തിരുവനന്തപുരം: ഡൽഹി തിരുവനന്തപുരം നിസ്സാമുദ്ദീൻ എക്സ്‌പ്രസ്സിൽ നടന്ന വൻ കവർച്ചയ്ക്ക് പിന്നിലെ പ്രതി എന്ന് സംശയിക്കുന്ന ആളുടെ ചിത്രം പുറത്തുവിട്ടു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തീവണ്ടിയിലെ മൂന്നുവനിതാ യാത്രക്കാരെ മയക്കിക്കിടത്തിയായിരുന്നു മോഷണം.തിരുവല്ല സ്വദേശികളായ വിജയകുമാരി മകൾ അഞ്ജലി കോയമ്പത്തൂർ സ്വദേശിനിയായ കൗസല്യ എന്നിവരാണ് കവർച്ചക്കിരയായത്. ഇവരുടെ മൊബൈൽ ഫോണും ആഭരണങ്ങളും പ്രതി കൊള്ളയടിച്ചു. തീവണ്ടിയിലെ എസ് 1, എസ് 2 കോച്ചുകളിലാണ് ഇവർ സഞ്ചരിച്ചിരുന്നത്.അഗ്‌സർ ബാഗ്ഷാ എന്ന സ്ഥിരം കുറ്റവാളിയാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. അഗ്‌സറിനെതിരെ സമാന കേസുകൾ നേരത്തെയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭക്ഷണത്തിൽ ലഹരി മരുന്ന് കലർത്തിയാണ് ഇവരെ ബോധരഹിതരാക്കിയെന്നാണ് സംശയം.

ചെങ്ങന്നൂരിലെ ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് തിരുവല്ല സ്വദേശിയായ വിജയക്ഷ്മിയും മകൾ അഞ്ജലിയും കേരളത്തിലേക്ക് വന്നത്. ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് എത്തിയ തീവണ്ടിയിൽ ബോധരഹിതരായ നിലയിൽ റെയിൽവേ ജീവനക്കാർ ഇവരെ കണ്ടെത്തുകയായിരുന്നു. തുടർന്ന് റെയിൽവേ പൊലീസ് ഇരുവരേയും തൈക്കാട് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വിജയലക്ഷ്മിയുടെയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളും മോഷണം പോയതായാണ് പരാതി. നിസ്സാമുദ്ദീനിൽ നിന്നും കായംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളും.കൗസല്യയുടെ കമ്മലാണ് നഷ്ടമായത്. മൂവരും ഡൽഹിയിൽ നിന്നാണ് ട്രെയിൻ കയറിയത്. സേലത്തിനും കോയമ്പത്തൂരിനും ഇടയ്ക്ക് വച്ചാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

മോഷണത്തിനിരയായ വീട്ടമ്മയുടെയും മകളുടെയും മൊഴി രേഖപ്പെടുത്തി. വിജയലക്ഷ്മി അസ്ഗറിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ കമ്പാർട്ടുമെന്റിൽ ഉണ്ടായിരുന്നുവെന്നും ഭക്ഷണം പുറത്തു വച്ച് കൈ കഴുകാൻ പോയി തിരിച്ചു വരുമ്പോൾ ഇയാൾ തന്റെ ബാഗിലേക്ക് എന്തോ ഇട്ടതായും വിജയലക്ഷ്മി പറയുന്നു. യാത്രക്കിടെ ഇയാൾ തങ്ങളെ ശ്രദ്ധിച്ചിരുന്നതായും വിജയലക്ഷ്മി പറയുന്നു.

ട്രെയിൻ തിരുവനന്തപുരത്ത് എത്തിയപ്പോൾ മൂവരേയും ബോധരഹിതരായി ട്രെയിനിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. അമ്മയും മകളും ഒരു ബോഗിയിലും ആലുവ സ്വദേശിയായ സ്ത്രീ മറ്റൊരു ബോഗിയിലുമാണ് കിടന്നിരുന്നത്. ട്രെയിനിൽ നിന്ന് ഇവരെ ഉടൻ തന്നെ തൈക്കാട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിജയലക്ഷ്മിക്ക് ബോധം തെളിഞ്ഞു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ബാഗിൽ സൂക്ഷിച്ച പത്ത് പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളും കാണാതായെന്ന് മനസിലായത്.

ഇതുസംബന്ധിച്ച് പൊലീസ് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് കോയമ്പത്തൂരിനും സേലത്തിനും ഇടയിൽ വച്ച് മോഷണം നടന്നിട്ടുണ്ടാകാം എന്ന സൂചനകൾ ലഭിച്ചത്. കോയമ്പത്തൂരിലെത്തും മുൻപ് മയക്കം വന്നതായി വിജയലക്ഷ്മി നൽകിയ മൊഴിയിൽ പറയുന്നു. സേലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഭക്ഷണം വാങ്ങിയിരുന്നുവെന്നും അതിന് ശേഷമാണ് മയക്കം വന്നതെന്നും മൊഴിയിൽ പറയുന്നു.

മയക്കുമരുന്ന് കലർത്തിയ ഭക്ഷണം മനപ്പൂർവം നൽകിയ ശേഷമായിരിക്കാം മോഷണം നടന്നത് എന്നാണ് പൊലീസ് പറയുന്നത്. വിജയലക്ഷ്മിയും മകളും കായംകുളം റെയിൽവേ സ്റ്റഷനിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. കൗസല്യ ആലുവയിലും. ബോധരഹിതരായി കിടന്നതിനാൽ മൂവരും തിരുവനന്തപുരത്ത് എത്തുകയായിരുന്നു.