കണ്ണൂർ: മുഹമ്മദ് നിസാമിന് ഇനി കൃഷിയുടെ ബാലപാഠങ്ങൾ പഠിക്കാം. ശോഭാ സിറ്റിയിലെ സെകൃൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിനെ കണ്ണൂർ സെൻട്രൽ ജയിലിൽ കൃഷിപ്പണി ചെയ്യിക്കാൻ തീരുമാനം. ഇതിനൊപ്പം ബിരിയാണി വാങ്ങി കഴിക്കാനുള്ള തടവുകാരുടെ സ്വാതന്ത്ര്യത്തിനും വിലക്കുവന്നു. നിസാം ബിരിയാണി കഴിക്കുന്നത് ചാനലുകൾ ബ്രേക്കിങ് ന്യൂസ് ആക്കുമോ എന്ന പേടിയിൽ നിന്നാണ് തീരുമാനം.

ശിക്ഷിക്കപ്പെട്ട തടവുകാരെ ജോലി ചെയ്യിപ്പിക്കണമെന്ന ജയിൽ ചട്ടപ്രകാരമാണ് നിസാമിന് കൃഷിപ്പണി ചെയ്യിക്കാൻ അധികൃതർ തീരുമാനമെടുത്തിട്ടുള്ളത്. ജയിൽ ഓഫീസിലെ ജോലികൾ നൽകിയാൽ അത് വൻ ആക്ഷേപത്തിനിടയാക്കുമെന്ന് അധികാരികൾ ഭയപ്പെടുന്നു. അതുകൊണ്ടു കൂടിയാണ്് നിസാമിനെ കൃഷിപ്പണി ചെയ്യിപ്പിക്കാൻ ജയിൽ അധികാരികൾ ആലോചിച്ചത്. അടുത്ത തിങ്കളാഴ്ചയോടെ കണ്ണൂർ സെൻട്രൽ ജയിലിലെ തോട്ടത്തിൽ തൂമ്പായുമെടുത്ത് നിസാം കൃഷിക്കളത്തിലിറങ്ങണം.

കണ്ണൂർ ജയിലിലെ 10ാം ബ്ലോക്കിലെ 18 ാം നമ്പർ സെല്ലിലാണ് നിസാമിന്റെ വാസം. സൗമ്യാ വധക്കേസിലെ വധശിക്ഷക്ക് വിധിക്കപ്പെട്ട ഗോവിന്ദച്ചാമിയും 10 ാം ബ്ലോക്കിലാണ് കഴിയുന്നത്. ഒരു ചുമരിന്റെ വ്യത്യാസത്തിലാണ് ഇവരുടെ ജയിൽവാസം. കേരള ജനതയുടെ മുഴുവൻ ജനരോഷവും ഏറ്റുവാങ്ങിയ പാതകങ്ങൾ ചെയ്തവരാണ് നിഷാമും ഗോവിന്ദച്ചാമിയും. വിവിധ കേസുകളിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട എട്ടു പേരും 10 ാം ബ്ലോക്കിൽ ഇവർക്ക് കൂട്ടായുണ്ട്. പ്രത്യേക ശ്രദ്ധ വേണ്ടുന്നവരെ പാർപ്പിക്കുന്ന തടവറയാണ് കണ്ണൂർ ജയിലിലെ 10 ാം ബ്ലോക്ക് ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരടക്കം 90 പേർ പത്താം ബ്ലോക്കിൽ കഴിയുന്നുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് തൃശൂർ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ച വ്യവസായി മുഹമ്മദ് നിസാമിനെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്. ഇന്നലെ രാവിലെ നിസാം വിയ്യൂർ സെൻട്രൽ ജയിലിലേക്കു തന്നെ മാറ്റണമെന്ന ആവശ്യവുമായി ജയിൽ സൂപ്രണ്ട് അശോകൻ അരിപ്പയോട് അപേക്ഷിച്ചിരുന്നു. തന്റെ ബന്ധുക്കളും സുഹൃത്തുക്കളും തൃശൂർ ജില്ലയിലാണെന്നാണ് കാരണം ബോധിപ്പിച്ചിട്ടുള്ളത്. ജയിലിനകത്ത് നിസാമിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ നിസാമിനെ കണ്ണൂർ ജയിലിൽ കൊണ്ടുവന്നതോടെ തടവുകാരുടെ ബിരിയാണി കഴിക്കാനുള്ള അവസരം നഷ്ടപ്പെട്ടു. ജയിലിൽ തങ്ങൾ ചെയ്യുന്ന ജോലിയിൽ നിന്നും ലഭിക്കുന്ന കൂലികൊണ്ട് ജയിലിൽ തന്നെ പാകം ചെയ്ത ബിരിയാണി വാങ്ങാൻ അനുമതി ഉണ്ടായിരുന്നു. ജയിലധികാരികൾ തന്നെ ഏർപ്പെടുത്തിയ സൗകര്യമായിരുന്നു ഇത്. നിസാം തടവുകാരനായി എത്തിയപ്പോൾ നിലവിലുണ്ടായിരുന്ന ഈ സൗകര്യം നിഷേധിക്കപ്പെട്ടിരിക്കയാണ്.

നിസാമിനും ബിരിയാണി നൽകിയാൽ ഉണ്ടാകുന്ന ആക്ഷേപം ഭയന്നാണ് ഇപ്പോഴുള്ള തീരുമാനം. നിസാമിന്റെ ജയിൽപ്രവേശം രുചിയുള്ള ബിരിയാണി കഴിക്കാനുള്ള തടവുകാരുടെ സ്വപ്‌നത്തിന് തിരിച്ചടിയായിരിക്കയാണ്. എന്നാൽ നിസാമിനോടുള്ള ചവിട്ടും തൊഴിയും എത്രനാൾ ഉണ്ടാവുമെന്നറിയില്ല. ജനം എല്ലാം മറന്നു തുടങ്ങുന്നതോടെ തനിക്കാവശ്യമുള്ള സുഖസൗകര്യങ്ങളെന്തും നേടിയെടുക്കാനുള്ള വിരുത് നിസാമിനുണ്ട്. പണത്തിനു മീതേ പരുന്തും പറക്കില്ലല്ലോ.

മുഹമ്മദ് നിസാമിന് ജീവപര്യന്തം ഉൾപ്പെടെ 38 വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചിട്ടുള്ളത്. ഇതിനു പുറമേ 70.30 ലക്ഷം രൂപ പിഴയടയ്ക്കണം. ജീവപര്യന്തത്തിന് 14 വർഷമാണെങ്കിൽ പുറമെ 24 വർഷം കൂടി തടവു ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷകൾ പ്രത്യേകം പ്രത്യേകം അനുഭവിക്കണമെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.