തൃശൂർ: ഗേറ്റ് തുറക്കാൻ താമസിച്ചതിന്റെ പേരിൽ വ്യവസായി കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരൻ കണ്ടശാംകടവ് കാരമുക്ക് കാട്ടുങ്ങൽ ചന്ദ്രബോസിന്റെ (47) ആരോഗ്യനില മെച്ചപ്പെട്ടു. ചന്ദ്രബോസിന്റെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയുണ്ട്. സംസാരിച്ചു തുടങ്ങി. ആളുകളെ തിരിച്ചറിയാനും ആരംഭിച്ചു. വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. വയറിലും മുറിവുകളുണ്ട്. ശ്വാസകോശത്തിലും ക്ഷതം സംഭവിച്ചു. ഇടത്തേ കയ്യൊടിഞ്ഞിട്ടുണ്ട്. അതിനിടെ ചന്ദ്രബോസിനെ കൊലപ്പെടുത്താൻ ശ്രമിച്ച പുഴയ്ക്കൽ അടയ്ക്കാപറമ്പിൽ മുഹമ്മദ് നിസാമിനെ കോടതി റിമാൻഡ് ചെയ്തു.

ശ്വാസകോശത്തിൽ ക്ഷതം സംഭവിച്ചതിനാൽ ചന്ദ്രബോസിനെ വെന്റിലേറ്ററിൽനിന്നു മാറ്റിയിട്ടില്ല. കഴിഞ്ഞ ദിവസം ചന്ദ്രബോസിന്റെ രക്തസമ്മർദം താഴ്ന്ന നിലയിലായിരുന്നത് ആശങ്കയുളവാക്കിയിരുന്നു. എന്നാൽ ഇന്നലെ രക്തസമ്മർദം ഉയർന്നു സാധാരണ നിലയിലായി. ചന്ദ്രബോസിന്റെ ചികിൽസാ ചെലവ് സർക്കാരാണ് വഹിക്കുന്നത്. അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ചന്ദ്രബോസിനെ സന്ദർശിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മികച്ച ചികിൽസ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം ആശുപത്രി ഡയറക്ടറുമായി സംസാരിച്ചു.

ആശുപത്രിയിൽ ചെലവാകുന്ന പണം താങ്ങാനുള്ള കഴിവ് ചന്ദ്രബോസിന്റെ കുടുംബത്തിനില്ല. അതിനാലാണ് ചികിൽസാ ചെലവ് സർക്കാർ ഏറ്റെടുത്തത്. സംസ്ഥാനത്തു കേട്ടുകേൾവിയില്ലാത്ത സംഭവത്തിലെ കുറ്റക്കാരനായ കിങ്‌സ് ഗ്രൂപ്പ് ഉടമ മുറ്റിച്ചൂർ അടയ്ക്കാപറമ്പിൽ മുഹമ്മദ് നിസാമിനെ രക്ഷപ്പെടാൻ അനുവദിക്കില്ല. ഇക്കാര്യത്തിൽ കർശന നടപടി എടുക്കണമെന്നു പൊലീസിനു നിർദ്ദേശം നൽകി. മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ നിസാമിനെ രക്ഷിക്കാൻ നടന്ന മുസ്ലിംലീഗ് നേതാക്കൾ അടക്കമുള്ളവർ പിന്മാറി. എഡിജിപി ശങ്കർ റെഡ്ഡി സ്വാധീനങ്ങൾക്ക് വഴങ്ങാത്തതും നിസാമിന് വിനയായി. എഡിജിപി നേരിട്ടാണ് കാര്യങ്ങൾ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ നിസാമിന് കുറച്ചു ദിവസം ജയിലിൽ കിടക്കേണ്ടി വരുമെന്നും ഉറപ്പ്.

മുഹമ്മദ് നിസാം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതി ഉയർന്നതിനെ തുടർന്ന് ഇയാളുടെ വീട്ടിലും എംജി റോഡിലെ ഓഫിസിലും പൊലീസ് പരിശോധന നടത്തി. ഇവിടെനിന്ന് അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ഇയാൾക്കെതിരായ മറ്റ് കേസുകളും ഇതോടെ സജീവമായി. നിസാം പതിനൊന്ന് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തൃശൂർ ഈസ്റ്റ് പൊലീസിൽ നാലും വിയ്യൂരിൽ നാലുംചാവക്കാട്ട് ഒന്നും പേരാമംഗലത്ത് രണ്ടും അടക്കം പതിനൊന്ന് കേസുകളാണ് ഇയാൾക്കെതിരെയുള്ളതെന്ന് പേരാമംഗലംസി.ഐ പി.സി. ബിജുകുമാർ പറഞ്ഞു. പലതും അടിപിടി കേസുകളാണ്. ഒൻപത് വയസുള്ള മകനെ കൊണ്ട് ഫെരാരി കാർ ഓടിപ്പിച്ച് യൂ ട്യൂബിൽ ഇട്ട കേസും സഹോദരന്റെ ഭാര്യയെ ഫേസ് ബുക്കിലൂടെ അപമാനിച്ച കേസും നിലവിലുണ്ട്.

നിസാമിൽ നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയ ആളെ കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതും തൃശൂരിലെ വനിതാ പൊലീസ് എസ്. ഐ. ദേവിയെ വാഹന പരിശോധനക്കിടയിൽ ആഡംബരകാറിൽ പൂട്ടിയിട്ടതുമാണ് മറ്റ് രണ്ട് കേസുകൾ. കിങ് ബീഡി കമ്പനിയുടെ എം.ഡിയാണ് നിസാം. ഇയാളുടെ മറ്റു ബിസിനസുകളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.