തൃശൂർ: അയ്യായിരം കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വയ്പ. കറങ്ങി നടക്കാൻ ആഡംബര കാറുകൾ. പോരാത്തതിന് കറങ്ങി നടക്കാൻ ഹെലികോപ്ടർ വാങ്ങാനുള്ള ചർച്ചകളിലുമായിരുന്നു. അതിനിടെയാണ് കാശിന്റെ ഹുങ്ക് ചന്ദ്രബോസ് എന്ന പാവം സെക്യൂരിറ്റിക്കാരനോട് കാട്ടിയത്. എന്നിട്ടും കാശിന്റെ അഹങ്കാരത്തിലായിരുന്നു. ബംഗഌരുവിൽ പൊലീസ് കസ്റ്റഡിയിൽ സുഖവാസ യാത്രയും പോയി.

ചന്ദ്രബോസ് വധക്കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന മുഹമ്മദ് നിസാമിനെ വിചാരണയ്ക്കായി തൃശൂരിലേക്കു കൊണ്ടു പോയത് സാധാരണ തടവു കാരനെ പോലെ. മൂന്നു പൊലീസുകാർക്കൊപ്പം ട്രെയിനിലാണു തൃശൂരിലേക്കു കൊണ്ടുപോയത്. ജയിലിൽ നിന്നു കണ്ണൂർ റയിൽവേ സ്‌റ്റേഷൻ വരെ സ്വകാര്യ ബസിലും അവിടെ നിന്ന് ഇന്റർസിറ്റി എക്സ്‌പ്രസിലുമായിരുന്നു യാത്ര. തീവണ്ടി യാത്രയ്ക്കിടെ കൈയിലെ വിലങ്ങ് മറയ്ക്കാനും നിസാം ശ്രമിച്ചു. കാശിന്റെ കരുത്തിൽ രാജകുമാരനെന്ന് സ്വയം പ്രഖ്യാപിച്ച വ്യക്തിക്കാണ് ഈ ദുർഗതി. തൃശൂർ ജയിലിൽ നിന്ന് കണ്ണൂരിലേക്ക് മാറ്റയപ്പോൾ പൊലീസ് വാഹനത്തിലായിരുന്നു യാത്ര. എന്നാൽ ഇനിയത് നടക്കില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.

രണ്ടു കേസുകളിലായി ഇന്നു തൃശൂർ കോടതിയിലും നാളെ കുന്നംകുളം കോടതിയിലും ഹാജരാക്കാനാണു നിസാമിനെ ഇന്നലെ തൃശൂരിലേക്കു കൊണ്ടുപോയത്. കണ്ണൂർ എആർ ക്യാംപിലെ ഒരു എഎസ്‌ഐയുടെയും രണ്ടു സിവിൽ പൊലീസ് ഓഫിസർമാരുടെയും ഒപ്പം ഉച്ചയ്ക്ക് 1.50നാണ് നിസാമിനെ ജയിലിൽ നിന്ന് ഇറക്കിയത്. റിമാൻഡ് പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ രണ്ടു പൊലീസുകാരെയാണ് ഒപ്പം അയയ്‌ക്കേണ്ടതെന്നും പ്രത്യേക കേസായതിനാലാണ് ഒരു എഎസ്‌ഐയെ കൂടി നിയോഗിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം. നേരത്തെ നിസാമിനെ ജയിൽനിന്നു മാറ്റിയപ്പോഴാണ് പൊലീസ് വാഹനം അനുവദിച്ചതെന്നും ഇടക്കിടെ കോടതിയിൽ പോകുമ്പോൾ ഇത് പ്രായോഗികമല്ലെന്നും പൊലീസ് പറയുന്നു.

എന്നാൽ ഇന്നലെ 6.45നു തൃശൂരിലെത്തിച്ച നിസാമിനെ മാദ്ധ്യമപ്രവർത്തകരുടെ കണ്ണുവെട്ടിച്ചു ജയിലേക്കു കൊണ്ടുപോകാനുള്ള പൊലീസിന്റെ ശ്രമവും വിമർശനത്തിനിടയാക്കി. കൺട്രോൾ റൂം എസ്‌ഐയുടെ നേതൃത്വത്തിൽ റയിൽവേ സ്‌റ്റേഷനിലെത്തിയ പൊലീസ് സംഘം മാദ്ധ്യമപ്രവർത്തകരുടെ കണ്ണുവെട്ടിച്ചു നിസാമുമായി വിയ്യൂർ സെൻട്രൽ ജയിലിലേക്കു പോവുകയായിരുന്നു. അതായത് കണ്ണൂരിൽ ലഭിക്കാത്ത പൊലീസ് പിന്തുണ ഇപ്പോഴും തൃശൂരിലെത്തിയാൽ നിസാമിനുണ്ട്. തൃശൂർ ജില്ലയിലെ പൊലീസിൽ നിസാമിനുള്ള സ്വാധീനമാണ് ഇതിന് കാരണം.

കാപ്പ നിയമം ചുമത്തിയതോടെയാണ് നിസാമിനെ കണ്ണൂർ ജയിലിലേയ്ക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടായത്. കാപ്പ നിയമം ചുമത്തുന്നതിനെതിരെ നിസാം നടത്തിയ നീക്കമെല്ലാം പൊളിഞ്ഞിരുന്നു. മറുനാടൻ മലയാളി അടക്കമുള്ള മാദ്ധ്യമങ്ങളുടെ വിമർശനങ്ങളാണ് കാപ്പ നിയമത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.