീസ്-നിസാം അവിശുദ്ധകൂട്ടുകെട്ടിന്റെ നീക്കം മാദ്ധ്യമങ്ങൾ പുറത്തുകൊണ്ടുവന്നത് ഈ വാർത്തിയലൂടെയായിരുന്നു.

ഒമ്പതിന് സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ജേക്കബ് ജോബ് നിസാമുമായി ഒരു മണിക്കൂർ രഹസ്യ കൂടിക്കാഴ്ച നടത്തി. പതിനൊന്നിന് ജേക്കബ് ജോബിന് പത്തനം തിട്ടയിലേക്ക് സ്ഥലം മാറ്റം. ആർ. നിശാന്തിനി പുതിയ കമ്മിഷണർ. ഇതോടെ കളിയാകെ മാറി. ഫെബ്രുവരി പന്ത്രണ്ടിനാണ് ആരോഗ്യ നില വഷളായ ചന്ദ്രബോസിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഫെബ്രുവരി 16നു പത്തൊമ്പത് ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ ചന്ദ്രബോസ് മരണത്തിന് കീഴടങ്ങി. ഇതോടെ ജില്ലാ സെഷൻസ് കോടതി നിസാമിന് ജാമ്യം നിഷേധിച്ചു. ഫെബ്രുവരി 21 മുതൽ സാക്ഷികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തൽ കോടതിയിൽ തുടങ്ങി.

ഫെബ്രുവരി 23 ന് ചന്ദ്രബോസിന്റെ വീട് സന്ദർശിച്ച ആഭ്യന്തര മന്ത്രി കുടുംബത്തിന്റെ ആവശ്യപ്രകാരം സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സി.പി. ഉദയഭാനുവിനെ നിയമിച്ചു. നിസാമിന്റെ കുടുംബത്തിന്റെ ആഗ്രഹം മാനിച്ചായിരുന്നു ഇത്. ഇതോടെ കേസിൽ കള്ളക്കളികൾക്ക് പൊലീസിന് കഴിയാതെയുമായി. ചന്ദ്രബോസിന്റെ വസ്ത്രങ്ങൾ നശിപ്പിക്കപ്പെട്ടന്ന വാർത്തയും ഇതിനിടെ എത്തി. അറിഞ്ഞു കൊണ്ട് പൊലീസ് തെളിവ് നശിപ്പിച്ചതാണെന്നായിരുന്നു വിമർശനം. എന്നാൽ ഇതൊന്നും കേസിനെ സ്വാധീനിക്കാതിരിക്കാൻ ഉദയഭാനുവിന്റെ ഇടപെടൽ ഉപകരിച്ചു. അതു തന്നെയാണ് വിചാരണയിലും നിസാമിന് വിനയായത്. ഉന്നത സ്വാധീനങ്ങൾ പലതുണ്ടായിരുന്നു. എന്നാൽ വിവാദ വ്യവസായിയെ രക്ഷിക്കാൻ ഇറങ്ങിയവരെല്ലാം കുടുങ്ങി.

ചട്ടം ലംഘിച്ച് നിസാമുമായി കൂടിക്കാഴ്ച നടത്തിയെന്ന ഐജിയുടെ റിപ്പോർട്ടിനെത്തുടർന്ന് ഫെബ്രുവരി 27 ന് മുൻ സിറ്റി പൊലീസ് കമ്മിഷണർ ജേക്കബ് ജോബിനെ സസ്പന്റ് ചെയ്തു. തൊട്ടുപിന്നാലെ മാർച്ച് അഞ്ചിന് ഡിജിപി ഉൾപ്പടെയുള്ളവർ നിസാമിനെ സഹായിക്കാൻ ഇടപെട്ടു എന്ന ആരോപണത്തോടെ പി.സി. ജോർജ്ജ് രംഗത്തുവന്നു. ജേക്കബ് ജോബിന്റെ ഫോൺ സംഭാഷണവും പുറത്തായി. മാർച്ച് ഏഴിന് ചന്ദ്രബോസിന്റെ വീട് സന്ദർശിച്ച പ്രതിപക്ഷ നേതാവ് വി എസ് നിസാമിനെതിരെ കാപ്പാ ചുമത്തണമെന്ന് ആവശ്യപ്പെട്ടു. മാർച്ച് ഒമ്പതിന് കാപ്പാ ചുമത്തി കളക്ടറുടെ ഉത്തരവിറങ്ങി. പ്രോസിക്യൂട്ടറായി ഉദയഭാനു എത്തിയതോടെ തന്നെ പൊലീസിന്റെ റോൾ ഏറെ കുറഞ്ഞു. അന്വേഷണം പൂർത്തിയായ ശേഷം കുറ്റപത്രം ഉൾപ്പെടെയുള്ളവ ഉദയഭാനുവിന്റെ നിർദ്ദേശ പ്രകാരം തയ്യാറാക്കേണ്ടി വന്നു.

ഏപ്രിൽ നാലിന് പേരാമംഗലം പൊലീസ് കുന്നംകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഏപ്രിൽ പത്തിന് നടപടിക്രമങ്ങൾ പൂർത്തിയാക്കി കേസ് തൃശൂർ ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിലേക്ക് കുറ്റപത്രം എത്തി. മെയ് 26 ന് പ്രാഥമിക വാദം തുടങ്ങിയ കേസിൽ പിന്നീടുള്ള ഓരോ ഘട്ടത്തിലും നിരവധി പ്രശ്‌നങ്ങളാണ് പ്രോസിക്യൂഷനെ കാത്തിരുന്നത്. അതെല്ലാം സമർത്ഥമായി ഉദയഭാനു നേരിട്ടു. പ്രധാന സാക്ഷിയെ ആദ്യ ദിനം തന്നെ കൂറുമാറ്റി നിസാം സൂചനകൾ പലതും നൽകി. എന്നാൽ എല്ലാം തിരുത്തി പറഞ്ഞ് ഉദയഭാനുവും കളി ഏറ്റെടുത്തു. കേസിൽ പ്രതിയാകേണ്ടയാളാണ് നിസാമിന്റെ ഭാര്യ അമൽ. എന്നാൽ ഉന്നത ഇടപെടലിലൂടെ അമൽ സാക്ഷിയായി. പ്രതീക്ഷിച്ച പോലെ ഭർത്താവിന് അനുകൂലമായാണ് അവർ മൊഴി നൽകിയത്. ബാക്കിയാരും കൂറുമാറിയില്ലെന്നതും വിചാരണയിൽ പ്രോസിക്യൂഷന് തുണയായി. പല പ്രലോഭനമുണ്ടായിട്ടും സമൂഹത്തിന്റെ മനസ്സ് തിരിച്ചറിഞ്ഞ് സാക്ഷികളെല്ലാം സത്യത്തോടൊപ്പം നിലയുറപ്പിക്കുകയായിരുന്നു.

കേസ് നീട്ടിവയ്ക്കാനും അനുകൂല ഇടപെടലിനുമായി പ്രതിഭാഗം പതിനഞ്ചിലേറെ തവണ ഹൈക്കോടതിയെയും ഏഴു തവണ സുപ്രീം കോടതിയെയും നിസാം സമീപിച്ചു. കേസ് കൈകാര്യം ചെയ്യാൻ തൃശൂരിലെത്തിച്ചത് പ്രമുഖ ക്രിമിനൽ അഭിഭാഷകനായ രാമൻപിള്ളയേയും. എന്നിട്ടും സത്യം മാത്രമേ ജയിച്ചുള്ളൂ. വിചാരണ കോടതിയിൽ ഹാജരാക്കുന്നതിനിടെ ബന്ധുക്കൾക്കൊപ്പം ആഡംബര ഹോട്ടലിൽ കൂടിക്കാഴ്ച നടത്താനും ഭക്ഷണം കഴിക്കാനും പൊലീസ് നിസാമിന് അവസരമൊരുക്കിയതിന് ഓഗസ്റ്റ് നാലിന് അഞ്ച് പൊലീസുകാരെ സസ്പന്റ് ചെയ്തു. ഇതെല്ലാം മാദ്ധ്യമങ്ങളുടെ കരുതലോടെയുള്ള നിലപാടുകൾ കാരണമായിരുന്നു. നിസാമിന്റെ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഉദ്ഘാടനത്തിന് എത്തിയ രാഷ്ട്രീയക്കാർ പോലും വിവാദങ്ങളിൽ കുരുങ്ങി. ഇതോടെ എല്ലാവർക്കും നിസാമിനെ തള്ളി പറയേണ്ട അവസ്ഥവന്നു. വിചാരണയും അത്യന്തം നാടകീയമായിരുന്നു.

ഒക്ടോബർ 26 ന് തുടങ്ങിയ അന്തിമ വിചാരണയുടെ ആദ്യ ദിനം തന്നെ പ്രോസിക്യൂഷനെ ഞെട്ടിച്ച് ഒന്നാം സാക്ഷി അനൂപ് കൂറുമാറി. എന്നാൽ തൊട്ടടുത്ത ദിവസം അനൂപ് പ്രൊസിക്യൂഷന് അനുകൂലമായി മൊഴി നൽകി. നിസ്സാമിന്റെ ബന്ധു സ്വാധീനിക്കാനെത്തിയെന്നും വെളിപ്പെടുത്തി. ഇതിനിടെ പ്രോസിക്യൂഷൻ സക്ഷിപ്പട്ടികയിലുണ്ടായിരുന്ന നിസാമിന്റെ ഭാര്യ അമൽ പ്രതിഭാഗത്തിനൊപ്പം ചേർന്നു. ഇത് പ്രതീക്ഷിച്ചിരുന്നതുമാണ്. പ്രതിയാകേണ്ട അമലിനെ രക്ഷിക്കാനായിരുന്നു സാക്ഷിയാക്കിയത്. അമൽ സാക്ഷിയായാൽ കേസിന് ബലം കൂടുമെന്ന വിചിത്ര വാദമാണഅ അന്ന് പൊലീസ് നിരത്തിയത്. എന്നാൽ നെസ്റ്റ് മുതലാളി ജഹാംഗീറിന്റെ മകളെ കേസിൽ ഉൾപ്പെടുത്താതിരിക്കാൻ ഉന്നത ഇടപെടൽ തന്നെ നടന്നിരുന്നു. അതിനിടെ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള പ്രതിഭാഗത്തിന്റെ നീക്കത്തിൽ വിചാരണക്കോടതി അതൃപ്തി രേഖപ്പെടുത്തി.

ചന്ദ്രബോസിന്റേത് അപകടമരണമാണെന്നും നിസാം മദ്യത്തിന്റെ ലഹരിയിലുമാണെന്നുമൊക്കെയായിരുന്നു പ്രതിഭാഗത്തിനായി രാമൻപിള്ള വാദിച്ചത്. അതുകൊണ്ട് തന്നെ കൊലപാതക കുറ്റം ചുമത്തരുതെന്നും ആവശ്യപ്പെട്ടു. ഇതൊന്നും ഒരു കോടതിയും അംഗീകരിച്ചില്ല. കാപ്പ ചുമത്തിയ കുറ്റവാളിയ്‌ക്കെതിരെയുള്ള ഈ വാദങ്ങൾ നിലനിൽക്കാത്തതായി. ഇതിനിടെയിൽ നിസാമിന്റെ വിചാരണ തടയണമെന്ന നിസ്സാമിന്റെ അപേക്ഷ ഹൈക്കോടതിയിലെത്തിയെങ്കിലും ഡിസംബർ ഒമ്പതിന് ഹൈക്കോടതി നിസാമിന്റെ ഹർജി തള്ളി. ഇതിനിടെ മാദ്ധ്യമപ്രവർത്തകരുൾപ്പടെ 25 പേരുടെ സാക്ഷിപ്പട്ടിക പ്രതിഭാഗം വിചാരണ കോടതിയിൽ സമർപ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

നാലു പ്രതിഭാഗം സാക്ഷികളെ വിസ്തരിക്കാന്മാത്രമാണ് അനുമതിയായത്. ജനുവരി 11 ന് അന്തിമവാദം പൂർത്തിയായി. ഒടുവിൽ നിസാമിനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. പണവും സ്വാധീനവുമൊന്നും സമൂഹം ഒരുമിച്ചാൽ വിലപോവില്ലെന്ന് തെളിയിക്കുകയാണ് ചന്ദ്രബോസ് വധ ശ്രമക്കേസിലെ വിചാരണയും.