- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിസാമിനെ ബംഗളൂരു പൊലീസ് കൊണ്ടു പോയത് ഗൂഢാലോചനയുടെ ഭാഗമായോ? ജനവികാരം എതിരായതിനാൽ കേരളത്തിൽ സുഖവാസം സാധ്യമാകാത്തതിനാൽ തിരക്കഥ ഒരുക്കിയത് ഇളാപ്പ തന്നെ; കാപ്പ ചുമത്താൻ മനപ്പൂർവ്വം വൈകിപ്പിച്ചതിന്റെ തെളിവുകളും പുറത്ത്
തൃശൂർ: എവിടെയായിരുന്നു ഇതുവരെ ബംഗളൂരു പൊലീസ്. എല്ലാം പെട്ടെന്നായിരുന്നു. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ നിസാം ഇടിച്ചു കൊന്നതറിഞ്ഞപ്പോൾ ബംഗളൂരു പൊലീസ് സടകുടഞ്ഞ് ഏണീറ്റത് എന്തിന്? ജയിലിൽ കിടന്നു മടുത്ത കോടീശ്വരന് സുഖവാസം ഒരുക്കാനുള്ള തന്ത്രം തന്നെയാണ് ഇതിന് പിന്നിൽ. ഉന്നത സ്വാധീനമുള്ള ഭരണകേന്ദ്രങ്ങളിൽ പറഞ്ഞാൽ എന്തും
തൃശൂർ: എവിടെയായിരുന്നു ഇതുവരെ ബംഗളൂരു പൊലീസ്. എല്ലാം പെട്ടെന്നായിരുന്നു. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ നിസാം ഇടിച്ചു കൊന്നതറിഞ്ഞപ്പോൾ ബംഗളൂരു പൊലീസ് സടകുടഞ്ഞ് ഏണീറ്റത് എന്തിന്? ജയിലിൽ കിടന്നു മടുത്ത കോടീശ്വരന് സുഖവാസം ഒരുക്കാനുള്ള തന്ത്രം തന്നെയാണ് ഇതിന് പിന്നിൽ. ഉന്നത സ്വാധീനമുള്ള ഭരണകേന്ദ്രങ്ങളിൽ പറഞ്ഞാൽ എന്തും നടക്കുന്ന ഇളാപ്പയുടെ ബുദ്ധി തന്നെയാണ് എല്ലാത്തിനും പിന്നിൽ. കർണ്ണാടകയിലെ ആഭ്യന്തര മന്ത്രി മലയാളിയായതിനാൽ കാര്യങ്ങൾ എളുപ്പവുമായി. അങ്ങനെ വിയ്യൂരിൽ നിന്ന് നിസാം ബംഗലൂരുവിലേക്ക്. നിസാമിന് പിറകെ നടക്കാൻ അവിടെ മാദ്ധ്യമ പടയുണ്ടാകില്ല. അതുകൊണ്ട് തന്നെ സുഖവാസം ഉറപ്പാക്കുകയും ചെയ്യാം.
ഇന്നലെയാണ് മുഹമ്മദ് നിസാമിനെ കർണാടക പൊലീസെത്തി ബംഗളൂരുവിലേക്കു കൊണ്ടു പോയത്. കബൻപാർക്ക് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാക്കുന്നതിനായാണ് ബംഗളൂരുവിലേക്കു കൊണ്ടുപോയത്. കഴിഞ്ഞ 23ന് കർണാടക പൊലീസ് വിയ്യൂരിലെത്തി അറസ്റ്റ് വാറന്റുള്ള കാര്യം രേഖാമൂലം അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ഏപ്രിൽ 17ന് ഹാജരാക്കാനാണു തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കണമെന്ന ഉത്തരവുള്ളതിനാൽ അവിടേക്കു കൊണ്ടുപോവുകയായിരുന്നു. കോടതി ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനു വിടുകയോ റിമാൻഡ് ചെയ്യുകയോ ചെയ്താൽ നിസാമിന് സുഖ ചികിൽസ ഉറപ്പാകും.
ബംഗലുരു പൊലീസ് നിസാമിനെ കസ്റ്റഡിയിൽ വേണമെന്ന് കോടതിയിൽ ആവശ്യപ്പെടും. അത് അംഗീകരിക്കുകയും ചെയ്യും. അതോടെ കർണ്ണാടക പൊലീസിനോടൊപ്പം നിസാമിന് കുറച്ചു ദിവസമെങ്കിലും കറങ്ങി നടക്കാം. അതിവേഗത്തിൽ ആഡംബര കാറോടിച്ചതു ചോദ്യം ചെയ്തപ്പോൾ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി മർദിച്ചുവെന്ന ബംഗളൂരു സ്വദേശിയുടെ ഹർജിയിലാണു നടപടി. ഇത്രയും ചെറിയ കേസിൽ ഇത്രയും സജീവത ബംഗളൂരു പൊലീസ് കാട്ടുന്നതിന് പിന്നിൽ ഇളാപ്പയുടെ ഇടപെടലാണ്. കേരളത്തിൽ നിസാമിന് ജയിലിൽ കിടന്ന് ആരേയും ഫോണിൽ പോലും വിളിക്കാനാകുന്നില്ല. ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കവും ഫലിച്ചില്ല. തൃശൂർ കമ്മീഷണറായി ജേക്കബ് ജോബിന് പകരം നിശാന്തിനി എത്തിയതോടെ കാര്യങ്ങൾ കൈവിടുന്ന അവസ്ഥയിലൂമായി.
ഈ സാഹചര്യത്തിലാണ് ബംഗളൂരു പൊലീസിനെ ഇറക്കിയുള്ള കളി. നിസാം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പരാതി പൊലീസിന് കിട്ടിയിട്ട് നാളുകൾ ഏറെയായി. ആരും ഒന്നും ചെയ്തില്ല. പരാതി നൽകി ഏറെയായിട്ടും പൊലീസ് നപടിയൊന്നും സ്വീകരിച്ചുമില്ല. എന്നാൽ ചന്ദ്രബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഹമ്മദ് നിസാം അകത്തായതോടെയാണ് ബംഗളൂരു പൊലീസ് പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ തയാറായത്. ഇതാണ് ഇളാപ്പാ എഫക്ട്. തിരുവനന്തപുരത്ത് മാത്രമല്ല ബംഗളൂരുവിലെ തനിക്ക് പിടിയുണ്ടെന്ന് സൂചിപ്പിക്കുകയാണ് രാഷ്ട്രീയക്കാരുടെ പ്രിയ തോഴനായ ഇളാപ്പ.
അതിനിടെ നിസാമിനെതിരെ കാപ്പാ ചുമത്താനുള്ള നടപടി നിസാമിന്റെ ജാമ്യാപേക്ഷ കോടതിയിൽ എത്തുംവരെ പേരാമംഗലം പൊലീസ് വൈകിപ്പിച്ചുവെന്ന് വ്യക്തമായി. പേരാമംഗലം സിഐ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയതായാണു സൂചന. ചന്ദ്രബോസിനെ കാറിടിച്ചു കൊന്ന് പിടിയിലായപ്പോൾ തന്നെ നിസാമിനെതിരെ കാപ്പാ ചുമത്തുന്നതിനുള്ള നടപടി സ്വീകരിക്കാൻ ഉത്തരമേഖലാ എഡിജിപി എൻ. ശങ്കർ റെഡ്ഡി സിറ്റി പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ചാണു സിറ്റി പൊലീസ് മേധാവിയായിരുന്ന ജേക്കബ് ജോബ് പേരാമംഗലം സിഐക്ക് നിർദ്ദേശം നൽകിയത്. ചന്ദ്രബോസ് അന്നു മരിച്ചിരുന്നില്ല. നിസാമിനു ജാമ്യം ലഭിക്കാൻ സാധ്യതയുള്ളതിനാലാണ് കാപ്പാ ചുമത്തുന്നതിനുള്ള നടപടി സ്വീകരിക്കാൻ അടിയന്തരമായി ആവശ്യപ്പെട്ടത്.
എന്നാൽ റിപ്പോർട്ട് ലഭിക്കാതിരുന്നതിനെ തുടർന്ന് ഫെബ്രുവരി ഏഴിനു സ്‌പെഷൽ ബ്രാഞ്ച് മുഖേന കമ്മിഷണർ രേഖാമൂലം ആവശ്യപ്പെട്ടു. പത്തിനകം റിപ്പോർട്ട് ഓഫിസിൽ സമർപ്പിക്കണമെന്നായിരുന്നു നിർദ്ദേശം നൽകിയത്. ഇതിന്റെ പകർപ്പ് ഉത്തരമേഖലാ എഡിജിപിക്കും ഗുരുവായൂർ എസിപിക്കും അയച്ചിരുന്നു. എന്നാൽ പത്തിനും റിപ്പോർട്ട് നൽകിയില്ല. ജാമ്യാപേക്ഷ വരുന്നതിനു മുൻപു കാപ്പാ ചുമത്താനാകുമോ എന്നു പരിശോധിക്കാനായിരുന്നു എഡിജിപി നിർദ്ദേശം നൽകിയത്. 16നാണു ചന്ദ്രബോസ് മരിക്കുന്നത്. ചന്ദ്രബോസ് മരിക്കുന്ന ദിവസം തന്നെ നിസാമിന്റെ ജാമ്യാപേക്ഷ കോടതിയിൽ എത്തിയിരുന്നു. ചന്ദ്രബോസിന്റെ മരണത്തെ തുടർന്നു ജാമ്യാപേക്ഷ കോടതി തള്ളി.
സിറ്റി പൊലീസ് മേധാവിയുടെ ഓഫിസിൽനിന്നുള്ള നിർബന്ധത്തെ തുടർന്ന് ഒടുവിൽ കഴിഞ്ഞ ദിവസമാണ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ ചുമത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടിനു കലക്ടർക്ക് സിറ്റി പൊലീസ് മേധാവി ആർ. നിശാന്തിനി അപേക്ഷ നൽകുകയായിരുന്നു. ഇതിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. സാമൂഹിക വിരുദ്ധ പ്രവർത്തനം തടയൽ നിയമം (കാപ്പാ) ചുമത്തണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കഴിഞ്ഞ ദിവസമാണ് ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ കലക്ടർക്ക് അപേക്ഷ നൽകിയത്. അപേക്ഷയും റിപ്പോർട്ടും വിശദമായി പരിശോധിക്കുന്നതിനാണ് മൂന്നു ദിവസത്തെ സമയം വേണ്ടി വരുന്നത്.
ധൃതഗതിയിൽ ഇയാൾക്കെതിരെ തീരുമാനമുണ്ടായാൽ നിഷാം കാപ്പാ ബോർഡിനെ സമീപിച്ചേക്കാം. അതിനാലാണ് റിപ്പോർട്ട് വിശദമായി പരിശോധിക്കുന്നത്. റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയാണ് കാപ്പാ ബോർഡ്. കേരളത്തിൽ പതിനൊന്നും ബംഗളൂരുവിൽ രണ്ടും കേസുകളും നിസാമിനെതിരെ ഉണ്ടെന്നാണു സിറ്റി പൊലീസ് നൽകിയ റിപ്പോർട്ടിലുള്ളത്. ഇതിൽ അഞ്ച് കേസുകൾ സമൂഹികവിരുദ്ധ പ്രവർത്തനം തടയൽ നിയമത്തിനു ബാധകമാകുമെന്നാണു പൊലീസിന്റെ നിഗമനം.