തൃശൂർ: ഇഷ്ടം തോന്നുന്നതു സ്വന്തമാക്കാൻ എന്തും ചെയ്യുന്ന പ്രകൃതമാണ് കഴിഞ്ഞ ദിവസം സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ് നിസാം. ഇഷ്ടക്കാർക്കു വാരിക്കോരി നൽകാനും ഇയാൾ മടി കാണിക്കാറില്ല. എന്നാൽ നിസാര വിഷയങ്ങളുടെ പേരിൽ പെട്ടെന്നു പ്രകോപിതനാകുകയും ആരെയും തല്ലാനും എന്തും ചെയ്യാൻ മടിയില്ലാതിരിക്കുകയും ചെയ്യുന്നയാളാണ് നിസാം.

എൻജിനീയറിങ് കോളജ് ഉടമയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒളിവിൽ കഴിയുമ്പോൾ വിവാദ വ്യവസായി കിങ്‌സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിസാം റൂംബോയിക്ക് ഒരു നേരം ഇയാൾ ടിപ്പായി നൽകിയിരുന്നതു പതിനായിരം രൂപയാണ്. അന്ന് ഇയാളെ അറസ്റ്റ് ചെയ്യുന്നതിനു ബംഗളൂരുവിലെത്തിയ വിയ്യൂർ പൊലീസിന്റെ അന്വേഷണത്തിലാണ് ഈ വിവരം ലഭിച്ചത്. രണ്ടു ദിവസമാണ് ഇയാൾ ഹോട്ടലിൽ ഒളിവിൽ കഴിഞ്ഞത്.

നഗരത്തിലെ ജിംനേഷ്യത്തിൽ കാർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് വീട്ടിൽ കയറിയുള്ള ആക്രമണത്തിനു കാരണം. ഇദ്ദേഹത്തെ ആക്രമിക്കാൻ കുപ്രസിദ്ധ ഗുണ്ട സന്ദീപിനാണ് ക്വട്ടേഷൻ നൽകിയതെന്നു പൊലീസ് കണ്ടെത്തി. സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചതിനു പിന്നാലെ നിസാമിന്റെ കടവന്ത്രയിലെ ഫഌറ്റിൽനിന്നു മയക്കുമരുന്നുമായി ചലച്ചിത്ര പ്രവർത്തകരെ പിടികൂടിയതോടെയാണ് ഇയാളുടെ വരുമാനത്തെക്കുറിച്ചും ചെലവിനെക്കുറിച്ചും പൊലീസ് അന്വേഷിക്കാൻ ആരംഭിച്ചിരിക്കുന്നത്. തിരുനെൽവേലിയിൽ സ്വന്തമായുള്ള ഏക്കർ കണക്കിനു ഭൂമിയിൽ പുകയിലകൃഷി നടത്തുന്ന നിസാമിനു ബീഡി കമ്പനി, റിയൽ എസ്‌റ്റേറ്റ് വരുമാനത്തിലപ്പുറം പണം വരുന്ന വഴിയുണ്ടോയെന്നാണു പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.

സ്വന്തം ചെലവിനായി ലക്ഷങ്ങളാണ് ഇയാൾ പൊടിക്കുന്നത്. ചെലവ് വരുമാനത്തിലും അധികമാണെന്നാണു പ്രാഥമിക കണ്ടെത്തൽ. ലഹരിമരുന്നു കടത്തു കണ്ണിയുമായി ഇയാൾക്കു ബന്ധമുണ്ടോ എന്നു പൊലീസ് പ്രധാനമായും അന്വേഷിക്കുന്നതിനു കാരണമിതാണ്. റിയൽ എസ്‌റ്റേറ്റ് രംഗത്തു പ്രവർത്തിക്കുന്ന ഇയാൾ ഇഷ്ടപ്പെട്ട ഭൂമി കണ്ടാൽ ഇരട്ടി വില നൽകി വാങ്ങുമായിരുന്നത്രെ. അടുത്ത കാലത്ത് ഒരു കോടിക്കു മറ്റൊരാൾക്കു വിൽക്കുന്നതിനായി അഡ്വാൻസ് കൊടുത്ത ഭൂമി രണ്ടു കോടിക്കു വാങ്ങി. ഇത്തരത്തിൽ വലിയ ലാഭക്കച്ചവടം ഈ രംഗത്ത് ഇയാൾ പിടിവാശി കാരണം ഉണ്ടാക്കിയിട്ടില്ലെന്നാണു വിലയിരുത്തൽ. ഇഷ്ടപ്പെട്ട ഭൂമി ഉടമ വിൽക്കാൻ തയാറായില്ലെങ്കിൽ ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തി വിരട്ടുന്നതും പതിവായിരുന്നു. നഗരത്തിൽ പലയിടത്തും ഇയാൾ ധാരാളം സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. ഇത്രയും ധാരാളി ആണെങ്കിലും നികുതി അടയ്ക്കുന്ന കാര്യത്തിൽ മടികാട്ടുമായിരുന്നുവെന്നും പൊലീസ് പറയുന്നു.

വനിതാ എസ്‌ഐയെ കാറിൽ പൂട്ടിയിട്ട സംഭവത്തിലെ ആഡംബര കാർ ഫോർ റജിസ്‌ട്രേഷൻ ആയിരുന്നു. പൊലീസ് പരിശോധനയിൽ വാഹനം ഇറക്കുമതി ചെയ്തിട്ടു മാസങ്ങളായിട്ടും രജിസ്‌ട്രേഷൻ നടത്തിയില്ലെന്നു കണ്ടെത്തിയിരുന്നു. ഇതേതുടർന്നു സെൻട്രൽ എക്‌സൈസിനെ വിവരം അറിയിച്ചു. സെൻട്രൽ എക്‌സൈസിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മറ്റു വാഹനങ്ങളിലും നികുതി കുടിശിക കണ്ടെത്തി. ഇതേതുടർന്നു 40 ലക്ഷം രൂപയാണ് ടാക്‌സ് ഇനത്തിൽ ഈടാക്കിയത്.

ആഡംബര കാറുകളുടെ വൻ ശേഖരമുള്ള ഇയാൾ ഭാര്യക്കു ജന്മദിനത്തിനും മറ്റും വില കൂടിയ വാഹനങ്ങളാണത്രെ വാങ്ങി സമ്മാനിച്ചിരുന്നത്. ജില്ലയിലെ പ്രമുഖ വ്യവസായിക്ക് രത്‌നങ്ങൾ പതിപ്പിച്ച രണ്ടു കോടി വില വരുന്ന വാച്ച് സമ്മാനമായി നൽകിയതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിസാം നടത്തുന്ന ബിസിനസുകളിലൂടെ ഇത്രയും വരുമാനം ഉണ്ടാക്കാനാകില്ലെന്ന് ഉറപ്പാണ്. എൻആർഐ എന്ന നിലയിൽ വൻതോതിൽ വിദേശ പണം ബിസിനസ്സിനും ജീവിത സൗകര്യങ്ങൾക്കും വേണ്ടി ഇറക്കിയിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പിനു നൽകിയ രേഖകളിലുള്ളത്. നൽകിയ കണക്കുകളും ചെലവും തമ്മിൽ ബന്ധമുണ്ടോ എന്നാണ് ആദായ നികുതി വിഭാഗം പരിശോധിക്കുന്നത്.

സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ നിസാം ഇപ്പോൾ ജയിലിലാണ്. നിസാമിന്റെ വരുമാനത്തെക്കുറിച്ച് ആദായ നികുതി വിഭാഗം അന്വേഷണം തുടരുന്നുണ്ട്. പൊലീസും ഇതേക്കുറിച്ച് അന്വേഷിക്കുമെന്നാണ് സൂചന. പല കേസുകളിലും ഇയാളെ സഹായിച്ചിരുന്നത് ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ തന്നെയായിരുന്നു. നിരവധി കേസുകൾ ഉണ്ടായിട്ടും നിസാം ഇതുവരെയും കാര്യമായി ജയിൽവാസം അന്നുഭവിച്ചിട്ടില്ലെന്നത് ഇതിന്റെ തെളിവാണ്.

ഇതിന് മുൻപ് അടിപിടിക്കേസിലാണ് ഇയാൾ പിടിയിലായത്. അന്ന് താൻ മാനസികരോഗിയാണെന്ന് വരുത്തിത്തീർക്കാനായിരുന്നു നിസാമിന്റെ ശ്രമം. എന്നാൽ അത് അംഗീകരിച്ചില്ലെങ്കിലും കേസിൽ അകത്താകാതിരിക്കാനുള്ള എല്ലാ ഒത്താശയും പൊലീസ് ചെയ്തുനല്കിയാണ് അന്ന് രക്ഷപെട്ടത്.

അതേ സമയം ഇത്തവണ ഇയാൾ കാറിടിച്ച് പരിക്കേല്പിച്ച കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസ് മരണവുമായി മല്ലിട്ടുകൊണ്ടിരിക്കുകയാണ്. നിസാമിന്റെ ആഡംബരവാഹനം ഇടിച്ച് പരിക്കേറ്റ ഇദ്ദേഹം തൃശൂരിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ അമലയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്.

ചന്ദ്രബോസിനോടുള്ള മുൻവൈരാഗ്യമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന് മുൻപും സെക്യുരിറ്റി ജീവനക്കാരും നിസാമും തമ്മിൽ വഴക്കിടാറുണ്ടായിരുന്നത്രെ. പെട്ടെന്നു ദേഷ്യംവരുന്ന പ്രകൃതക്കാരനായ ഇയാൾ എപ്പോൾ വേണമെങ്കിലും എന്തും ചെയ്‌തേക്കുമെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോൾ കാപ്പാ നിയമം നിസാമിനുമേൽ ചുമത്തുമെന്ന് പറയുമ്പോഴും മുൻകേസുകളിൽ നിന്ന് ഇയാൾ ഊരിപ്പോയപോലെ ഈ കേസും തീരുമോ എന്നാണ് കണ്ടറിയേണ്ടത്.

നേരത്തെ അമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സെക്യുരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ഇന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിച്ചു. ഇദ്ദേഹത്തിന്റെ ചികിത്സാ ചെലവ് സർക്കാർ എറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ നിസാം റിമാൻഡിലാണിപ്പോൾ.